മഴ തീവ്രത കുറഞ്ഞ് ഏറക്കുറെ മാറിനിന്ന അന്തരീക്ഷത്തിലാണ് പുത്തനുടുപ്പ് അണിഞ്ഞ്, പുത്തൻ പുസ്തകങ്ങൾ നിറച്ച പുതിയ ബാഗുമായി മൂന്നുലക്ഷത്തോളം കുരുന്നുകൾ ഒന്നാം ക്ളാസിലേക്ക് പ്രവേശിച്ചത്. സംസ്ഥാനത്തൊട്ടാകെ എല്ലാ വിദ്യാലയങ്ങളിലുമായി ഒന്നു മുതൽ പത്തുവരെ ക്ളാസുകളിലായി 36 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പുതിയ അദ്ധ്യയന വർഷത്തിലേക്ക് കടന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിദ്യാലയങ്ങളിൽ നിന്ന് അറിവിനേക്കാൾ തിരിച്ചറിവുകളാണ് വിദ്യാർത്ഥികൾ നേടേണ്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഒന്നാം ക്ളാസിലെ വിദ്യാർത്ഥികളെ സ്വാഗതം ചെയ്തുകൊണ്ട് അറിവിന്റെയും വളർച്ചയുടെയും അനന്തമായ സാദ്ധ്യതയിലേക്കുള്ള ഒരു ചുവടുവയ്‌പാണ് കുട്ടികൾ ഈ ദിനത്തിൽ ആരംഭിക്കുന്നതെന്ന് പറഞ്ഞു.
പുതിയ അദ്ധ്യയന വർഷം സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് ഹൈസ്‌കൂളുകളിൽ അര മണിക്കൂർ പ്രവൃത്തിസമയം കൂടുന്നതാണ്. രാവിലെയും വൈകിട്ടുമായി 15 മിനിട്ട് വീതമാണ് കൂടുക. ഇതോടെ പ്രവൃത്തിസമയം രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാകും. പാഠപുസ‌്തകമാറ്റം പൂർണമായി നടപ്പാകുന്ന വർഷം കൂടിയാണിത്.
ഒന്നു മുതൽ പത്തുവരെയുള്ള മുഴുവൻ പാഠപുസ്തകങ്ങളും പാഠ്യപദ്ധതി ചട്ടക്കൂടിന് അനുസൃതമായി മാറ്റിയിട്ടുണ്ട്. സ്‌കൂൾ വർഷാരംഭത്തിൽത്തന്നെ എല്ലാ കുട്ടികൾക്കും പാഠപുസ്‌തകങ്ങൾ എത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചതായാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിട്ടുള്ളത്. ഒൻപതാം ക്ളാസ് പരീക്ഷയെഴുതി പുറത്തിറങ്ങിയ ഘട്ടത്തിൽത്തന്നെ, പത്താം ക്ളാസിലെ പാഠപുസ്തകങ്ങൾ ഈ വർഷം മാർച്ചിൽ വിതരണം പൂർത്തിയാക്കുകയും ചെയ്തിരുന്നു. പാഠപുസ്തകങ്ങൾ വൈകി എന്ന സ്ഥിരം പരാതി ഒഴിവാക്കാനായത് അഭിനന്ദനീയമാണ്.
മൂല്യനിർണയത്തിൽ വലിയ മാറ്റത്തിന് ഉതകുന്നതാണ് മിനിമം മാർക്ക് നടപ്പാക്കുന്ന പരിഷ്കാരം. ഇതിനായി സ്‌കൂൾ വർഷാരംഭത്തിൽത്തന്നെ ഓരോ കുട്ടിയെയും അറിയാനും പഠനത്തിൽ അവരുടെ കഴിവും കുറവും തിരിച്ചറിയാനും അദ്ധ്യാപകർ ശ്രദ്ധ പതിപ്പിക്കേണ്ടത് ആവശ്യമാണ്. കുട്ടികളുടെ പരീക്ഷാപ്പേടിയും മറ്റ് സമ്മർദ്ദങ്ങളും ഉത്കണ്ഠയും അകറ്റാനുള്ള കൗൺസലിംഗുകളും അക്കാഡമിക് പദ്ധതിയുടെ ഭാഗമാക്കേണ്ടതാണ്. അതുപോലെ തന്നെ, സ്‌കൂൾ ബസുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളിൽ മോട്ടോർ വാഹന വകുപ്പ് ഒരു വീഴ്ചയും വരുത്തരുത്. ഒരു ബസിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണത്തിലും നിയന്ത്രണം ആവശ്യമാണ്. മോട്ടോർ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നു എന്നതും സ്കൂൾ അധികൃതർ ഉറപ്പുവരുത്തണം.
കുട്ടികളെ ലഹരിയുടെയും മറ്റ് ദുശ്ശീലങ്ങളുടെയും നീരാളിപ്പിടിത്തത്തിൽ അകപ്പെടാതെ രക്ഷിക്കാനുള്ള ചുമതല പൊലീസിനു മാത്രമായി വിട്ടുകൊടുത്തതുകൊണ്ടായില്ല. ഇതിനായി സ‌്കൂൾ അധികൃതരും പി.ടി.എ സമിതികളും ഏകോപിച്ച് പ്രവർത്തിക്കേണ്ടതാണ്. ലഹരിവിരുദ്ധ പോരാട്ടത്തിന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുമാർക്കും നല്ല പങ്ക് വഹിക്കാനാവും. ആദ്യത്തെ ഒരാഴ്ച പാഠപുസ്തകങ്ങളുടെ പഠിപ്പിക്കലിനല്ല സമയം നീക്കിവച്ചിരിക്കുന്നത്. നല്ല ശീലങ്ങളും പൗരബോധവുമൊക്കെ പകർന്നുനൽകാനാണ് ശ്രമിക്കുന്നത്. ഓരോ മൂന്നുമാസം കഴിയുമ്പോഴും ഇത്തരം കാര്യങ്ങൾ പകർന്നുനൽകാൻ രണ്ടു ദിവസമെങ്കിലും നീക്കിവയ്ക്കുന്നത് പരിഗണിക്കാവുന്നതാണ്.
കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമശീലം മുളയിലേ നുള്ളാനും നിരുത്സാഹപ്പെടുത്താനുമുള്ള ശക്തമായ നടപടികളും സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത് ആവശ്യമാണ്. കുട്ടികൾക്ക് സമ്മർദ്ദമില്ലാതെ പഠിക്കാനുള്ള അന്തരീക്ഷമൊരുക്കാൻ പുതിയ അദ്ധ്യയന വർഷത്തിൽ കഴിയട്ടെയെന്ന് ആശംസിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |