കാലയവനികയ്ക്കുള്ളിൽ മറഞ്ഞ് കാൽ നൂറ്റാണ്ട് കഴിഞ്ഞെങ്കിലും പരിചയിച്ചവരുടെയും വായിച്ചവരുടെയും 'ഉള്ളിൽ കിന്നാരം പറയുന്ന ഒരാൾ" ഉണ്ട് - ഗുരു നിത്യചൈതന്യ യതി. 'തുമ്പപ്പൂ മുതൽ സൂര്യൻ വരെ" ഏത് വിഷയത്തെക്കുറിച്ചും അയത്ന ലളിതമായി, ആധികാരികതയോടെ സംസാരിക്കുകയും എഴുതുകയും ചെയ്തിരുന്ന യതി. തന്റെ ലാവണ്യാനുഭവങ്ങളും സൗന്ദര്യാനുഭവങ്ങളും അനുവാചകരുമായി പങ്കുവച്ച സന്യാസി. 'സഞ്ചരിക്കുന്ന സർവകലാശാല"യെന്നാണ് ആരാധകർ അദ്ദേഹത്തെ സ്നേഹാദരപൂർവം വിശേഷിപ്പിച്ചത്. വേദോപനിഷത്തുകളും ഗീതയും ബൈബിളും ഖുറാനും ശ്രീനാരായണ ഗുരുവിന്റെ കൃതികളും ഉൾപ്പെടെ പൗരസ്ത്യ - പാശ്ചാത്യ ദർശനങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ആത്മീയാചാര്യനായിരുന്നു യതി. സ്വമാതാവിന്റെ ആഗ്രഹ പൂർത്തീകരണമെന്ന നിലയിൽ സന്യാസി ആയിത്തീർന്ന ഒരു അപൂർവ സന്യാസിയാണ് ഗുരു നിത്യചൈതന്യ യതി (1924 - 1999).
നിത്യ ഗുരുവിന്റെ ജന്മശതാബ്ദി വർഷത്തിൽ (2024) അദ്ദേഹത്തെക്കുറിച്ച് ജനങ്ങൾക്ക് സാമാന്യമായി മനസിലാക്കുവാൻ ഉതകുന്ന തരത്തിൽ കൈപ്പുസ്തകം പോലെ ഒന്ന് എഴുതുന്നത് നന്നായിരിക്കുമെന്ന ചിന്തയിലാണ് എഴുത്തുകാരനും സ്വതന്ത്ര മാദ്ധ്യമ പ്രവർത്തകനുമായ പി.ആർ. ശ്രീകുമാർ, 'നിത്യതയുടെ ചൈതന്യം" എന്ന ജീവചരിത്രം എഴുതിയിരിക്കുന്നത്. കഥാപുരുഷന്റെ ആന്തരിക ഭാവം വെളിപ്പെടുത്തുന്നതാണ് ഗ്രന്ഥശീർഷകം. ഗുരു നിത്യചൈതന്യയതി അദ്ധ്യക്ഷപദം അലങ്കരിച്ചിരുന്ന നാരായണ ഗുരുകുലത്തിന്റെ ബന്ധുവും സഹചാരിയുമാണ് ശ്രീകുമാർ. ഗുരു നിത്യയുമായും മുനി നാരായണപ്രസാദ് ഉൾപ്പെടെ നിത്യയുമായി ബന്ധപ്പെട്ട മഹദ് വ്യക്തികളുമായും ആശയവിനിമയം നടത്തി ഈ ജീവചരിത്രത്തിന്റെ ആധികാരികത ഉറപ്പുവരുത്താൻ ശ്രീകുമാർ പരമാവധി പരിശ്രമിച്ചിട്ടുണ്ട്.
വർക്കല നാരായണ ഗുരുകുലത്തിലും ഊട്ടി ഫേൺഹിൽ ഗുരുകുലത്തിലും ഗുരു നിത്യചൈതന്യയതിയോടൊപ്പമുള്ള ഏതാനും വർഷങ്ങളിലെ സഹവാസവും സംസർഗം മൂലം ആർജ്ജിക്കാൻ കഴിഞ്ഞ ജ്ഞാനവുമാണ് ഗ്രന്ഥരചനയുടെ ഒരു സ്രോതസ് എന്ന് ശ്രീകുമാർ രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീനാരായണ സാഹിത്യത്തിന് പി.ആർ. ശ്രീകുമാർ ഇതിനകം നൽകിയ സംഭാവനകൾ സവിശേഷ പ്രാധാന്യം അർഹിക്കുന്നു. പൂർവാശ്രമത്തിലെ ജയചന്ദ്രന്റെ ബാല്യ- കൗമാര കാണ്ഡങ്ങളിൽ തുടങ്ങി പരിവ്രാജകനായി വിശാല ലോകത്തിലൂടെ സഞ്ചരിച്ച് നടരാജഗുരുവിലൂടെ നാരായണ ഗുരുവിനെ അറിഞ്ഞ് ജ്ഞാനസൂര്യനായി അസ്തമിച്ച നിത്യചൈതന്യയതി- ആ മഹാപുരുഷന്റെ സഫലവും സാർത്ഥകവുമായ ജീവിതം 14 അദ്ധ്യായങ്ങളിലൂടെ നിറക്കൂട്ടുകളില്ലാതെ സത്യസന്ധമായി ഗ്രന്ഥകാരൻ ആലേഖനം ചെയ്തിരിക്കുന്നു.
നാരായണ ഗുരുകുലത്തിന്റെ ഇപ്പോഴത്തെ അദ്ധ്യക്ഷൻ മുനി നാരായണ പ്രസാദ് എഴുതിയ 'ഗുരു നിത്യചൈതന്യയതിയുടെ" രണ്ടു മുഖങ്ങൾ എന്ന ലേഖനം അനുബന്ധമായി ചേർത്തിരിക്കുന്നു. അനുബന്ധം രണ്ടിൽ, ഗുരു നിത്യയുടെ സ്വതന്ത്ര കൃതികൾ, വ്യാഖ്യാനങ്ങൾ, വിവർത്തനങ്ങൾ, ലേഖന സമാഹാരങ്ങൾ ഉൾപ്പെടെ 118 മലയാള കൃതികളുടെയും 41 ഇംഗ്ളീഷ് കൃതികളുടെയും പട്ടികയും, യതിയുടെ ജിവിതവും കൃതികളും ആസ്പദമാക്കി ഡോക്ടറേറ്റ് നേടിയവരുടെ വിവരങ്ങളും കാലക്രമമനുസരിച്ച് 1924 മുതൽ 1999 വരെയുള്ള ജീവിതരേഖയും ചേർത്തിരിക്കുന്നു.
ആത്മീയതയും ഭൗതികതയും സമന്വയിപ്പിച്ച് തത്വചിന്ത, ശാസ്ത്രമേഖല, സാഹിത്യം, സംഗീതം, ചിത്രകല, ശില്പകല തുടങ്ങി വിവിധ വിഷയങ്ങളിൽ എഴുത്തിലും പ്രഭാഷണത്തിലും ഒരു വിശാല ലോകമാണ് ഗുരു നിത്യചൈതന്യയതി നമുക്കു മുന്നിൽ തുറന്നിട്ടത്. ആ മഹാപുരുഷനെക്കുറിച്ചുള്ള തുടർ പഠനങ്ങൾക്ക് പി.ആർ. ശ്രീകുമാർ എഴുതിയ 'നിത്യതയുടെ ചൈതന്യം" എന്ന ജീവചരിത്രം വഴിവിളക്കാകുമെന്ന് തീർച്ച.
പ്രസാധകർ:
ഡി.സി. ബുക്സ്, കോട്ടയം
വില: 206 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |