ആലുവ: കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് മയക്കുമരുന്നുകൾ വില്പന നടത്തുന്ന മൂന്നംഗസംഘം നൈട്രോസെപാം എന്ന മാരകലഹരിയുള്ള മയക്കുമരുന്നുകളുമായി എക്‌സൈസ് പിടിയിലായി.
ഇടുക്കി വെള്ളത്തൂവൽ തൊട്ടാപ്പുര വെട്ടിക്കാട്ടിൽ മാഹിൻ പരീത് (23), തിരുവനന്തപുരം നെടുമങ്ങാട് കല്ലറ ഷാൻ മൻസിൽ ഷാൻ ഹാഷിം (24), കൊല്ലം പുനലൂർ ചാരുവിള പുത്തൻവീട്ടിൽ നവാസ് ഷരീഫ് (20) എന്നിവരെയാണ് ആലുവ റേഞ്ച് ഇൻസ്‌പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോസംഘം തിങ്കളാഴ്ച ഉച്ചയോടെ പിടികൂടിയത്. മയക്കുമരുന്ന് കടത്താനുപയോഗിച്ച ആഡംബരകാറും 88 നൈട്രോസെപാം മയക്കുമരുന്ന് ഗുളികകളും ഇവരിൽ നിന്ന് കണ്ടെടുത്തു.
പിടിച്ചെടുത്തത് മാനസിക വിഭ്രാന്തിയുള്ളവർക്ക് നൽകുന്ന മരുന്നാണ്. ലഹരി ഉപഭോക്താക്കൾക്കിടയിൽ 'മാഡ് മാക്‌സ്' എന്ന പേരിലാണ് സംഘം അറിയപ്പെട്ടിരുന്നത്. ഷാഡോ ടീമംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത്കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സിയാദ്, ടി. അഭിലാഷ്, ഡ്രൈവർ സുനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഓപ്പറേഷൻ വിശുദ്ധി
മയക്കുമരുന്ന് മാഫിയാ സംഘങ്ങളെ തുടച്ച് നീക്കുന്നതിനായി എക്‌സൈസ്ആരംഭിച്ച 'ഓപ്പറേഷൻ വിശുദ്ധി'യുടെ ഭാഗമായി എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത്തിന്റെ മേൽനോട്ടത്തിൽ ആലുവ എക്‌സൈസ് റേഞ്ചിൽ രൂപീകരിച്ച ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്‌ഷൻ ഷാഡോ ടീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാഡ് മാക്‌സ് സംഘം വലയിലായത്. ഓൺലൈൻ ടാക്‌സി എന്ന വ്യാജേന ഇവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്നുകൾ വില്പന നടത്തിവരികയായിരുന്നു. സേലം, പുതുച്ചേരി എന്നിവിടങ്ങളിലുള്ള മയക്കുമരുന്ന് മാഫിയയുമായി പ്രതികൾക്ക് ബന്ധമുണ്ട്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളാണ് പ്രധാന ഇരകൾ. ആലുവയിലെ ഒരു പ്രമുഖ കോളേജിലെ വിദ്യാർത്ഥി സംഘങ്ങൾക്ക് സംഘം മയക്ക് മരുന്ന് കൈമാറാൻ വരുന്നുണ്ടെന്ന വിവരത്തെത്തുടർന്നായിരുന്നു അമ്പാട്ടുകാവിൽ എക്സൈസ് സംഘം തമ്പടിച്ചത്.
ആശുപത്രിയിൽ നിന്ന് മുങ്ങി,
കാർട്ടൺ ബോക്സിൽ നിന്ന് പൊക്കി
പിടിയിലായ മൂവർ സംഘത്തെ ആലുവ ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കെത്തിച്ചപ്പോൾ കൊല്ലം പുനലൂർ ചാരുവിള പുത്തൻവീട്ടിൽ നവാസ് ഷരീഫ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് എക്സൈസ് സംഘം പ്രതികളെ ആശുപത്രിയിൽ എത്തിച്ചത്. ജീപ്പിൽ നിന്നിറക്കി ആശുപത്രിയിലേക്ക് കയറുന്നതിനിടെ ഓടിയ നവാസ് ആശുപത്രിയിലെ ഏഴ് അടിയിലേറെ ഉയരമുള്ള മതിൽചാടിക്കടന്ന് സമീപത്തെ കെ.എസ്.ആർ.ടി.സി കോമ്പൗണ്ടിലേക്ക് രക്ഷപെട്ടു. എക്സൈസ് സംഘവും ആശുപത്രിയിലുണ്ടായിരുന്നവരും പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയിൽ സമീപത്ത്നിർമ്മാണം നടക്കുന്ന ഫ്ളാറ്റിലേക്ക് ഒരാൾ കയറുന്നതായി കണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം പത്തുനില ഫ്ളാറ്റിന്റെ എല്ലാ നിലയിലും കയറിയിറങ്ങി പരിശോധിച്ചു. പ്രതിയെ കണ്ടെത്താനാകാതെ ഇറങ്ങുമ്പോഴാണ് രണ്ടാമത്തെ നിലയിലിരുന്ന വലിയ കാർട്ടൺ ബോക്സ് അനങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളെ കാർട്ടൺബോക്സിൽനിന്ന് പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |