ഒരാഴ്ച മുമ്പുവരെ, കടുത്ത വേനലിൽ ഉരുകുന്ന റോഡുകൾക്കു മീതെ ഒരു കാക്കക്കാലിന്റെ തണലെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നു കൊതിച്ചിരുന്നവരാണ്, കാലവർഷത്തിനൊപ്പം കലിപൂണ്ട് ചുഴറ്റിയടിക്കുന്ന കാറ്റിൽ ഏതുനിമിഷം പൊട്ടിവീഴാവുന്ന മരക്കൊമ്പുകളെയും കടപുഴകാവുന്ന വഴിയോര വൃക്ഷങ്ങളെയും പേടിച്ച് വഴിമാറിപ്പോകുന്നത്. കാലവർഷം തുടങ്ങിയതിനു ശേഷം പലവിധ മഴക്കെടുതികളിൽ ഇതുവരെ മുപ്പതിലധികം പേർ മരണമടഞ്ഞപ്പോൾ, അതിൽ ആറുപേരുടെ ജീവൻ അപഹരിച്ചത് മരങ്ങളാണ്. ജീവാപായത്തിനു പുറമേയാണ് വാഹനങ്ങൾക്കു മീതെയും വീടുകൾക്കു മീതെയും മരങ്ങൾ വീണുണ്ടായ വ്യക്തിഗത നഷ്ടങ്ങളും, വൈദ്യുതി ലൈനുകളിലും ട്രാൻഫോർമറുകൾക്കു മീതെയും മരക്കൊമ്പുകൾ വീണും മറ്റും വൈദ്യുതി വകുപ്പിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന കഷ്ടനഷ്ടങ്ങളും. ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് കെ.എസ്.ഇ.ബിക്ക് ഇതുമൂലമുണ്ടായ നഷ്ടം 138 കോടി രൂപയാണ്!
ഗതാഗത തടസം ഉൾപ്പെടെയുള്ളവ കാരണമുണ്ടായ ബുദ്ധിമുട്ടുകളും നഷ്ടവും കൂടി കണക്കിലെടുത്താൽ ഇത്തവണ മഴക്കെടുതികളിൽ ഏറ്റവും കടുത്ത വില്ളൻ വേഷം മരങ്ങൾക്കാണെന്ന് പറയേണ്ടിവരും! മൺസൂണിനൊപ്പം പതിവില്ലാത്ത വിധമാണ് ഇത്തവണ അതിശക്തമായ കാറ്റു കൂടി ദുരിതംവിതച്ച് എത്തിയത്. ആഞ്ഞടിക്കുന്ന കാറ്റിൽ വഴിയോരത്തെയും മറ്റും മരങ്ങളുടെ കൊമ്പുകൾ ഒടിഞ്ഞ്, ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്കു മീതെ വീഴുന്നതിനു പുറമെയാണ്, തുടർച്ചയായി പെയ്യുന്ന മഴയിൽ കുതിർന്ന് കനംവച്ചും, ഉറപ്പില്ലാത്ത മണ്ണിൽ വേരുകൾക്ക് വേണ്ടത്ര പിടിത്തമില്ലാതെയും വലിയ വൃക്ഷങ്ങൾ കൂടി നിലംപൊത്തുന്നത്. കാലവർഷമെന്നത് നമ്മുടെ ഋതുചക്രത്തിലൊന്നാണ്. ജൂൺ മാസത്തിൽ അത് പെയ്തുതുടങ്ങുമെന്ന് നേരത്തേ അറിയാം. ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ കാരണം സംഭവിക്കാവുന്ന വിനകളും അപകടങ്ങളും മുൻകൂട്ടിക്കണ്ട് കൊമ്പുകളുടെ കോതിയൊതുക്കലും, പ്രായംചെന്ന് അപകടാവസ്ഥയിലായ മരങ്ങൾ പാടെ മുറിച്ചുമാറ്റലുമൊക്കെ നേരത്തേ ചെയ്യാവുന്ന പണികളാണ്.
പൊതുനിരത്തുകളുടെ ഓരങ്ങളിലെയും, ജനസഞ്ചാരമുള്ള വഴികളിലേക്ക് ചരിഞ്ഞുനിൽക്കുന്നവയുമായ മരങ്ങൾ മഴസീസണിനു മുമ്പേ വെട്ടിയൊതുക്കേണ്ട ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ട്. വീടുകൾക്കു മുകളിലേക്ക് ചരിഞ്ഞും പടർന്നും നിൽക്കുന്ന മരങ്ങളും ചില്ലകളും അതത് വീട്ടുടമസ്ഥർ നീക്കംചെയ്യുന്നുവെന്ന് ഉറപ്പാക്കാനുള്ള ചുമതല റസിഡന്റ്സ് അസോസിയേഷനുകൾക്കുമുണ്ട്. അവർ ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളാതിരിക്കുകയോ, നിഷേധാത്മക നിലപാട് സ്വീകരിക്കുകയോ ചെയ്യുമ്പോൾ തദ്ദേശസ്ഥാപനങ്ങളുടെ സഹായം തേടാം. വൈദ്യുതി ലൈനുകളിലേക്ക് വീഴാവുന്ന വിധത്തിൽ നിൽക്കുന്ന മരങ്ങളെക്കുറിച്ച് യഥാസമയം വൈദ്യുതി ബോർഡിനെ അറിയിക്കാം. ഇങ്ങനെ, വ്യക്തിഗതമായ ശ്രദ്ധയും, റസിഡന്റ്സ് അസോസിയേഷനുകളുടെ സാമൂഹിക ശ്രദ്ധയും, തദ്ദേശ സ്ഥാപനങ്ങൾ വഴി സർക്കാരിന്റെ ശ്രദ്ധയുമുണ്ടെങ്കിൽ ഇത്തരം അപകടങ്ങൾ പലതും ഒഴിവാക്കാവുന്നതേയുള്ളൂ.
'മരം വരമാണ്" എന്ന വനംവകുപ്പിന്റെ സന്ദേശവും പ്രകൃതിസ്നേഹികളുടെ മുദ്രാവാക്യവും ശരിതന്നെ. അവയെ വരമായിക്കണ്ടുതന്നെ പരിപാലിക്കുകയും വേണം. പക്ഷേ, മനുഷ്യജീവനും സ്വത്തുവകകൾക്കും നാശം വരുത്തിയേക്കാവുന്ന വിധത്തിൽ വളർന്നു പടർന്നാൽ വെട്ടിമാറ്റുക തന്നെ വേണം. വൈദ്യുതി ബോർഡിന് മരംവീഴ്ച മൂലമുണ്ടായ കോടികളുടെ നഷ്ടം ഇനി, അധിക ചാർജായോ മറ്റോ ഉപഭോക്താക്കളുടെ തലയിൽ വരുമോ എന്നത് കണ്ടറിയണം. വീടിനു മുകളിലും മതിലിനു മുകളിലുമൊക്കെ മരങ്ങൾ വീണുണ്ടായ നഷ്ടങ്ങൾ ഉടമകൾ തന്നെ സഹിക്കേണ്ടിയും ചെലവ് വഹിക്കേണ്ടിയും വരും. പൊതുനിരത്തുകളിലും മറ്റും ഗതാഗത തടസമുണ്ടാക്കും വിധം വീഴുന്ന ചില്ലകളും വൃക്ഷങ്ങളും എത്രയും വേഗം വെട്ടിമാറ്റുന്നതിന് അഗ്നിരക്ഷാ സേനാ പ്രവർത്തകരും, വൈദ്യുതി തടസം നീക്കാൻ കെ.എസ്.ഇ.ബി ജീവനക്കാരും നടത്തുന്നത് രാപകലില്ലാതെ വിശ്രമരഹിതമായ ജോലിയാണ്. മഴക്കാലത്തിനു മുമ്പു തന്നെ ഇക്കാര്യത്തിൽ ഒരു ഓഡിറ്റ് നടത്തി, സുരക്ഷിതത്വം ഉറപ്പുവരുത്തുവാനുള്ള നടപടികൾ ഇനിയെങ്കിലും സ്വീകരിക്കുക തന്നെ വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |