70 ഇടങ്ങളിൽ മരം വീണു
30ഓളം വാഹനങ്ങൾക്ക് കേടുപാട്
തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ വീശിയടിച്ച കാലവർഷക്കാറ്റിൽ കനത്ത നാശനഷ്ടം.50 കിലോമീറ്റർ വേഗതയിലുള്ള കാറ്റാണ് നഗരത്തിൽ നാശം വിതച്ചത്.കനത്ത മഴയേയും കാറ്റിനെയും തുടർന്ന് ഇന്നലെ തിരുവനന്തപുരം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.കാറ്റിലും മഴയിലും നഗരത്തിലെ 70 ഇടങ്ങളിൽ മരം വീണു.മരം വീഴ്ചയിൽ കാറും ഇരുചക്രവാഹനങ്ങളുമുൾപ്പെടെ 30 വാഹനങ്ങൾക്ക് കേടുപാട് പറ്റി.പേട്ട ശിവൻകോവിലിന് സമീപത്തെ കൂറ്റൻ ആൽമരം വൈകിട്ടോടെ കടപുഴകി വീണു.മരം വീണ് സമീപത്തെ പുതിയതായി നിർമ്മിച്ച മൂന്നുനില റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിന് കേടുപാടുകൾ സംഭവിച്ചു.പേട്ട സ്വദേശിനി അനിതയുടെ ഉടമസ്ഥതയിലുള്ള കെടിട്ടത്തിന്റെ മുകളിലത്തെ സ്ളാബ്,കൈവരി എന്നിവ തകർന്നു.ഉള്ളൂർ ജംഗ്ഷനിൽ മരം വീണ് ഒരു കാറിനും നാല് ഇരുചക്രവാഹനങ്ങൾക്കും കേടുപാട് പറ്റി.ഉള്ളൂർ - കേശവദാസപുരം റോഡിൽ ഇസാഫ് ബാങ്കിന് സമീപം നിന്നിരുന്ന വൻമരമാണ് വൈകിട്ട് 7 മണിയോടെ റോഡിന് കുറുകെ വേരിളകി മറിഞ്ഞുവീണത്. റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന് മുകളിലൂടെയാണ് മരം വീണത്. വാഹനത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. റോഡിന് ഇരുവശത്തും പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾ പലതും മരത്തിനടിയിലായി. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. ഇലക്ട്രിക് പോസ്റ്റുകളും മറ്റ് കേബിളുകളും പൊട്ടിവീണതോടെ പ്രദേശത്തെ വൈദ്യുതിബന്ധവും തകരാറിലായി. ഇന്റർനെറ്റ് കേബിളുകൾക്കും തകരാർ സംഭവിച്ചു. മെഡിക്കൽ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഇതുവഴിയുള്ള വാഹനഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.ഉള്ളൂർ,മെഡിക്കൽകോളേജ്,പോങ്ങുംമൂട്,ശ്രീകാര്യം,ആക്കുളം,കുമാരപുരം റോഡിൽ ഇതുമൂലം രൂക്ഷമായ ഗതാഗതക്കുരുക്കാണുണ്ടായത്. നിരവധി ആംബുലൻസുകളും ഗതാഗതക്കുരുക്കിൽ അകപ്പെട്ടു. കവടിയാർ ജംഗ്ഷനിൽ കാറിന് മുകളിൽ മരം വീണ് കാറിന്റെ മുൻവശം തകർന്നു.കണ്ണമ്മൂല കുമാരപുരം റോഡിൽ മരം വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ മരം വീണ് കാറ് തകർന്നു.പേരൂർക്കട ജംഗ്ഷനിൽ കൂറ്റൻമരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് ഏറെനേരം ഗതാഗതം തടസപ്പെട്ടു.കവടിയാർ ജവഹർ നഗർ,പണ്ഡിറ്റ് നഗർ തുടങ്ങിയ സ്ഥലങ്ങളിലും മരം വീണു.പേരൂർക്കട ജില്ലാ ആശുപത്രി വളപ്പിൽ നിന്ന മരം പേവാർഡിനുമുകളിലേക്കും റോഡിലുമായി നിലംപൊത്തി.
ശ്രീകാര്യത്ത് ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. ചെല്ലമംഗലം ദേവീക്ഷേത്ത്രിന് സമീപം തുളസീദളത്തിൽ സന്തോഷ് - വിജി ദമ്പതികളുടെ ഇരുനില വീട്ടിലാണ് മരം വീണത്. വീടിന്റെ അടുക്കളയും സമീപത്തെ ഷീറ്റിട്ട ഭാഗവും ഭാഗികമായി തകർന്നു. ഇന്നലെ വൈകിട്ട് 6.45ഓടെയായിരുന്നു അപകടം.അപകട സമയത്ത് വീട്ടുകാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. അടുത്ത പുരയിടത്തിൽ നിന്ന കൂറ്റൻ പുളിമരമാണ് കടപുഴകിയത്. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാർ പറഞ്ഞു.
ഫയർഫോഴ്സ്
ഫയർഫോഴ്സിന്റെ ചെങ്കൽച്ചൂള,ചാക്ക എന്നിവിടങ്ങളിലെ മുഴുവൻ യൂണിറ്റും ഇന്നലെ നഗരത്തിലെ വിവിധയിടങ്ങളിലുണ്ടായിരുന്നു.ഒട്ടുമിക്ക പ്രദേശങ്ങളിലും
ഫയർഫോഴ്സെത്തിയാണ് മരങ്ങൾ മുറിച്ചു മാറ്റിയത്.
കെ.എസ്.ഇ.ബി
മരങ്ങൾ വീണ് 20ഓളം പോസ്റ്റുകൾ ഇന്നലെ നിലംപതിച്ചു.കെ.എസ്.ഇ.ബി യൂണിറ്റുകളും രാത്രി വൈകിയും തകരാർ പരിഹരിക്കാൻ പലയിടങ്ങളിലുമുണ്ടായിരുന്നു.
മഴയിൽ മുങ്ങി
തമ്പാനൂർ,ബേക്കറി ജംഗ്ഷൻ,ചാക്ക,അട്ടക്കുളങ്ങര ബൈപ്പാസ്,ബീമാപ്പള്ളി,പൂന്തുറ,പട്ടം,തേക്കുംമൂട്,ബണ്ട് കോളനി,ഉള്ളൂർ,മാണിക്ക്യവിളാകം,മണക്കാട് എന്നിവിടങ്ങൾ വെള്ളത്തിൽ മുങ്ങി. ചാക്കയിൽ വൈകിട്ട് അതിരൂക്ഷ വെള്ളക്കെട്ടിനെ തുടർന്ന് ഏറെ നേരം ഗതാഗതകുരുക്കുണ്ടായി.
വൈദ്യുതി മുടങ്ങി
നഗരത്തിലെ വിവിധയിടങ്ങളിൽ മരം വീണ് വൈദ്യുതി തടസമുണ്ടായി.പേട്ട,കണ്ണമ്മൂല,മെഡിക്കൽ കോളേജ്,കവടിയാർ,പാളയം,പട്ടം,പ്ളാമൂട്,കുറവൻകോണം,കോവളം തുടങ്ങിയയിടങ്ങളിൽ മരം വീണ് മണിക്കൂറോളം വൈദ്യുതി മുടങ്ങി.
വിഴിഞ്ഞത്ത് ഇന്നലെ നിരവധി സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. വെങ്ങാനൂർ,വിഴിഞ്ഞം,ഉച്ചക്കട,പെരിങ്ങമ്മല തുടങ്ങിയ ഭാഗങ്ങളിൽ വിവിധയിടങ്ങളിലായാണ് വൃക്ഷശിഖരങ്ങൾ ഒടിഞ്ഞു വീണത്. പല സ്ഥലങ്ങളിലും വൈദ്യുത കമ്പിക്ക് മുകളിലൂടെയാണ് മരങ്ങൾ വീണത്. ഇതുമൂലം മണിക്കൂറുകളോളം വൈദ്യുത തടസം നേരിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |