ബംഗളൂരു ഇൻഫോസിസ് ഉദ്യോഗസ്ഥനായ കാസർകോട് സ്വദേശി സന്തോഷ് അനന്തപുരയുടെ ആദ്യ കഥാസമാഹാരമാണ് 'കാക്കയും കടലപ്പരിപ്പ് പായസവും." കന്നഡയിലെഴുതിയ പുസ്തകം സുധാകരൻ രാമന്തളിയാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ലളിതമായ ആഖ്യാനശെെലിയാണ് സന്തോഷിന്റേത്. ചില അപ്രതീക്ഷിത സംഭവങ്ങൾ ജീവിതത്തെ മാറ്റിമറിക്കുന്നതിനെ സൂക്ഷ്മതയോടെ വിശകലനം ചെയ്യുന്ന പതിനൊന്ന് കഥകളുണ്ട് ഇതിൽ. 'കാക്കയും കടലപ്പരിപ്പ് പായസവും" എന്ന ശീർഷകകഥ തന്നെയാണ് ഇതിന് ഉദാഹരണം.
കടലപ്പരിപ്പ് പായസത്തോട് കൊതിയുള്ള ശ്രീപാദഭട്ടയാണ് ഇതിലെ കേന്ദ്രകഥാപാത്രം. ദേഹണ്ഡക്കാരനായ അദ്ദേഹത്തെ ജോലിക്കുള്ള യാത്രാമദ്ധ്യേ ഒരു കാക്ക മുതുകത്ത് കൊത്തി ഇടതു ചെവിക്കരികിലൂടെ പറന്നുപോയി. മരണാനന്തര ജീവിതത്തിലും പിതൃക്കളിലും വിശ്വസിക്കുന്ന ശ്രീപാദയുടെ ചിന്തയും ജീവിതവും ഇതോടെ കീഴ്മേൽ മറിയുന്നു. ജോലിക്കു പോകാൻ താത്പര്യമില്ലാതാകുന്നു. ഒന്നിലും മനസ് ഉറയ്ക്കാതാകുന്നു. പരേതാത്മാക്കൾക്ക് ശാന്തി ലഭിക്കാത്തതാണോ കാരണമെന്ന അനാവശ്യ ആകുലതകളിലേക്ക് ആഴ്ന്നിറങ്ങുന്നു.
ചിന്തകളുടെ ഊരാക്കുടുക്കുണ്ടാക്കി അതിൽ സ്വയം പിണഞ്ഞു കിടക്കുകയാണ് അയാൾ. അതിൽ നിന്ന് മോചനമില്ല. ഒടുവിൽ ഭക്ഷണം പോലുമില്ലാതെ ശരീരം ക്ഷയിക്കുന്നു. അപ്പോഴും അയാളെ കാക്കകൾ തുടരെ ആക്രമിക്കുന്നു. മരണാസന്നനായ അയാളെ ഒരു കാക്ക മരക്കൊമ്പിലിരുന്ന് നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു. അജ്ഞാതമായ ചില ഭീതികൾ നമ്മെ അലട്ടാറുണ്ട്. ഭയക്കാത്ത ഒരു ദിവസവും ജീവിതത്തിലുണ്ടാകാറില്ല. എന്തോ ഒന്ന് ഒരു കാര്യവുമില്ലാതെ മനുഷ്യരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
മംഗളൂരു സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കഥയാണ് 'ചെണ്ട." ദീപാരാധനയ്ക്കു ശേഷം പുഴ കടന്നു വരേണ്ട അച്ഛനെയും കാത്തിരിക്കുന്ന മകളുടെ ചിന്തകളിൽ അച്ഛനെക്കുറിച്ചുള്ള ആകുലതകൾ നിറയുന്നതാണ് പ്രമേയം. ചെണ്ടകൊട്ടുകാരനായ അച്ഛനെയും മഴയുടെ തുടികൊട്ടിനെയും പരമശിവന്റെ തുടിയെയും ബന്ധിപ്പിച്ചുള്ള കഥാഖ്യാനം വായനക്കാരനിൽ ഉദ്വേഗം ജനിപ്പിക്കുന്നു. തന്റെ അമ്മയിൽ നിന്ന് അച്ഛന് ഏൽക്കേണ്ടിവന്ന മാനസിക പീഡനത്തെപ്പറ്റി ശാലിനി ചിന്തിക്കുന്നു. അച്ഛനോടുള്ള അനുതാപമായി അത് വളരുന്നു. ഗർഭിണിയായ അവൾ, അച്ഛൻ അഭ്യസിപ്പിച്ച ചെണ്ടകൊട്ട് തുടങ്ങുന്നു.
അതിന്റെ കൊട്ടിക്കയറ്റത്തിൽ, പെരുമഴയത്ത് പരിക്ഷീണനായ അച്ഛനെ ചുമലിലേന്തിക്കൊണ്ട് ഒരാൾ വീട്ടിലെത്തുന്നു. ചെണ്ട കൊട്ടിന്റെ താളം ഗർഭസ്ഥ ശിശുവിലേയ്ക്കും പകർന്നാടുന്നു. തലമുറകളിലേക്ക് വാസനാബലം പടരുന്നതിന്റെ ശക്തമായ സൂചനകൾ നൽകുന്നതാണ് ഈ കഥ. ആദ്ധ്യാത്മിക പശ്ചാത്തലമുള്ള കഥകളും ഒന്നിലേറെയുണ്ട്. 'കി...കാ..." എന്ന, ഒരാളിലെ ദ്വന്ദ്വങ്ങൾ തമ്മിലുള്ള ഭാഷണമായി പരീക്ഷണ കഥയുമുണ്ട്. മറ്റു കഥകൾ: ഒഴുകുന്ന ലഹരിയുടെ അരുവി, സംസാര ബന്ധനാത്, പറയാനാവാത്ത ഞാൻ, വിശ്വസിച്ച ദെെവം, ജന്മാന്തരം, ഗന്ധം.
പ്രസാധകർ: കെെരളി ബുക്സ്
വില: 230 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |