കൊല്ലം/ തിരുവനന്തപുരം: സദാചാരം ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി വനിത കണ്ടക്ടറെ സസ്പെൻഡ് ചെയ്ത നടപടി വിവാദമായതോടെ മന്ത്രി ഇടപെട്ട് റദ്ദാക്കി. കുളത്തൂപ്പുഴ ഡിപ്പോയിലെ കണ്ടക്ടറെയാണ് കഴിഞ്ഞ 8ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഗവ.അഡിഷണൽ സെക്രട്ടറിയും കെ.എസ്.ആർ.ടി.സി വിജിലൻസ് എക്സി.ഡയറക്ടറുമായ എ.ഷാജിയാണ് ഉത്തരവിറക്കിയത്. ഡ്രൈവറെ കുളത്തൂപ്പുഴയിൽ നിന്ന് പുനലൂരിലേക്ക് സ്ഥലം മാറ്റിയെങ്കിലും നടപടി അന്നുതന്നെ റദ്ദാക്കിയിരുന്നു.
'അവിഹിതം' ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും പരാതിയിൽ കഴമ്പുണ്ടെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്. ഡ്യൂട്ടി നിർവഹിക്കുന്നതിൽ കണ്ടക്ടർക്ക് വീഴ്ച പറ്റിയെന്നും കോർപ്പറേഷന് അവമതി ഉണ്ടാക്കിയെന്നും ഉത്തരവിലുണ്ട്. പ്രഥമദൃഷ്ട്യാ കുറ്റക്കാരിയായി കണ്ടെത്തിയതിനാൽ വനിത കണ്ടക്ടറെ സസ്പെൻഡ് ചെയ്തിരിക്കുന്നുവെന്നും ഡ്യൂട്ടി പാസ്, ഐ.ഡി കാർഡ് എന്നിവ തിരികെ ഏൽപ്പിക്കണമെന്നും കാട്ടിയാണ് ഉത്തരവിറക്കിയത്. 'അവിഹിതം' പരാമർശം ഉൾപ്പെടെ അസാധാരണമായ ഉത്തരവ് വിവാദമായതോടെയാണ് സസ്പെൻഷൻ പിൻവലിച്ചത്. മന്ത്രിയുടെ അറിവോടെയല്ല ഇത്തരമൊരു ഉത്തരവ് ഇറങ്ങിയതെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. വനിത കണ്ടക്ടറെ ഇന്നലെത്തന്നെ ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കാനും നിർദ്ദേശം നൽകി. വനിത ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചുള്ള ഉത്തരവുകളിൽ അവർക്ക് മാനഹാനിയുണ്ടാക്കുന്ന പരാമർശങ്ങൾ ഉൾപ്പെടരുതെന്ന വ്യവസ്ഥ നിലവിലുണ്ട്.
പർദ്ദയിട്ട് ഡ്രൈവറുടെ ഭാര്യ
ജൂൺ ഒന്നിന് രാവിലെ 11.30ന് കുളത്തൂപ്പുഴ- എയിംസ് റൂട്ടിൽ ബസ് പുറപ്പെട്ടപ്പോൾ ഡ്രൈവറുടെ ഭാര്യ യാത്രക്കാരിയായി ബസിൽ കയറി. പർദ്ദ ധരിച്ച് ഡ്രൈവറുടെ സീറ്റിനു സമീപം ഇരുന്നു. കണ്ടക്ടർ ഡ്രൈവറുടെ അടുത്തെത്തിയപ്പോൾ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി. ഇത് മേലധികാരികൾക്ക് കൈമാറി. പരാതിക്കാരി നൽകിയ വീഡിയോ ദൃശ്യങ്ങളിൽ വനിത കണ്ടക്ടർ ഡ്രൈവറുമായി ഏറെനേരം സംസാരിക്കുന്നതും മൊബൈൽ ഫോൺ വാങ്ങുന്നതുമൊക്കെ കാണാം. ശ്രദ്ധ തെറ്റിക്കുംവിധം കണ്ടക്ടർ ഡ്രൈവറോട് സംസാരിച്ചതും യാത്രക്കാർ സ്വയം ബെല്ലടിച്ച് സ്റ്റോപ്പിൽ ഇറങ്ങുന്നതുമടക്കം ദൃശ്യങ്ങളിലുണ്ടെന്നും പരാമർശിക്കുന്നുണ്ട്. മന്ത്രിക്ക് പരാതി നൽകും മുമ്പ് കുളത്തൂപ്പുഴ, പുനലൂർ ഡിപ്പോകളിലും ഏരൂർ പൊലീസിലും ഇവർ പരാതി നൽകി എന്നാണ് വിവരം.
മന്ത്രിക്ക് കിട്ടിയ പരാതി
തന്റെ ഭർത്താവും വനിത കണ്ടക്ടറും തമ്മിൽ അവിഹിതമുണ്ടെന്ന് കാട്ടിയാണ് ഡ്രൈവറുടെ ഭാര്യ മന്ത്രി കെ.ബി.ഗണേശ് കുമാറിന് പരാതി നൽകിയത്. ചീഫ് ഓഫീസ് വിജിലൻസ് ഇൻസ്പെക്ടറാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. പരാതിക്കാരിയെ നേരിൽ കണ്ട് മൊഴി രേഖപ്പെടുത്തുകയും വീഡിയോയും വാട്സ് ആപ്പ് ചാറ്റ് വിവരങ്ങളും തെളിവായി സ്വീകരിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |