കൊച്ചി: വാട്ടർ മെട്രോ പോണ്ടൂണിൽ ഇടിച്ചുണ്ടായ അപകടം അശ്രദ്ധ കൊണ്ടാണെന്ന് ആരോപണം. അതേസമയം യന്ത്രത്തകരാറ് കൊണ്ടാണെന്ന് അധികൃതരും പറയുന്നു. ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. കുലുക്കത്തിൽ യാത്രക്കാരിൽ ചിലർക്ക് ബോട്ടിൽ വീണു പരിക്കേറ്റു. ജെട്ടിയിൽ ഇറങ്ങാൻ എഴുന്നേറ്റ് നിന്ന യാത്രക്കാരിൽ ചിലരാണ് വീണത്. ഇവരെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
സംഭവത്തെക്കുറിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് 6.15ന് ഹൈക്കോർട്ട് ജെട്ടിയിലായിരുന്നു അപകടം. ഫോർട്ട്‌കൊച്ചി വാട്ടർമെട്രോ ജെട്ടിയിൽ നിന്ന് യാത്രക്കാരുമായി വന്ന ബോട്ടാണ് പോണ്ടൂണിൽ തട്ടി നിന്നത്. വേഗതകുറച്ച് ഫ്‌ളോട്ടിംഗ് ജെട്ടിയോട് ചേർന്ന് ബോട്ട് സുരക്ഷിതമായി അടുപ്പിക്കുന്നതാണ് പതിവ്. എന്നാൽ യന്ത്രത്തകരാറിനെ തുടർന്ന് ബോട്ട് പോണ്ടൂണിൽ ഇടിക്കുകയായിരുന്നു.
കൊച്ചി കപ്പൽശാല, കുസാറ്റ്, കെ.എം.ആർ.എൽ സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെട്ട സംഘമാണ് അന്വേഷിക്കുന്നത്. കൊച്ചി കപ്പൽശാലയാണ് മെട്രൊ ബോട്ടുകളുടെ നിർമ്മാതാക്കൾ. സാങ്കേതികവിദഗ്ദ്ധർ അപകടമുണ്ടായ ബോട്ടിനു പുറമെ മറ്റു മെട്രോബോട്ടുകളുടെയും സുരക്ഷാ പരിശോധന നടത്തും. സംഭവം ആവർത്തിക്കാതിരിക്കാൻ കർശനനടപടികൾ സ്വീകരിക്കുമെന്നും യാത്രക്കാർക്കുണ്ടായ പരാതികളിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്നും കെ.എം.ആർ.എൽ അറിയിച്ചു
ഏപ്രിൽ 31ന് വാട്ടർമെട്രോയുടെ ബോട്ടുകളിലൊന്ന് മറ്റൊരു അപകടത്തിൽപ്പെട്ടിരുന്നു. ഹൈക്കോടതി ജെട്ടിയിൽ നിന്ന് വൈപ്പിനിലേക്ക് പോയ ബോട്ട് വൈപ്പിൻ ജെട്ടിയിൽ അടുപ്പിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട്, നിറുത്തിയിട്ടിരുന്ന റോ റോ ജങ്കാറിലിടിക്കുകയായിരുന്നു. ജങ്കാറിന്റെ റാമ്പിന് കേടുപാടുണ്ടാവുകയും ചെയ്തു. കെ.എം.ആർ.എൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
2024 നവംബർ നാലിന് വാട്ടർ മെട്രോ ബോട്ടുകൾ തമ്മിലുരസിയിരുന്നു. ഫോർട്ടുകൊച്ചിക്കും വൈപ്പിനുമിടയിലുള്ള റോ റോ ജങ്കാർ കടന്നുപോകുന്നതിനായി വേഗം കുറച്ചപ്പോൾ ബോട്ടുകൾ ഉരസിയെന്നായിരുന്നു വിശദീകരണം. ജീവനക്കാർക്കെതിരെ നടപടിസ്വീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |