കോഴിക്കോട്: റാപ്പർ വേടന് അമ്മയുടെ ചിത്രം സമ്മാനിച്ച് യുവതി. കോഴിക്കോട് ടൂറിസം വകുപ്പ് സംഘടിച്ച ഒരു പരിപാടിയിൽ സ്റ്റേജ് ഷോ അവതരിപ്പിക്കാനെത്തിയതായിരുന്നു വേടൻ. ഇതിനിടയിലാണ് മണാശേരി സ്വദേശിയായ യുവതി വേടന് മരിച്ചുപോയ അമ്മയുടെ ഫ്രെയിം ചെയ്ത ഫോട്ടോ സമ്മാനിച്ചത്. ഇതോടെ വികാരഭരിതനായ വേടന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി. വേടന്റെ അമ്മ കുറച്ചുകാലം തന്നോടൊപ്പം വീട്ടിലുണ്ടായിരുന്നുവെന്നാണ് യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞത്.
'അമ്മയുമായി എനിക്ക് നല്ലൊരു സൗഹൃദ ബന്ധമുണ്ടായിരുന്നു. വേടന്റെ അച്ഛൻ പറഞ്ഞിട്ടാണ് ഞാൻ വേദിയിൽ എത്തിയത്. അത് അവന് സന്തോഷമാകുമെന്ന് അച്ഛൻ എന്നോട് പറഞ്ഞിരുന്നു. അവർ വീട്ടിലെത്തിയപ്പോൾ വേടന്റെ അമ്മയാണെന്ന് എനിക്കറിയില്ലായിരുന്നു. അവരും പറഞ്ഞിരുന്നില്ല. മകൻ പാട്ടുകാരനാണെന്നും യൂട്യൂബിലൊക്കെ പാട്ടുകൾ പാടുന്നുണ്ടെന്ന് മാത്രമാണ് പറഞ്ഞിരുന്നത്. അവൻ വലിയ പാട്ടുകാരനാകുമെങ്കിൽ കുടുംബം രക്ഷപ്പെടുമെന്ന് അമ്മ എന്നോട് പറഞ്ഞിരുന്നു. പക്ഷെ അവൻ രക്ഷപ്പെട്ടത് കാണാൻ അമ്മയ്ക്ക് ഭാഗ്യമുണ്ടായില്ല. ഞാൻ അമ്മയെ വാട്സാപ്പിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഒടുവിലാണ് മരിച്ചെന്ന് വേടന്റെ അച്ഛൻ പറഞ്ഞത്. അമ്മയുടെ ഫോട്ടോ കണ്ടപ്പോൾ വേടന് നല്ല സങ്കടമായി. അമ്മയ്ക്ക് നല്ല ബുദ്ധിമുട്ടുകളും കഷ്ടപാടുകളും ഉണ്ടായിരുന്നു. അതൊന്നും അവർ മക്കളെ അറിയിച്ചിരുന്നില്ല. എന്നെ വിളിക്കാമെന്നും സംസാരിക്കാമെന്നും വേടൻ പറഞ്ഞു'- യുവതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |