മുസ്സോറി ഐ.എ.എസ് അക്കാഡമിയിൽ 1998-99 ൽ ഒരു ട്രെയിനിയായിരിക്കെ പ്രശസ്ത പരിശീലകനും ബീഹാർ കേഡർ ഐ.എ.എസുകാരനുമായ പ്രൊഫ. സന്തോഷ് മാത്യു ഒരു സുഹൃദ്സായാഹ്നത്തിൽ എന്നോടു ചോദിച്ചു: 'കേരളത്തിലേക്കല്ലേ പോകുന്നത്? എന്താണ് താങ്കൾക്കു പ്രാവീണ്യമുള്ള സുകുമാരകല?" അല്പസ്വല്പം സ്വകല്പിത രചനകൾ നടത്തും; ചില്ലറ കാർട്ടൂൺ വരയ്ക്കും എന്നല്ലാതെ ജനപ്രിയമായ ഒരു സുകുമാരകലയും എന്റെ പക്കൽ ഇല്ലെന്നറിഞ്ഞപ്പോൾ സന്തോഷ് മാത്യു പ്രകടമായ നിരാശയോടെ പറഞ്ഞു:
'എന്നാൽ കേരളത്തിലെ താങ്കളുടെ പുരോഗതി വളരെ പ്രയാസമാകും. കുറഞ്ഞത് കുറച്ച് ഓട്ടൻതുള്ളലോ ചാക്യാർകൂത്തോ എങ്കിലും ഉടനെ ശീലിച്ചുകൊള്ളൂ. സിനിമയുമായി ബന്ധപ്പെട്ടതാണെങ്കിൽ ഏറെ നല്ലത്. കഥാപ്രസംഗം, ഗാനരചന, പിന്നണിപ്പാട്ട്, തിരക്കഥ, നൃത്തം, സ്റ്റണ്ട്... എന്തെങ്കിലും."
കാലാന്തരേണ പ്രൊഫ. മാത്യുവിന്റെ വിമർശനം അച്ചട്ടാണെന്ന് മനസിലായി. ഒരിക്കൽ അത്തരമൊരു കലാഹൃദയനുമായി സർവീസിൽ ചില്ലറ നിയമയുദ്ധം വേണ്ടിവന്നു. കേസിന്റെ ആവശ്യത്തിന് അവധിയെടുത്ത് കൊച്ചിക്ക് ട്രെയിനിൽ പോകുകയാണ്. എതിരെയിരുന്ന, പ്രൗഢയായ ഒരു വയോധികയെ പരിചയപ്പെട്ടു. ഞാൻ പരാമവധി ഒളിപ്പിച്ചെങ്കിലും സ്വതസിദ്ധമായ സ്‌ത്രൈണ കൗതുകത്തോടെ 'തോണ്ടിത്തൊണ്ടി," ഞാനൊരു ഐ.എ.എസുകാരനാണെന്ന് അവർ മനസിലാക്കി.
യാത്ര പറയുമ്പോൾ ടിയാരി ഏകപക്ഷീയമായ ഒറ്റ അനുഗ്രഹം- 'മോൻ വളർന്ന് സീനിയറാവുമ്പോൾ ഐ.എ.എസിലെ ............. (പേര്) സാറിനെപ്പോലെ വലിയൊരു കലാകാരനാകണം." ദയവായി അങ്ങനെമാത്രം എന്നെ ശപിക്കരുത് അമ്മച്ചീ എന്നു ഞാൻ. കാരണം 'ആ കലാഹൃദയവാനെ ഒഴിവാക്കി എന്റെ തസ്തിക തിരിച്ചുപിടിക്കാനാണ് നല്ല പണച്ചെലവുള്ള കേസും കോടതി യാത്രയുമൊക്കെ!
ഇത്രയും കാലത്തെ അനുഭവത്തിൽ നിന്ന്, അത്യപൂർവ ഘട്ടങ്ങളിലല്ലാതെ ഐ.എ.എസിലെ കലാഹൃദയങ്ങൾ അനാവശ്യ സങ്കീർണതകൾ മാത്രമാണ് തൊഴിലിടത്തിൽ സൃഷ്ടിക്കുന്നതെന്ന് നിസംശയം പറയാം. അവരുടെ കലാഹൃദയങ്ങൾ നിർമ്മലമാണെങ്കിലും തലച്ചോറുകൾക്ക് അഹംബോധം കൂടും. തങ്ങൾ മാത്രമല്ല തങ്ങളുടെ സാമാന്യം വികലസൃഷ്ടികൾപോലും വിമർശനാതീതമാണ് എന്നു കരുതിപ്പോന്നിരുന്ന കലാകാരന്മാരും കുറവല്ല.
കവികളും കലാകാരന്മാരും സർവീസിൽ സമൃദ്ധമാണെങ്കിലും ഭരണാധികാരികളെ മുഖദാവിൽ വാഴ്ത്തിപ്പാടുന്നതും അക്ഷരാർത്ഥത്തിൽ പുകഴ്ത്തി വായ്പ്പാട്ടു പാടുന്നതും മറ്റും ഐ.എ.എസിൽ അത്യപൂർവമാണ്. ഉള്ളൂരൊന്നും ഉഗ്രരാജഭരണ കാലത്തുപോലും തിരുവിതാംകൂർ രാജസ്തുതിയൊന്നും അങ്ങനെ പദ്യത്തിൽ നടത്തിയിട്ടില്ല. ഇന്ന് ഉത്തരകൊറിയയിലും മറ്റുമാണ് സൈനികരും സർക്കാർ ഉദ്യോഗസ്ഥരും ഇത്തരം തികച്ചും ദേശസ്‌നേഹപരമായ പ്രകടനങ്ങളിൽ ഏർപ്പെടാറ്. നിലവിലെ ഭരണാധികാരിയുടെ ചെറുപ്പമായ മകൾ പോലും മിലിട്ടറി ജനറലും കൂടിയാണ്.
സാമ്രാജ്യത്വത്തിനെതിരെ പോരാടുന്ന ഒരുദാത്ത റിപ്പബ്ലിക്കായിട്ടാണ് ഉത്തരകൊറിയയുടെ കാറ്റുപിടിച്ച നമ്മുടെ കലാകാരന്മാർ പലരും കരുതിപ്പോരുന്നത്. പൊതുജനത്തിന് ക്യൂബൻ - കൊറിയൻ മാതൃകയും കലാഹൃദയങ്ങൾക്ക് പാശ്ചാത്യ നവമാതൃകകളും എന്ന മട്ടിലാണ് അവർ ചികിത്സകൾ പോലും നിർദ്ദേശിക്കാറ്. ഏതായാലും കൊറിയൻ സിവിൽ സർവീസുകാർ ഭരണാധികാരി വരുമ്പോൾ അവരുടെ മേന്മകൾ പാടിപ്പുകഴ്ത്തുന്നതായ ചെറുകിട സ്‌കിറ്റുകളും രൂപകങ്ങളും ശത്രുരാജ്യത്തിനെതിരെ അമ്പേ നശീകരണ ഭീഷണികളും മറ്റും മുഴക്കാറുണ്ട്. ഇതെല്ലാം കേട്ട് പ്രസന്നവദനനാകുന്ന സദാ പുകലിച്ചിരിക്കുന്ന ഭരണാധികാരിയുടെ ദീപ്തചിത്രം യൂട്യൂബിൽ ധാരാളം ലഭ്യമായതുകൊണ്ട് കൂടുതൽ വർണിക്കേണ്ടതില്ല.
മൂപ്പരുടെ വിമർശകന്മാരെയും പ്രതിയോഗികളെയും ഏറെ കലാപരമായാണ് അവിടെ ഒടുക്കാറ്. വിമാനവേധ തോക്കിനോടു ബന്ധിച്ച് വെടിവച്ചു തീർക്കുകയാണ് അവിടെ പതിവ്. അല്ലെങ്കിൽ ബോധം കെടുത്തിയശേഷം വിമാനത്തിലോ കോപ്ടറിലോ കയറ്റി നടുക്കടലിൽ കൊണ്ടു തള്ളുമത്രെ! ഭൗതികശരീരം തരിപോലും തിരിച്ചുകിട്ടില്ല. ശത്രുക്കൾ ആവിയായി അന്തരീക്ഷത്തിൽ ലയിക്കും. അല്ലെങ്കിൽ മത്സ്യഭക്ഷണമാവും.
ഇതൊന്നും നമ്മുടെ നാട്ടിലെ ചില കലാകാരന്മാർ അനുകരിക്കുമെന്ന് സ്വപ്നത്തിൽ കരുതിയതല്ല. പക്ഷേ അടുത്തിടെ കുറെ സേവന കലാകാരന്മാർ ഇത്തരം ആദരസൂചക ഗാനങ്ങൾ ആവിഷ്‌കരിക്കുന്നതും ആലപിക്കുന്നതും ശ്രദ്ധിച്ചു. ഒരു തെറ്റും ആർക്കും ആരോപിക്കാനാവാത്ത ഒരു സദ്പ്രവൃത്തിയാണത്. ഒരു മേന്മ കണ്ടാൽ താമസംവിനാ അതിനെ പുകഴ്ത്തി ഒരു ഗാനം സൃഷ്ടിച്ച് ജോലിക്ക് ഭംഗംവരാതെ റിഹേഴ്സ് ചെയ്ത് ഭംഗിയായി കൂട്ടമായി ആലപിക്കുന്നതിൽ എന്താണ് തെറ്റ്?
അതു കണ്ടപ്പോൾ ഞാൻ ചെറിയൊരു വാത് മറ്റൊരു ഐ.എ.എസുകാരനുമായി വച്ചു. താമസിയാതെ അഖിലേന്ത്യാ സർവീസ് അംഗങ്ങളിലും പ്രമുഖരെ വാഴ്ത്തിപ്പാടുന്ന ഒരു പ്രവണത രൂപപ്പെടുമെന്ന്. 'ഐ.എ.എസ്, ഐ.പി.എസുകാർ അങ്ങനെ ചെയ്യില്ല; അക്കാഡമിക മികവുള്ള അഭിമാനികളാണവർ" എന്നൊക്കെ പുള്ളി അപ്പോൾ തടസം പറഞ്ഞു. ഈയടുത്ത് ടിയാനെ മറ്റെന്തോ ആവശ്യത്തിന് ഫോണിൽ വിളിച്ചു. ഒന്നും അങ്ങോട്ടു ചോദിക്കേണ്ടി വന്നില്ല- 'കഷ്ടമാണ് കാര്യങ്ങൾ." അദ്ദേഹം മനസു തുറന്നു: 'മറ്റു സർവീസുകാർ ചെയ്യുന്നതുപോലെ ഐ.എ.എസുകാർ ചെയ്യാമോ? പക്ഷപാതം ആരോപിക്കപ്പെടാനിടയുള്ളതൊന്നും ഭരണഘടനാ സർവീസുകാർ ചെയ്യരുത്."
കുറെ കേട്ടശേഷം ഞാൻ പറഞ്ഞു - 'പ്രമുഖർക്ക് അപ്രിയമായ എന്തിനെയെങ്കിലും, ആശയമോ വ്യക്തിയെയോ പുകഴ്ത്തിനോക്കട്ടെ, അപ്പോഴറിയാം പുകഴ്ത്തിയാൽ എന്താ കുഴപ്പം എന്നതിന്റെ യഥാർത്ഥ അർത്ഥം. എനിക്കിതിലൊന്നും പരാതിയില്ല. പുകഴ്ത്തുന്നതിലും പുകഴ്ത്തിയവർക്ക് എന്തെങ്കിലും പട്ടും വളയും കിട്ടുന്നതിലും. പക്ഷേ പുകഴ്ത്തിപ്പുകഴ്ത്തി പണ്ട് പൂരം കണ്ട ഭട്ടതിരി പുകഴ്ത്തിയതു പോലാകരുത്."
'പൂരം കണ്ട ഭട്ടതിരി എന്താ ചെയ്തത്?" അദ്ദേഹം ചോദിച്ചു.
ശക്തന്റെ കാലത്ത് തൃശ്ശിവപേരൂർ പൂരം കണ്ട് വർണിച്ച ഭട്ടതിരി ആദ്യം തിടമ്പേറ്റിയ ഗജരാജനെ വർണിച്ചു പുകഴ്ത്തി. പിന്നെ മസ്തകത്തിലെ നെറ്റിപ്പട്ടം വർണ്ണിച്ചു. കൊമ്പുകളിൽ തുടങ്ങി ലക്ഷണമൊത്ത ആനയുടെ അംഗപ്രത്യംഗ വർണന. ലക്ഷണമൊത്ത ആനവാൽ മോതിരം ഉണ്ടാക്കാൻ മികച്ചതാണ് എന്ന വാൽഭാഗത്തെ രോമ വർണനയിലെത്തിയപ്പോൾ കേട്ടിരുന്ന മുഷ്‌കൻ കൃഷ്ണമേനോൻ മുറുക്കാൻ തുപ്പിക്കളഞ്ഞ് ഉറക്കെ പറഞ്ഞു-നിറുത്ത് നിറുത്ത് ! ആന കഴിഞ്ഞു. ഇനിയും കവനം ചെയ്താൽ താൻ ആനയിട്ട പിണ്ടം കൂടി ചേർത്തു വർണിക്കും എന്ന്.
ഇതൊക്കെ കൊണ്ട് പ്രശംസകർ തങ്ങളുടെ സുകുമാരകലയിൽ നിന്ന് പിന്തിരിഞ്ഞുകളയും എന്നൊന്നും കരുതേണ്ട. അവരത് ഉറക്കെയുറക്കെ തുടരും. കുറച്ചുകാലം മുൻപ് ഒരു പ്രൊഫസർ മിനിസ്‌ക്രീനിൽ നിറഞ്ഞു നിന്നിരുന്നു. ലൈക്കടി കൂടിയിട്ടും മാധ്യമ - പ്രശസ്തിജ്വരം ബാധിച്ച് ഒരുനാൾ അവർ ഏതോ ചെറു തടാകത്തിൽക്കിടന്ന് നീന്തിക്കുളിക്കുന്ന വീഡിയോവരെ പ്രദർശിപ്പിച്ചു കണ്ടു. അദ്ധ്യാപികയുടെ പരസ്യ നീന്തിക്കുളിയെ വിമർശിച്ചവരോട് അവർ പറഞ്ഞത്രെ: 'സിനിമാനടികൾക്ക് ആകാമെങ്കിൽ ഒരു പ്രൊഫസർക്ക് സ്വന്തം തേച്ചുനീന്തിക്കുളി യൂട്യൂബിലിട്ടാലെന്താ!"
സത്യത്തിൽ ഭയം തോന്നായ്കയില്ല. ഇത്തരം പ്രദർശനാത്മകത മൂത്ത് ഏതെങ്കിലും വ്ളോഗ് കലാകാരിയോ കലാകാരനോ ആത്മനിയന്ത്രണത്തിന്റെ അവശേഷിക്കുന്ന ചെറുകിളി കൂടി കൂടുവിട്ടുപോയി ഇത്തരം കടുത്ത പ്രയോഗങ്ങൾക്കെങ്ങാൻ മുതിരുമോ എന്ന്! അങ്ങനെ സംശയിച്ചാൽ നിഷ്‌കളങ്കമായ ഒരു ചോദ്യവും വരും: ഇടയ്ക്കിടെ ഇങ്ങനെ തേച്ചു നീന്തിക്കുളിക്കുന്നത് ഒരു തെറ്റാണോ സാർ! 'തെറ്റു പറ്റാത്തത് ആർക്കാണ്" എന്ന് പണ്ട് സിനിമാ കഥാപാത്രം ആരെയോ തിന്മാശേഷം സമാധാനിപ്പിച്ചു പറഞ്ഞത് ഉദ്ധരിച്ച് നിറുത്താമെന്നു തോന്നുന്നു.
(അഭിപ്രായം വ്യക്തിപരം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |