ബൊഗോറ്റ: ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാനിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിച്ച കൊളംബിയയുടെ നടപടി നിരാശാജനകമെന്ന് ശശി തരൂർ എംപി. തീവ്രവാദികളെ അയയ്ക്കുന്നവരും സ്വയം പ്രതിരോധിക്കുന്നവരും തുല്യരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായുള്ള സർവകക്ഷി പ്രതിനിധി സംഘം നിലവിൽ കൊളംബിയയിലാണുള്ളത്.
'കൊളംബിയൻ സർക്കാരിന്റെ പ്രതികരണത്തിൽ ഞങ്ങൾ അൽപം നിരാശരാണ്. ഭീകരതയുടെ ഇരകളോട് സഹതാപം കാണിക്കുന്നതിനുപകരം, ഇന്ത്യൻ ആക്രമണങ്ങൾക്ക് ശേഷം പാകിസ്ഥാനിൽ ഉണ്ടായ ജീവഹാനിയിലാണ് സർക്കാർ അനുശോചനം പ്രകടിപ്പിച്ചത്. സ്വയം പ്രതിരോധത്തിനുള്ള അവകാശം മാത്രമാണ് ഞങ്ങൾ വിനിയോഗിക്കുന്നത്. സാഹചര്യങ്ങളെക്കുറിച്ച് കൊളംബിയയോട് വിശദീകരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. കൊളംബിയ നിരവധി തീവ്രവാദ ആക്രമണങ്ങൾ നേരിട്ടതുപോലെ ഞങ്ങളും നേരിടുകയാണ്. നാല് ദശകത്തോളം ഞങ്ങൾ അനേകം ഭീകരാക്രമണങ്ങളെ നേരിട്ടു.
പാകിസ്ഥാന്റെ പ്രതിരോധ സംവിധാനങ്ങളിൽ 81 ശതമാനവും നൽകുന്നത് ചൈനയാണ്. പാകിസ്ഥാന്റെ ഉപകരണങ്ങളിൽ കൂടുതലും പ്രതിരോധത്തിനല്ല, മറിച്ച് ആക്രമണത്തിനാണ് ഉപയോഗിക്കുന്നത്. ഭീകരവാദത്തിനെതിരായാണ് ഞങ്ങൾ വഴക്കിടുന്നത്'- തരൂർ വ്യക്തമാക്കി.
പനാമ, ഗുയാന എന്നിവിടങ്ങൾ സന്ദർശിച്ചതിനുശേഷം തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്നലെയാണ് കൊളംബിയയിലെത്തിയത്. പഹൽഗാം ഭീകരാക്രമണത്തിനുശേഷം അന്താരാഷ്ട്ര സമൂഹവുമായി ബന്ധപ്പെടുന്നതിനായി 33 രാജ്യങ്ങൾ സന്ദർശിക്കാൻ ഇന്ത്യ നിയോഗിച്ച ഏഴ് ബഹുകക്ഷി പ്രതിനിധി സംഘങ്ങളിൽ ഒന്നാണ് തരൂരിന്റെ സംഘം. സർഫ്രാസ് അഹമ്മദ് (ജാർഖണ്ഡ് മുക്തി മോർച്ച), ജി എം ഹരീഷ് ബാലയോഗി (തെലുങ്ക് ദേശം പാർട്ടി), ശശാങ്ക് മണി ത്രിപാഠി (ബിജെപി), ഭുവനേശ്വർ കലിത (ബിജെപി), മിലിന്ദ് ദിയോറ (ശിവസേന), തേജസ്വി സൂര്യ (ബിജെപി), യുഎസിലെ മുൻ അംബാസഡർ തരംജിത്ത് സിംഗ് സന്ധു എന്നിവരാണ് തരൂരിന്റെ സംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |