മോഹൻലാലിന്റെയും ശോഭനയുടെയും മകളായി മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച അമൃതവർഷിണി നിറഞ്ഞ സന്തോഷത്തിൽ.ബ്ളോക് ബസ്റ്ററായ ആദ്യ സിനിമ 'തുടരും "ഇപ്പോഴും തിയേറ്ററിൽ .പവിത്ര എന്ന മിടുക്കി പെൺകുട്ടിയായി എത്തി അമൃതവർഷിണി പ്രേക്ഷകരുടെ ഇഷ്ടം നേടി. അറിയപ്പെടുന്ന ഇൻഫ്ളുവൻസറായതിനാൽ സോഷ്യൽ മീഡിയയിൽ അമൃത വർഷിണിക്ക് ആരാധകരേറെയാണ്. പുഷ്പ 2വിലെ ' മല്ലിക ബാണന്റെഅമ്പുകളോ " പാട്ടിനു റീൽ ചെയ്തപ്പോൾ സാക്ഷാൽ രശ്മിക മന്ദാന വരെ കമന്റ് ചെയ്തു. ഇതോടെ ആരാധകരും ഇരട്ടിച്ചു.'ജൂനിയർ രശ്മിക മന്ദാന" എന്ന വിളി പേരുമായി. കൊച്ചിൻ നേവൽ ബേസിലെ കേന്ദ്രീയ വിദ്യാലയത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയായ അമൃത വർഷിണി അലതല്ലുന്ന ആഹ്ളാദത്തിൽ സംസാരിച്ചു.
നാലാം ടേക്കിൽ
ഓകെ
ഓഡിഷൻ വഴിയാണ് 'തുടരും" സിനിമയയിൽ എത്തുന്നത് . തരുൺ സാറാണ് ഓഡിഷന് നൽകിയ രണ്ട് സിറ്റുവേഷന്റെയും ഡയലോഗ് പറഞ്ഞ് തന്നത്. 'ഇനിയും കാണാം "എന്ന് ഓഡിഷനുശേഷം പറഞ്ഞു . എന്നാൽ വിളിക്കുമെന്ന് പ്രതീക്ഷ ഇല്ലായിരുന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ സെലക്ട് ചെയ്തെന്ന് പറഞ്ഞ് വിളിച്ചു. ആദ്യത്തെ ഷോട്ട് നാല് ടേക്ക് വരെ പോയി . എന്നിട്ടാണ് ഓകെ ആയത്. ഞാനടക്കംഎല്ലാവരും ആരാധിക്കുന്ന ലെജൻസിന്റെ കൂടെയാണ് അഭിനയിക്കുന്നത്. അവരുടെ മുന്നിൽ നിന്ന് എങ്ങനെ ചെയ്യണം എന്നൊക്കെ പേടിയുണ്ടായിരുന്നു ആദ്യം.കുട്ടിക്കാലം മുതൽ ഞാൻ ശോഭന മാമിന്റെ ആരാധികയാണ്. ഗാനരംഗത്തിലാണ് ആദ്യമായി ലാലേട്ടനെപ്പം അഭിനയിച്ചത്. ഡയലോഗ് ഇല്ലാത്തതുകൊണ്ട് പ്രത്യേകിച്ച് പേടി ഒന്നും ഉണ്ടായില്ല. എന്നാൽ ശോഭന മാമിന്റെ കൂടെ അഭിനയിച്ചപ്പോൾ ഡയലോഗ് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പേടിയും . ലാലേട്ടനും ശോഭന മാമും ഉൾപ്പെടെ എല്ലാരും വലിയ സ്നേഹത്തോടെയും വാത്സല്യത്തോടെയും ആണ് പെരുമാറിയത്.
തുടരും തുടരണം
കുട്ടിക്കാലം മുതൽ അഭിനയത്തോട് താത്പര്യമുണ്ട്. നാലുവയസു മുതൽ നൃത്തം പഠിക്കുന്നു .ആർ.എൽ.വി പ്രദീപ് സാറാണ് ഗുരു . ഡാൻസ് വീഡിയോകൾ ചെയ്താണ് തുടക്കം. അതിനുശേഷം കുറച്ച് റിയാക്ഷൻ വീഡിയോ ചെയ്തു. എല്ലാവരും നല്ല കമന്റ് ചെയ്തു. ആ വീഡിയോയ്ക്ക് രശ്മിക മന്ദാന അപ്രതീക്ഷിതമായി കമന്റിട്ടപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം വന്നു. രശ്മികയുടെ കമന്റിന് ഒരുപാട് ലൈക് കിട്ടി .സിനിമ ഇറങ്ങിയതിനു ശേഷം സ്കൂളിൽ പോയില്ല. കൂട്ടുകാരും പ്രിൻസിപ്പലും അദ്ധ്യാപകരും എല്ലാം വിളിച്ചു. നല്ല അഭിപ്രായം പറഞ്ഞു.സിനിമയിൽ തന്നെ തുടരാനാണ് ആഗ്രഹം. ഡെർമറ്റോളജിസ്റ്റും ആകണം. കോഴിക്കോട് കൊയിലാണ്ടി ആണ് നാട്.അച്ഛൻ പ്രവീൺ. നേവൽ ബേസിലാണ് ജോലി . അമ്മ സായി പ്രവീൺ. ഇരട്ട സഹോദരൻ ആദിത്യ ദേവ് . ചോറ്റാനിക്കര അമ്പാടിമലയിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |