കണ്ണൂർ: ചാരവൃത്തി കേസിൽ അറസ്റ്റിലായ യൂട്യൂബ് വ്‌ളോഗർ ജ്യോതി മൽഹോത്ര കഴിഞ്ഞ ജനുവരിയിൽ കണ്ണൂർ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്രത്തിലെ വേട്ടയ്‌ക്കൊരുമകൻ തെയ്യത്തെ കണ്ട് തൊഴുതു വണങ്ങിയാണ് മടങ്ങിയത്. ജ്യോതിയുടെ കേരള സന്ദർശനം സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്. അധികം പ്രശസ്തമല്ലാത്ത ക്ഷേത്രമാണിത്.
ബഡ്ജറ്റ് ഫ്രണ്ട്ലി കേരള യാത്ര എന്ന പേരിലാണ് കേരള സന്ദർശനത്തിന്റെ വീഡിയോ ജ്യോതി യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. ഇതിലാണ് ആലക്കോട്ടെ തെയ്യക്കാവുമുള്ളത്. 2023ലാണ് ആദ്യം കേരളത്തിലെത്തിയത്. ഏറ്റവുമൊടുവിൽ ഒരാഴ്ചത്തെ സന്ദർശനത്തിന് ഡൽഹിയിൽ നിന്നു ബംഗളൂരു വഴിയാണ് കണ്ണൂരിലെത്തിയത്. കേരളത്തിൽ ജ്യോതിക്ക് ആരുടെയൊക്കെ സഹായം ലഭിച്ചെന്ന് കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്. കേരള പൊലീസും വിവരങ്ങൾ തേടുന്നുണ്ട്. ഒരു ടൂർ പാക്കേജ് ഗ്രൂപ്പ് വഴിയാണ് ജ്യോതിയുടെ യാത്രകളെന്നാണ് സൂചന.
ചാരവൃത്തി ആരോപിച്ച് ഇന്ത്യ പുറത്താക്കിയ പാകിസ്ഥാൻ എംബസി ഉദ്യോഗസ്ഥൻ ഡാനിഷ്, ഐ.എസ്.ഐ ഉദ്യോഗസ്ഥൻ അലിഹസൻ തുടങ്ങിയവരുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് ജ്യോതി അറസ്റ്റിലായത്. ജ്യോതിയുടെ ട്രാവൽ വിത്ത് ജോ എന്ന യൂട്യൂബ് ചാനലിൽ മൂന്നു ലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്.
ആലക്കാട് വനശാസ്താ ക്ഷേത്രം
കാശി വിശ്വനാഥ ക്ഷേത്രത്തിൽ കുടികൊള്ളുന്ന ശിവനോടൊപ്പം സ്വയംഭൂവായി വനശാസ്താവ് പ്രത്യക്ഷപ്പെട്ടുവെന്നു വിശ്വസിക്കുന്ന പുരാതന ക്ഷേത്രമാണിത്. കാവിനകത്താണ് ക്ഷേത്രം. ശ്രീകോവിലിന് മേൽക്കൂരയില്ല. ഉപദേവന്മാരായി ഗണപതി, വനദുർഗ, കിരാത ശിവൻ, ഊർപഴശി വേട്ടയ്‌ക്കൊരുമൻ എന്നിവരുമുണ്ട്. ഒന്നിടവിട്ട വർഷങ്ങളിൽ മകരം ഒന്ന്, രണ്ട് തീയതികളിലാണ് ഊർപ്പഴശി,വേട്ടയ്‌ക്കൊരുമകൻ തെയ്യങ്ങൾ കെട്ടിയാടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |