തിരുവനന്തപുരം: പ്രളയ ഭീതിയുയർത്തി തിമിർത്തു പെയ്യുന്ന മഴയിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടം. ഇന്നലെ ആറുപേർ മരിച്ചു. 10 മത്സ്യത്തൊഴിലാളികളെയടക്കം 12പേരെ കാണാതായി. മുന്നൂറോളം വീടുകൾ തകർന്നു. പലയിടത്തും റോഡുകൾ മുങ്ങി. നദികൾ കരകവിഞ്ഞു. ആളുകളെ മാറ്റിപ്പാർപ്പിച്ചു. മരങ്ങൾ വീണ് റോഡ്- റെയിൽ ഗതാഗതം താറുമാറായി. വൈദ്യുതിബന്ധം നിലച്ച് പല പ്രദേശങ്ങളും ഇരുട്ടിലായി. ശക്തമായ കാറ്ര് നാശനഷ്ടങ്ങളുടെ തോതുകൂട്ടി.
അഞ്ചുദിവസം കൂടി മഴയ്ക്ക് സാദ്ധ്യത. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറയുന്നതിനാൽ തീവ്രത കുറഞ്ഞേക്കും. ഇന്ന് 14 ജില്ലകളിലും യെല്ലോ അലർട്ട്. നദികളിൽ പ്രളയ സാദ്ധ്യതാ മുന്നറിയിപ്പുണ്ട്.
വടക്കൻ ജില്ലകളിലാണ് കനത്ത നാശനഷ്ടം. കാസർകോട്ട് പ്രളയ സമാന സ്ഥിതിയാണ്. ശക്തമായ കാറ്റിൽ വിവിധയിടങ്ങളിലായി ആയിരത്തോളം മരങ്ങൾ കടപുഴകി. 500ലധികം വൈദ്യുതി പോസ്റ്റുകൾ നിലംപതിച്ചു.
വിഴിഞ്ഞത്തു നിന്ന് മൂന്ന് വള്ളങ്ങളിലായി കടലിൽ മത്സ്യബന്ധനത്തിനുപോയ 9പേർ തിരികെ എത്തിയില്ല.
വിഴിഞ്ഞത്തുതന്നെ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ വള്ളംമറിഞ്ഞ് പുല്ലുവിള സ്വദേശി ആന്റണി തദയൂസ് (52) മരിച്ചു. ഒരാളെ കാണാതായി. കോട്ടയം പനച്ചിക്കാട് പാറയ്ക്കൽക്കടവിന് സമീപം പാടത്ത് വള്ളംമറിഞ്ഞ് കൊല്ലാട് വി.ജെ.ജോബി (36), പോളച്ചിറയിൽ അരുൺ സാം (37) എന്നിവർ മരിച്ചു.
ആലപ്പുഴയിൽ വെള്ളംകയറിയ വീട്ടിൽ തിരുമല വട്ടപ്പറമ്പിൽ അനിരുദ്ധനെ (70) മരിച്ചനിലയിൽ കണ്ടെത്തി. കുപ്പപ്പുറത്ത് തെങ്ങ് കയറുന്നതിനിടെ കാൽവഴുതി കായലിൽവീണ കായിപ്പുറം സ്വദേശി രഞ്ജിത്തിനെ കാണാതായി. എറണാകുളം തിരുമാറാടിയിൽ മരംവീണ് തൊഴിലുറപ്പ് തൊഴിലാളി അന്നക്കുട്ടി (85) മരിച്ചു. കാസർകോട് മധൂർ പട്ലയിൽ പാലക്കുന്ന് സ്വദേശി സാദ്ദിഖ് (36) പുഴയിൽ വീണുമരിച്ചു.
468% അധിക മഴ
1. ഒരാഴ്ചയ്ക്കിടെ പെയ്‌തത് 395.5 മി.മീറ്റർ മഴ. ലഭിക്കേണ്ടിയിരുന്നത് 69.6 മി.മീറ്റർ. 468% അധികം
2.പാലക്കാട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ
ജില്ലകൾക്ക് ഒരു
കോടി വീതം
കാലവർഷക്കെടുതി നേരിടാൻ ജില്ലകൾക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് ഒരുകോടി വീതം അനുവദിച്ചു. കോർപ്പറേഷനുകൾക്ക് അഞ്ചു ലക്ഷം, നഗരസഭകൾക്ക് മൂന്നു ലക്ഷം, പഞ്ചായത്തുകൾക്ക് ഒരു ലക്ഷം. നഗരങ്ങളിലെ വെള്ളപ്പൊക്ക ലഘൂകരണ പ്രവൃത്തികൾക്കായി തിരുവനന്തപുരം, കോഴിക്കോട് ജില്ലകൾക്ക് രണ്ടുകോടി വീതവും അനുവദിച്ചു.
66
നിലവിലെ ക്യാമ്പുകൾ
1,894
മാറ്റിപ്പാർപ്പിച്ചവർ
3 ജില്ലകളിൽ അവധി
കോട്ടയം, കൊല്ലം, ഇടുക്കി ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |