കൊച്ചി: കേരള സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വി.സി നിയമനം നിയമപരമല്ലെന്ന സിംഗിൾബെഞ്ച് ഉത്തരവിനെതിരെ ചാൻസലർ കൂടിയായ ഗവർണറും വി.സിമാരും നൽകിയ അപ്പീൽ ഹർജി അന്തിമ വാദത്തിനായി ഹൈക്കോടതി ഇന്നത്തേക്ക് മാറ്റി. രണ്ട് വി.സിമാരുടെയും കാലാവധി മേയ് 27ന് പൂർത്തിയായെങ്കിലും നിയമപരമായ തീരുമാനങ്ങളെടുക്കരുതെന്ന നിർദ്ദേശത്തോടെ 30 വരെ തുടരാൻ കഴിഞ്ഞ ദിവസം കോടതി നിർദ്ദേശിച്ചിരുന്നു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അധികാരമില്ലാതെയാണ് ചാൻസലർ വി.സി നിയമനം നടത്തിയതെന്നും സിംഗിൾബെഞ്ച് ഉത്തരവ് ഇതു പരിഗണിച്ചാണെന്നും അഡ്വക്കേറ്റ് ജനറൽ ബോധിപ്പിച്ചു.
റാഗിംഗ് നിയമ ഭേദഗതി:
മുൻ ഉത്തരവുകളും
പരിഗണിക്കാൻ നിർദ്ദേശം
കൊച്ചി: റാഗിംഗ് തടയാൻ നിയമങ്ങൾ ഭേദഗതി ചെയ്യുമ്പോൾ കോടതികളുടെ മുൻ ഉത്തരവുകളും യു.ജി.സി ചട്ടങ്ങളും പരിഗണിക്കണമെന്ന് ഹൈക്കോടതി. നിലവിലെ നിയമപ്രകാരം റാഗിംഗ് കേസുകളിൽ ക്രിമിനൽ നടപടി സ്വീകരിക്കുന്നതിനടക്കം പരിമിതികളുണ്ട്. ഇതിനൊക്കെ പരിഹാരമാകുന്ന മാറ്റങ്ങളാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ച് വ്യക്തമാക്കി.
റാഗിംഗ് നിയമങ്ങൾ കർശനമായി നടപ്പാക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
റാഗിംഗ് നിരോധന നിയമഭേദഗതി ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ചെയർമാനായി രൂപീകരിച്ച വർക്കിംഗ് ഗ്രൂപ്പ് പരിഗണിക്കുന്നുണ്ടെന്ന് സർക്കാർ വിശദീകരിച്ചു. ഭേദഗതിയുടെ കരട് തയ്യാറായി. അന്തിമരൂപം നൽകാൻ സമയം വേണമെന്നും ബോധിപ്പിച്ചു. ഹർജി പിന്നീട് പരിഗണിക്കും.
ലഹരി ഉപയോഗം:
പഠനം വേണമെന്ന്
ഹൈക്കോടതി
കൊച്ചി: വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് പഠനം വേണമെന്ന് ഹൈക്കോടതി. പത്തു വർഷത്തിനിടെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, ഏത് പ്രായക്കാർ,ഉപയോഗം കൂടുതൽ ഏതു മേഖലയിൽ,ഉപയോഗരീതികൾ എന്നിവയെക്കുറിച്ച് പഠനം ആവശ്യമാണ്. ഈ വിവരങ്ങൾ ഇല്ലാതെ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ,ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. നിലപാട് അറിയിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി. ജൂൺ 12ന് വീണ്ടും പരിഗണിക്കും. ലഹരിമരുന്ന് ഉപയോഗം തടയാൻ നടപടി ആവശ്യപ്പെട്ട് എറണാകുളം സ്വദേശി സുമി ജോസഫാണ് ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |