അൻവറെച്ചൊല്ലി കോൺ - ലീഗ് ഭിന്നത കടുക്കുന്നു
മലപ്പുറം: പി.വി. അൻവറിനെ ചൊല്ലി മുസ്‌ലിം ലീഗും കോൺഗ്രസും തമ്മിലെ അഭിപ്രായ ഭിന്നത രൂക്ഷമാവുന്നു. അൻവറിന്റെ യു.ഡി.എഫ് പ്രവേശനം അടഞ്ഞ അദ്ധ്യായമെന്ന് കോൺഗ്രസ് വ്യക്തമാക്കുമ്പോൾ ,നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി വരെ ചർച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.
നാമനിർദ്ദേശ പത്രിക കൊടുത്താലും അൻവറിന് പിൻവലിക്കാനാവുമെന്നും സാഹചര്യം മനസിലാക്കി യു.ഡി.എഫ് നേതാക്കൾ മുൻകൈയെടുക്കണമെന്നും ഇന്നലെ രാവിലെ മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് എം.എൽ.എ പറഞ്ഞു. ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ മനമറിഞ്ഞുള്ള പ്രതികരണമാണിത്. കോൺഗ്രസിൽ നിന്നുള്ള സമ്മർദ്ദത്തിന് പിന്നാലെ വൈകിട്ട് അദ്ദേഹം നിലപാട് തിരുത്തി. അൻവറിന് മുന്നിലെ എല്ലാ വാതിലുകളും അടഞ്ഞെന്നും, യു.ഡി.എഫിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളോട് അൻവർ വഴങ്ങിയില്ലെങ്കിൽ പിന്നെ എന്ത് ചെയ്യാനാണെന്നും അബ്ദുൽ ഹമീദ് ചോദിച്ചു.
''മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അൻവർ വിഷയത്തിൽ വലിയ പ്രയത്നവും സമയവും ചെലവഴിച്ചിട്ടുണ്ട്. ഹജ്ജിന് പോയ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അവിടെ വച്ച് പോലും സമവായത്തിന് ശ്രമിച്ചു.
അൻവർ മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു'' എന്നായിരുന്നു ഹമീദിന്റെ വിവാദ പ്രസ്താവന.
കഴിഞ്ഞ ദിവസം ചേർന്ന ലീഗ് നേതൃയോഗത്തിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിമർശനമുയർന്നിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ അനാവശ്യ വാശി പ്രശ്നം വഷളാക്കിയെന്നും,എളുപ്പത്തിൽ വിജയിക്കാവുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കിയെന്നും നേതാക്കൾ വിമർശിച്ചു. നിലമ്പൂരിലെ വിജയം ലീഗിന്റെ മാത്രം ആവശ്യമല്ലെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അവസാന നിമിഷം അൻവർ പിന്മാറിയേക്കുമെന്ന പ്രതീക്ഷയിലാണ് ലീഗ്.
ചോരുമോ
വോട്ട്
എട്ടര വർഷം എം.എൽ.എയായ അൻവർ വോട്ടു മറിക്കലിൽ വിദഗ്ദ്ധനാണെന്നത് സി.പി.എമ്മിനറിയാം. മൂന്ന് പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും ഇടതു ഭരണം പിടിക്കുന്നതിലും അൻവറിന് കാര്യമായ പങ്കുണ്ട്. അൻവറിന്റെ നീക്കങ്ങൾക്ക് തടയിടാൻ കരുത്തനായ പാർട്ടി സ്ഥാനാർത്ഥിയിലൂടെ കഴിയുമെന്ന വിലയിരുത്തലിലാണ് സി.പി.എം. അതേസമയം, വോട്ടിൽ വിള്ളലുണ്ടാക്കാൻ അൻവറിന് സാധിച്ചേക്കുമെന്നതാണ് യു.ഡി.എഫിന്റെ ഭീതി. മാർത്തോമ സഭ കൗൺസിലംഗം കൂടിയാണ് ബി.ജെ.പി സ്ഥാനാർത്ഥി മോഹൻ ജോർജ്. ന്യൂനപക്ഷ വോട്ടുകൾ സ്വാധീനിച്ചാൽ യു.ഡി.എഫിനാവും തിരിച്ചടി.
അൻവറിന് 52.21
കോടിയുടെ സ്വത്ത്
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പി.വി. അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. റോഡ് ഷോയ്ക്ക് ശേഷമാണ് നിലമ്പൂർ താലൂക്ക് ഓഫീസിൽ ഉപവരണാധികാരി നിലമ്പൂർ തഹസിൽദാർ എം.പി. സിന്ധുവിന് മുമ്പാകെ പത്രിക സമർപ്പിച്ചത്. തൃണമൂൽ കോൺഗ്രസ് നേതാവ് ഇ.എ. സുകു, നിലമ്പൂരിലെ ഓട്ടോഡ്രൈവർ സലാഹുദ്ദീൻ, കർഷകൻ സജി, വഴിയോര കച്ചവടക്കാരൻ ഷബീർ എന്നിവർക്ക് ഒപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്.
നാമനിർദ്ദേശ പത്രികയിലെ സത്യവാങ്മൂലത്തിൽ അൻവറിന് 52.21 കോടിയുടെ സ്വത്തുക്കളുണ്ട്. രണ്ട് ഭാര്യമാരുടെയും പേരിൽ 10.13 കോടിയുടെ സ്വത്തും,
1,400 ഗ്രാം വരുന്ന 2.13 കോടിയുടെ ആഭരണങ്ങളുമുണ്ട്. അൻവറിന്റെ കൈവശം സ്വർണം, വെള്ളി ആഭരണങ്ങളോ വില പിടിപ്പുള്ള വസ്തുക്കളോ ഇല്ല. അൻവറിന്റെ കൈവശമുള്ളത് 25,000 രൂപയാണ്. രണ്ട് ഭാര്യമാരുടെയും കൈവശം 10,000 രൂപ വീതമുണ്ട്. അൻവറിന്റെ ബാദ്ധ്യത 20.60 കോടി. ബാങ്കിൽ നിക്ഷേപം 2.07 ലക്ഷം. ഭാര്യമാരുടെ ബാങ്കിലെ നിക്ഷേപം 19,091 രൂപയാണ്. സ്വന്തം പേരിൽ 2016 മോഡൽ ടയോട്ട ഇന്നോവയുണ്ട്. പണമില്ലാത്തതിനാൽ മത്സരത്തിനില്ലെന്ന് അൻവർ നേരത്തെ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |