തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഭിഭാഷകൻ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുക്കാതിരുന്ന കോന്നി ഡിവൈ.എസ്.പി ടി.രാജപ്പൻ റാവുത്തർക്കും എസ്.എച്ച്.ഒ പി.ശ്രീജിത്തിനും സസ്പെൻഷൻ. പോക്‌സോ കേസ് രജിസ്റ്റർ ചെയ്യേണ്ടിയിരുന്ന എസ്.എച്ച്.ഒ ഗുരുതരമായ കൃത്യവിലോപം നടത്തിയെന്നും ഡിവൈ.എസ്.പി മേൽനോട്ട ചുമതലയിൽ വീഴ്ച വരുത്തിയെന്നുമുള്ള പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും ആഭ്യന്തര വകുപ്പ് സസ്‌പെൻഡ് ചെയ്തത്.
ഗവൺമെന്റ് പ്ലീഡറായിരുന്ന നൗഷാദ്, പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീ എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. പെൺകുട്ടിയുടെ അച്ഛനും അമ്മയും തമ്മിലുള്ള വിവാഹ മോചന കേസിൽ അമ്മയുടെ അഭിഭാഷകനായിരുന്നു നൗഷാദ്. പിതാവ് വിദേശത്തായിരുന്നു.
പീഡനം സംബന്ധിച്ച് പെൺകുട്ടിതന്നെ കോന്നി പൊലീസിൽ പരാതി നൽകിയെങ്കിലും എസ്.എച്ച്.ഒ കേസെടുത്തില്ല. നാട്ടിലെത്തിയപ്പോൾ പീഡന വിവരം മനസ്സിലാക്കിയ പിതാവ് പത്തനംതിട്ട എസ്.പിക്ക് പരാതി നൽകി. വനിതാ പൊലീസിനെ വിട്ട് അന്വേഷിച്ചെങ്കിലും വ്യാജമാണെന്ന റിപ്പോർട്ടാണ് നൽകിയത്. പിന്നീട് പെൺകുട്ടി തന്നെ ചൈൽഡ്‌ലൈനിൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുത്തു. ബന്ധുവായ സ്ത്രീയുടെ സഹായത്തോടെ ഹോട്ടലിൽ എത്തിച്ച് നൗഷാദ് പീഡിപ്പിച്ചതെന്നാണ് കണ്ടെത്തൽ. പിന്നീട് കോന്നി പൊലീസ് കേസെടുത്തശേഷം ആറന്മുള പൊലീസിന് കൈമാറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |