കൊച്ചിയിൽ എം.എസ്.സി- എൽസ 3 എന്ന ചരക്കു കപ്പൽ മുങ്ങി കണ്ടെയ്നറുകൾ കടലിൽ വീണിട്ട് ഒരാഴ്ച പിന്നിട്ടു. ശക്തമായ അടിയൊഴുക്കും തിരമാലകളും കുറച്ച് കണ്ടെയ്നറുകളെ പിന്നീട് ആലപ്പുഴയിലും കൊല്ലത്തും, ചരക്ക് കയറ്റിവിട്ട വിഴിഞ്ഞത്തും വരെ എത്തിച്ചു. അറുന്നൂറിലധികം കണ്ടെയ്നറുകളാണ് അന്ന് കടലിൽ വീണത്. അവയിൽ പലതിലും അപകടകാരികളായ രാസവസ്തുക്കളുണ്ടെന്ന ഭീതിജനകമായ വാർത്തകൾ അന്നു മുതൽ പുറത്തുവരുന്നുണ്ട്. മുങ്ങിയ കപ്പലിൽ നിന്ന് കടലിൽ പടർന്ന എണ്ണ ഉയർത്തുന്ന പാരിസ്ഥിതിക ഭീഷണി വേറെ.
ഇത്രയും ദിവസങ്ങളായിട്ടും, കടലിൽ വീണ കണ്ടെയ്നറുകളിലെ അപകടകാരികളായ രാസവസ്തുക്കൾ എന്തെല്ലാം എന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ തുറമുഖ അധികൃതരോ, കപ്പൽ കമ്പനിയോ പുറത്തുവിട്ടിട്ടില്ല. മത്സ്യബന്ധനത്തിന് പോകുന്നവരുടെയും, രാസവസ്തുക്കൾ ഉള്ളിൽച്ചെന്ന മത്സ്യങ്ങളെ ആഹാരമാക്കുന്നവരുടെയും ആരോഗ്യസുരക്ഷയെക്കുറിച്ച് ഇവർക്കൊന്നും യാതൊരു ഉത്കണ്ഠയുമില്ലെന്നതാണ് അദ്ഭുതം.
കപ്പൽ മുങ്ങിയതിനു ചുറ്റും നിശ്ചിത മേഖലയിൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട് എന്നത് സത്യം തന്നെ. തീരത്ത് അ ടിയുന്ന കണ്ടെയ്നറുകളുടെ അടുത്ത് പോകരുതെന്ന് ദുരന്ത നിവാരണ അതോറിട്ടിയും മറ്റും മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. പക്ഷേ, കണ്ടെയ്നറുടെ ഉള്ളടക്കം എന്താണെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരം പുറത്തുവിടാത്തത് ദുരൂഹം മാത്രമല്ല, പല സംശയങ്ങളും ജനിപ്പിക്കുന്നതുമാണ്. അത് വെളിപ്പെടുത്താൻ തുറമുഖ അധികൃതർക്ക് ഉത്തരവാദിത്വമുണ്ട്. കപ്പൽ കമ്പനിക്കുമുണ്ട് ആ ബാദ്ധ്യത. ചരക്കുകളെ സംബന്ധിക്കുന്ന വിവരങ്ങൾ അവരുടെ രേഖകളിലുണ്ട്. അതിന്റെ രഹസ്യസ്വഭാവമാണ് സംശയം ജനിപ്പിക്കുന്നത്.
കപ്പൽ മുങ്ങിയുണ്ടായ അപകടത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സർക്കാർ, അതു മൂലമുണ്ടായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാര ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ്. അത് വേണ്ടതു തന്നെ. പക്ഷേ, പ്രാഥമികമായി പുറത്തു വരേണ്ടത് കണ്ടെയ്നുറുകളിൽ ഉണ്ടായിരുന്ന അപകടകരമെന്ന് അധികൃതർ തന്നെ മുന്നറിയിപ്പു നൽകുന്ന രാസപദാർത്ഥങ്ങളെക്കുറിച്ചുള്ള യഥാർത്ഥ വസ്തുതയാണ്. എങ്കിലേ അതുണ്ടാക്കുന്ന ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങളുടെ വ്യാപ്തിയും, സമുദ്രജലത്തിനുണ്ടാകുന്ന മാലിന്യത്തോതും നിർണയിച്ച് ശാസ്ത്രീയമായ പരിഹാരമാർഗങ്ങൾ സ്വീകരിക്കാനാകൂ. ഈ ഒളിച്ചുകളിയുടെ അർത്ഥമാണ് മനസിലാകാത്തത്.
സഹദേവൻ പി.എസ്
കാരിത്തോട്ട
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |