അബുദാബി: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ദുബായ് സന്ദർശനത്തിന്റെ ഭാഗമായി യു.എ.ഇയിൽ നിന്ന് തമിഴ്നാട്ടിലേക്ക് 4200 കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയായി. തമിഴ്നാട് മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. യു.എ.ഇ.യിലുള്ള പ്രവാസി ഇന്ത്യക്കാരിൽ നിന്നാണ് തമിഴ്നാട്ടിലേക്ക് നിക്ഷേപം ആകർഷിക്കുന്നത്. ഇന്ത്യൻ വ്യവസായികളുടെ പൊതുവേദിയായ ബിസിനസ് ലീഡേഴ്സ് ഫോറം ഒരുക്കിയ മുഖാമുഖത്തിൽ ഡി.പി. വേൾഡ് ഉൾപ്പെടെ പ്രമുഖ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ പര്യടനങ്ങളുടെ അവസാന ഘട്ടത്തിലാണ് അദ്ദേഹം ദുബായിലെത്തിയത്. അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. ഇലക്‌ട്രിക് വാഹനനിർമാണം, ഇലക്‌ട്രോണിക്സ്, ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ഭക്ഷ്യസംസ്‌കരണം ഉൾപ്പെടെയുള്ള മേഖലകളിലെ ആയിരക്കണക്കിന് പദ്ധതികളിലേക്കാണ് തമിഴ്‌നാട് നിക്ഷേപകരെ ക്ഷണിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ. ഷൺമുഖം, വ്യവസായ മന്ത്രി എം.സി. സമ്പത്ത്, റവന്യൂ മന്ത്രി ആർ.ബി.ഉദയകുമാർ, ക്ഷീരവികസന മന്ത്രി കെ.ടി. രാജേന്ദ്ര ബാലാജി എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘം മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |