പി.എസ്.സിയും സർക്കാരും യോഗം ചേരണമെന്ന് ഹൈക്കോടതി
കൊച്ചി: ഫോറൻസിക് പരിശോധനാ ഫലം ലഭിക്കാത്തതിനെത്തുടർന്ന് സംസ്ഥാനത്ത് വൈകിയത് 529 ലഹരിമരുന്ന് കേസുകളുടെ വിചാരണ. ഹൈക്കോടതി നിർദ്ദേശപ്രകാരം വിവിധ കോടതികളിൽ നിന്ന് രജിസ്ട്രി ശേഖരിച്ച കണക്കാണിത്. വിചാരണ വൈകുന്നത് കുറ്റവാളികൾക്ക് ജാമ്യം കിട്ടാനും കുറ്റം ആവർത്തിക്കാനും കാരണമായേക്കുമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിലയിരുത്തി.ഫോറൻസിക് ലാബുകളിൽ ജീവനക്കാരുടെ കുറവുണ്ടെങ്കിൽ പരിഹരിക്കാൻ സർക്കാരും പി.എസ്.സിയും സംയുക്ത യോഗം വിളിക്കണമെന്നും അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ നടപടികൾ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ലാബുകളിലെ ഒഴിവുകൾ അറിയിക്കാനും വിഷയത്തിൽ സർക്കാരും പി.എസ്.സിയും ആശയവിനിമയം നടത്താനും 3ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കെട്ടിക്കിടക്കുന്ന ലഹരിക്കേസുകളുടെ എണ്ണം അറിയിക്കാനും ആവശ്യപ്പെട്ടു. കേസുകളുടെ എണ്ണം രജിസ്ട്രി അറിയിച്ചു. എന്നാൽ ഒഴിവുകൾ അറിയിക്കാൻ സർക്കാരിനായില്ല. പി.എസ്.സിയുമായി ആശയവിനിമയവും നടത്തിയില്ല.
മിക്കവാറും ഒഴിവുകളും നികത്തിയെന്നും ശേഷിക്കുന്നവ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തെന്നുമാണ് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി അറിയിച്ചത്. കേസുകൾ കെട്ടിക്കിടക്കാൻ കാരണം ജീവനക്കാരുടെ കുറവാണെങ്കിൽ ഒഴിവുകളെത്രയെന്ന് കൃത്യമായി അറിയിക്കണമെന്ന് ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. തുടർന്നാണ് സംയുക്തയോഗം ചേരാൻ കോടതി ആവശ്യപ്പെട്ടത്. കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ നടപടി ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജിയടക്കമാണ് കോടതി പരിഗണിക്കുന്നത്.
കെട്ടിക്കിടക്കുന്ന
ലഹരിക്കേസുകൾ
ജില്ലാ സെഷൻസ് കോടതികൾ............ 418
സ്പെഷ്യൽ കോടതികൾ............................ 94
മജിസ്ട്രേറ്റ് കോടതികൾ............................ 17
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |