ബംഗളൂരു: സൂപ്പർതാരം വിരാട് കൊഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചത് ദിവസങ്ങൾക്ക് മുൻപാണ്. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് നായകൻ രോഹിത്ത് ശർമ്മ വിരമിച്ച് ദിവസങ്ങൾക്കകമാണ് കൊഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ദിവസങ്ങൾക്കകം ആരംഭിക്കുന്ന ഇന്ത്യയുടെ ഇംഗ്ളണ്ട് പര്യടന ടീമിലുണ്ടാകണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിട്ടും അത് ചെവിക്കൊള്ളാതെയാണ് കൊഹ്‌ലി വിരമിക്കൽ പ്രഖ്യാപിച്ചത്.
ഇതിനിടെ ഇതാ ഇപ്പോൾ വീണ്ടും വിരാട് കൊഹ്‌ലി ടെസ്റ്റിൽ മടങ്ങിവരണമെന്ന് ആവശ്യം ഉയരുകയാണ്. ബിസിസിഐ മുൻ ട്രഷററും ഇപ്പോൾ ഐപിഎൽ ചെയർമാനുമായ അരുൺ ധൂമലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കൊഹ്‌ലി ഭാഗമായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎൽ ഫൈനലിൽ എത്തിയശേഷമായിരുന്നു ധൂമലിന്റെ ഈ ആവശ്യം. ഇത്തവണ വിജയിക്കാനായാൽ ബംഗളൂരുവിന് കന്നി കിരീടനേട്ടമാണ്.
ആർസിബി കിരീടം സ്വന്തമാക്കിയാൽ കൊഹ്‌ലി വിരമിക്കുമോ എന്ന ചോദ്യത്തിനാണ് 'എനിക്കത് തോന്നുന്നില്ല,ഞാനത് മോഹിക്കുന്നില്ല' എന്ന് ധൂമൽ മറുപടി നൽകിയത്. ക്രിക്കറ്റിന്റെ ഏറ്റവും വലിയ അമ്പാസഡർ കൊഹ്‌ലിയാണ്. കഴിഞ്ഞ 18 സീസണിലും ഐപിഎല്ലിൽ കൊഹ്‌ലി കാണിച്ച അർപ്പണബോധം നോക്കിയാൽ വിരാട് ക്രിക്കറ്റിലെ ജോക്കോവിച്ചോ റോജർ ഫെഡററോ ആണെന്ന് ഞാൻ പറയും. അതുകൊണ്ട് അദ്ദേഹം ഐപിഎൽ കളിക്കുന്നത് തുടരാൻ ഞാനാഗ്രഹിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച അദ്ദേഹത്തിന്റെ തീരുമാനത്തെ പുനഃപരിശോധിക്കാനും ഞാൻ ആഗ്രഹിക്കുന്നുണ്ട്.
ഫിറ്റ്‌നസ് നോക്കിയാൽ ആദ്യ സീസണിലേതിലും 18-ാം സീസണിലും കൊഹ്‌ലി ഫിറ്റാണ്. ആർസിബി ജയിച്ചാലും ഞാനും രാജ്യം മുഴുവനും കൊഹ്ലി തുടരാൻ താൽപര്യപ്പെടുന്നു.' എന്ന് അരുൺ ധൂമൽ പറഞ്ഞു.
ഐപിഎല്ലിൽ ഇത് ആർസിബിയുടെ നാലാം ഫൈനൽ മത്സരമാണിത്. 2016ന് ശേഷം ഇതാദ്യമായാണ് ടീം ഫൈനൽ മത്സരം കളിക്കുന്നത്. ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിംഗ്‌സിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് ടീം ഫൈനലിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |