മലപ്പുറം: മലപ്പുറം സിവിൽ സ്റ്റേഷനകത്ത് പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്റെ പൊട്ടിയ മേൽക്കൂര മൂന്ന് മാസമായിട്ടും മാറ്റി സ്ഥാപിക്കാത്തതോടെ ജീവനക്കാർ ദുരിതത്തിൽ. മഴ പെയ്താൽ ഓഫീസിനകത്തേക്ക് വെള്ളം ചോർന്നൊലിക്കുന്ന സ്ഥിതിയാണ്. ഫയലുകൾ ഉൾപ്പെടെ നനയും. പൊട്ടിയ ഭാഗത്ത് ടാർപോളിൻ വിരിച്ചാണ് താല്ക്കാലിക പരിഹാരം കണ്ടിരിക്കുന്നത്. എന്നാൽ, മഴ ശക്തമായാൽ ടാർപോളിൻ കൊണ്ടും ഫലമില്ല.
കഴിഞ്ഞ മാർച്ച് മൂന്നിനാണ് തൊട്ടടുത്തുള്ള ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിന് മുന്നിലെ മാവിൻ കൊമ്പ് പൊട്ടി വീണ് സാക്ഷരതാ മിഷന്റെ മേൽക്കൂരയുടെ ഒരുഭാഗം നശിച്ചത്. ജില്ലാ കോഓർഡിനേറ്റർ ഇരിക്കുന്ന മുറിയുടെ മുകളിലേക്കാണ് മരം വീണത്. സംഭവ സമയത്ത് ഓഫീസിൽ ആരുമില്ലാതിരുന്നതിനാലാണ് അപകടം ഒഴിവായത്. ജില്ലാ കളക്ടറെയും പൊതുമരാമത്ത് വകുപ്പിനെയും ബന്ധപ്പെട്ട് അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതേവരെ ആരംഭിച്ചിട്ടില്ല.
സാക്ഷരതാ പ്രേരക്‌മാരും പഠിതാക്കളും ഉൾപ്പെടെ നിരവധി പേർ ദിനംപ്രതി സാക്ഷരതാ മിഷൻ ഓഫീസിൽ എത്താറുണ്ട്. കൂടാതെ, പഠിതാക്കൾക്കുള്ള അപേക്ഷാ ഫോമുകൾ തുടങ്ങി സാക്ഷരതാ മിഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇവിടെയാണ് സൂക്ഷിക്കുന്നത്.
അപകട ഭീഷണി ഉയർത്തി മരങ്ങൾ
സാക്ഷരതാ മിഷൻ ഓഫീസിലേക്ക് അപകടകരമായ രീതിയിൽ ചാഞ്ഞ് കിടക്കുന്ന തേക്ക്, മഹാഗണി തുടങ്ങിയ മരങ്ങളുമുണ്ട്. ഇവയുടെ ചില്ലകൾ വെട്ടി മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ട്രീ കമ്മിറ്റി പാസാക്കി നൽകിയിട്ടില്ല. മരച്ചില്ല പൊട്ടി വീഴുന്നതിന് മുമ്പും അപകടകരമായ രീതിയിലുള്ള മരങ്ങൾ മുറിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് സാക്ഷരതാ മിഷൻ പരാതി നൽകിയിരുന്നു. അന്ന് ട്രീ കമ്മിറ്റി സ്ഥലം സന്ദർശിച്ചെങ്കിലും മരങ്ങൾ മുറിച്ച് മാറ്റേണ്ടെന്ന നിലപാടായിരുന്നു സ്വീകരിച്ചത്.
അതേസമയം, കഴിഞ്ഞ മാസം സിവിൽ സ്റ്റേഷനകത്തെ പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിന് മുന്നിലുള്ള മരം ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയേറ്റ് സമുച്ചയത്തിലേക്ക് വീണിരുന്നു.
കെട്ടിടത്തിന്റെ ചുറ്റുമതിലിന്റെ ഭാഗവും സമീപത്തുള്ള ഇലക്ട്രിക് കമ്പികളും ഉൾപ്പെടെ നശിച്ചിരുന്നു.
ഒരാഴ്ചയ്ക്കകം മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കാമെന്ന് കളക്‌ട്രേറ്റിൽ നിന്നും അറിയിച്ചിട്ടുണ്ട്. ഓഫീസിന് മുകളിലേക്ക് അപകടകരമായ രീതിയിൽ ചാഞ്ഞുകിടക്കുന്ന മരങ്ങൾ ഉടൻ വെട്ടിമാറ്റിയില്ലെങ്കിൽ വീണ്ടും അപകട സാദ്ധ്യതയുണ്ടാവും.
ജില്ലാ സാക്ഷരതാ മിഷൻ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |