വാഷിംഗ്ടൺ: ഇന്ത്യയടക്കം ലോക രാജ്യങ്ങളിൽ നിന്ന് യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് അധിക തീരുവ പ്രഖ്യാപിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി തടഞ്ഞ് മാൻഹട്ടനിലെ രാജ്യാന്തര വ്യാപാര കോടതി. എന്നാൽ വാഷിംഗ്ടണിലെ ഫെഡറൽ കോടതിയിൽ സർക്കാർ അപ്പീൽ നൽകിയതോടെ വിധി താത്കാലികമായി സ്റ്റേ ചെയ്യപ്പെട്ടു. ഇതോടെ ട്രംപിന് താത്കാലിക ആശ്വാസമായി. അതേ സമയം, കേസുമായി ബന്ധപ്പെട്ട നിയമ നടപടികൾ തുടരും.
അടിയന്തര നിയമം പ്രയോഗിച്ച് രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തിയ ട്രംപ് അധികാര പരിധി ലംഘിച്ചെന്ന് വ്യാപാര കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. തീരുവകൾ പിൻവലിക്കാൻ വൈറ്റ് ഹൗസിന് 10 ദിവസത്തെ സമയം നൽകി. പിന്നാലെയാണ് വിധിക്കെതിരെ വൈറ്റ് ഹൗസ് അപ്പീൽ നൽകിയത്. ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു വ്യാപാര കോടതിയുടെ വിധി. ട്രംപിന്റെ നീക്കം സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് കാട്ടി ഏതാനും യു.എസ് സ്ഥാപനങ്ങളും സംസ്ഥാനങ്ങളും ചേർന്നാണ് കോടതിയെ സമീപിച്ചത്.
അന്യായമായ വ്യാപാര ഇടപാടുകളുടെ പേരിൽ ഏകദേശം 60 രാജ്യങ്ങൾക്ക് ട്രംപ് ഉയർന്ന ഇറക്കുമതി തീരുവ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്ക് 26 ശതമാനവും യൂറോപ്യൻ യൂണിയന് 20 ശതമാനവും വിയറ്റ്നാമിന് 46 ശതമാനവും തായ്‌ലൻഡിന് 36 ശതമാനവുമാണ് പ്രഖ്യാപിച്ചത്. ഏപ്രിൽ 9ന് നിലവിൽ വരേണ്ടിയിരുന്നെങ്കിലും 90 ദിവസത്തേക്ക് താത്കാലികമായി മരവിപ്പിച്ചു. പകരം 10 ശതമാനം തീരുവ ഏർപ്പെടുത്തി. മെക്സിക്കോ, കാനഡ, ചൈന എന്നിവയ്ക്കും വിവിധ കാരണങ്ങൾ കാട്ടി അധിക തീരുവകൾ ചുമത്തിയിരുന്നു.
# ട്രംപിന് പ്രതികൂലം
യു.എസ് കോൺഗ്രസിന്റെ അംഗീകാരം തേടുന്നതിനുപകരം, എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ട്രംപ് തീരുവകൾ ഉയർത്തിയത്
നീക്കം ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐ.ഇ.ഇ.പി.എ) പ്രകാരം
ഈ നിയമം യു.എസിന് പുറത്ത് നിന്നുള്ള അസാധാരണമായ ഭീഷണികളോട് പ്രതികരിക്കാൻ പ്രസിഡന്റുമാർക്ക് വിശാലമായ അധികാരം നൽകുന്നു
ട്രംപിന്റെ നടപടികൾ ഈ നിയമത്തിന്റെ പരിധികൾക്കും അപ്പുറമാണെന്ന് വ്യാപാര കോടതിയുടെ വിലയിരുത്തൽ
# വെടിനിറുത്തലിന് പിന്നിൽ ട്രംപെന്ന് വാദം
ഇന്ത്യ - പാകിസ്ഥാൻ വെടിനിറുത്തലിന് പിന്നിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലെന്ന് വീണ്ടും യു.എസ് വാദം. തീരുവ കേസ് പരിഗണിക്കുന്നതിനിടെ സർക്കാർ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് വാദം. ഇരു രാജ്യങ്ങൾക്കും യു.എസുമായി കൂടുതൽ വ്യാപാരം വാഗ്ദ്ധാനം ചെയ്തെന്നും ഇതോടെയാണ് പ്രശ്നം പരിഹരിച്ചതെന്നും ട്രംപിന്റെ വ്യാപാര നയങ്ങളെ അനുകൂലിക്കാനായി സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ പറയുന്നു. താരിഫ് നയങ്ങൾക്കുണ്ടാകുന്ന തിരിച്ചടി വെടിനിറുത്തൽ ധാരണയെ ബാധിക്കുമെന്നും അവകാശപ്പെട്ടു. അതേ സമയം, വാദത്തെ ഇന്ത്യ തള്ളി. വെടിനിറുത്തലും ട്രംപുമായി ബന്ധമില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |