തിരുവനന്തപുരം: മഹാകവി ഉള്ളൂർ എസ്.പരമേശ്വരയ്യരുടെ പേരിൽ ഏർപ്പെടുത്തിയ 2024ലെ പുരസ്കാരം കവിയും ഗാനരചയിതാവും കേരളകൗമുദി സ്‌പെഷ്യൽ പ്രോജക്ട് എഡിറ്ററുമായ മഞ്ചു വെള്ളായണിക്ക്. 'ജല ജമന്തികൾ' എന്ന കവിതാ സമാഹാരമാണ് 25,000 രൂപയും ശിൽപവും അടങ്ങുന്ന പുരസ്കാരത്തിനർഹമായത്. കഴിഞ്ഞ 5 വർഷത്തിനിടയിൽ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച കവിതാ സമാഹാരമെന്ന നിലയ്ക്കാണ് 'ജല ജമന്തികൾ' ഉള്ളൂർ സ്മാരക സമിതി തിരഞ്ഞെടുത്തതെന്ന് സെക്രട്ടറി എസ്.ജയശങ്കർ അറിയിച്ചു.
ഉള്ളൂർ എസ്.പരമേശ്വരയ്യരുടെ 148-ാം ജന്മദിനമായ ജൂൺ 6ന് വൈകിട്ട് 5.30ന് ഉള്ളൂർ സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ.ജയകുമാർ പുരസ്കാരം നൽകും. ഡോ.എം.ആർ.തമ്പാൻ അദ്ധ്യക്ഷത വഹിക്കും. ഡോ.എഴുമറ്റൂർ രാജരാജവർമ്മ സംസാരിക്കും.
25 പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മഞ്ചു വെള്ളായണി, കൗമുദി ടിവി 100 എപ്പിസോഡുകളായി സംപ്രേഷണം ചെയ്ത 'മഹാഗുരു'വിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിട്ടുണ്ട്. ഭാര്യ: അമ്പിളി. മക്കൾ: ശിശിര, ശ്രാവൺ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |