ന്യൂഡൽഹി: വാഹന നിയമലംഘനങ്ങൾക്ക് സെപ്‌തംബർ ഒന്നുമുതൽ ഉയർന്ന പിഴ പ്രാബല്യത്തിൽ വന്നതോടെ, ഇൻഷ്വറൻസ് കമ്പനികൾ കൊയ്യുന്നത് വൻ നേട്ടം. പുതിയ മോട്ടോർ വാഹന നിയമമനുസരിച്ച് ഇൻഷ്വറനസ് സർട്ടിഫിക്കറ്ര് ഇല്ലാത്ത വാഹനം നിരത്തിലിറക്കിയാൽ 2,000 രൂപ വരെ പിഴയും മൂന്നുമാസം വരെ തടവും ശിക്ഷ കിട്ടും. തെറ്ര് വീണ്ടും ആവർത്തിച്ചാൽ പിഴ 4,000 രൂപയായി ഉയരും. ജയിൽ ശിക്ഷ മൂന്നുമാസത്തേക്കും കിട്ടാം.
ഉയർന്ന ശിക്ഷ ഭയന്ന് വാഹന ഉടമകൾ ഇൻഷ്വറൻസ് തേടി എത്തുന്നത് വർദ്ധിച്ചുവെന്ന് ഈ രംഗത്തെ കമ്പനികൾ വ്യക്തമാക്കി. നടപടികൾ പൂർണമായും ഡിജിറ്റലും ഏറെ ലളിതവും ആയതിനാൽ, ഇൻഷ്വറൻസ് പുതുക്കലിനും നല്ല തിരക്കുണ്ട്. പുതിയ ടൂ വീലർ ഇൻഷ്വറൻസ് വിതരണത്തിൽ സെപ്‌തംബർ ഒന്നുമുതൽ 300 ശതമാനം വരെ വർദ്ധന തങ്ങൾക്കുണ്ടായെന്ന് ഡിജിറ്റ് ഇൻഷ്വറൻസ് കമ്പനി ചീഫ് ഡിസ്‌ട്രിബ്യൂഷൻ ഓഫീസർ ജസ്‌ലീൻ കോഹ്‌ലി പറഞ്ഞു.
ഓൺലൈൻ മോട്ടോർ ഇൻഷ്വറൻസ് വിതരണം കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 500 ശതമാനം വർദ്ധിച്ചുവെന്ന് പോളിസി ബസാർ.കോം ബിസിനസ് ഹെഡ് സജ്ജാ പ്രവീൺ ചൗധരി പറഞ്ഞു. പോളിസി ബസാറിന്റെ പ്ളാറ്ര്‌ഫോമിലൂടെ രാജ്യത്ത് ഇപ്പോൾ പ്രതിദിനം 67,000 പോളിസികൾ ശരാശരി വിതരണം ചെയ്യുന്നുണ്ട്. പോളിസി പുതുക്കൽ അപേക്ഷകളിൽ വർദ്ധന 50 ശതമാനത്തോളമാണ്. മോട്ടോർ ഇൻഷ്വറൻസ് വിതരണത്തിൽ വരും ദിനങ്ങളിലും വലിയ വളർച്ച ദൃശ്യമാകുമെന്ന് എസ്.ബി.ഐ ജനറൽ ഇൻഷ്വറൻസ് റീ - ഇൻഷ്വറൻസ് വിഭാഗം തലവൻ സുബ്രഹ്‌മണ്യം ബ്രഹ്‌മജോസ്യൂലയും സൂചിപ്പിച്ചു.
ചെറുകാർ വിപണിക്ക്
ഇതു ക്ഷീണകാലം
'സ്വന്തമായി ഒരു കാർ" എന്ന സ്വപ്‌നം പൂവണിയിക്കാൻ സാധാരണക്കാരൻ ആശ്രയിക്കുന്ന എൻട്രി-ലെവൽ മോഡലുകൾ നടപ്പു സാമ്പത്തിക വർഷത്തെ (2019-20) ഏപ്രിൽ മുതൽ ആഗസ്‌റ്റ് വരെയുള്ള അഞ്ചു മാസക്കാലയളവിലുണ്ടായ വില്‌പന നഷ്‌ടം 56 ശതമാനം. 2011-12ൽ ഇന്ത്യൻ വിപണിയിൽ എൻട്രി-ലെവൽ കാറുകളുടെ വില്‌പന വിഹികം 25 ശതമാനമായിരുന്നു. ഈവർഷം അത് എട്ട് ശതമാനത്തിലേക്ക് ചുരുങ്ങി. 2018-19ൽ ഇത് 10 ശതമാനമായിരുന്നു.
കഷ്‌ടിച്ച് മൂന്നര മീറ്റർ നീളവും ഒരു ലിറ്റർ എൻജിൻ ശേഷിയുമുള്ള കാറുകളാണ് എൻട്രി-ലെവൽ അഥവാ ചെറുകാർ ശ്രേണിയിലുള്ളത്. ഇന്ത്യയിലെ ഇടത്തരം കുടുംബങ്ങളുടെ വാഹന ശ്രേണിയാണിത്. താരതമ്യേന ഏറ്റവും കുറഞ്ഞ വിലയുള്ള ഈ ശ്രേണിയിലെ വില്‌പന ഇടിവ്, രാജ്യത്തെ സാമ്പത്തിക ഞെരുക്കത്തിന്റെ രൂക്ഷതയാണ് വ്യക്തമാക്കുന്നത്.
14%
കഴിഞ്ഞ രണ്ടു വർഷത്തിനിടെ എൻട്രി-ലെവൽ കാറുകളുടെ വിലയിലുണ്ടായ വർദ്ധന 12-14 ശതമാനമാണ്.
8%
മൊത്തം കാർ വില്‌പനയിൽ 2011-12ൽ 25 ശതമാനമായിരുന്നു എൻട്രി-ലെവൽ ശ്രേണിയുടെ വിഹിതം. ഈവർഷം അത് എട്ട് ശതമാനമായി കുറഞ്ഞു.
ജി.എസ്.ടി കുറയ്ക്കണം: മാരുതി ചെയർമാൻ
വാഹനം വാങ്ങുന്നതിനും പരിപാലിക്കുന്നതിനുമുള്ള ഉയർന്ന ചെലവാണ് വിപണിയിൽ നിന്ന് ഉപഭോക്താക്കളെ അകറ്റുന്നതെന്ന് മാരുതി ചെയർമാൻ ആർ.സി. ഭാർഗവ പറഞ്ഞു. ബാങ്ക് വായ്‌പാ വിതരണം കുറഞ്ഞതിനാൽ പണലഭ്യത ഇടിഞ്ഞു. എ.ബി.എസ്., എയർ ബാഗുകൾ തുടങ്ങിയവ വേണമെന്ന നിർദേശം മൂലം വാഹനങ്ങളുടെ ഉത്‌പാദനച്ചെലവ് കൂടി.
വാഹന രജിസ്‌ട്രേഷൻ, ഇൻഷ്വറൻസ് ഫീസുകൾ കുത്തനെ കൂടി. പെട്രോൾ, ഡീസൽ നികുതിയും വർദ്ധിച്ചു. പുറമേ 28 ശതമാനം ജി.എസ്.ടി കൂടിച്ചേരുമ്പോൾ വാഹനവില താങ്ങാനാവാത്ത സ്ഥിതിയിലേക്ക് മാറുകയാണ് ഉപഭോക്താക്കൾ. ഇതാണ്, ആഭ്യന്തര വിപണി നേരിടുന്ന പ്രശ്‌നം. ജി.എസ്.ടി 18 ശതമാനമായെങ്കിലും കുറച്ചാൽ വാഹന വില കുറയുമെന്നും ഇത് വിപണിക്ക് നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |