പാകിസ്ഥാന്റെ നഷ്‌ടങ്ങളുടെ ഡേറ്റ പുറത്തുവിടും
ന്യൂഡൽഹി: പ്രൊഫഷണൽ സായുധ സേനകളെ തിരിച്ചടികളും നഷ്‌ടങ്ങളും ബാധിക്കില്ലെന്ന് സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടാണ് വിശദീകരണം. യുദ്ധസാഹചര്യങ്ങളിൽ സേനകളെ സംബന്ധിച്ചിടത്തോളം നഷ്‌ടങ്ങളല്ല, എന്തു ഫലം നേടിയെന്നതാണ് പ്രധാനം. തിരിച്ചടികൾ ഉണ്ടാകുമ്പോഴും സേനയുടെ മനോവീര്യം ഉയർന്നുതന്നെ നിൽക്കുന്നതിനാണ് മുൻഗണന. സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്താനുള്ള ശേഷി പ്രൊഫഷണൽ സേനയ്‌ക്ക് അനിവാര്യമാണ്. എവിടെയാണ് പിഴച്ചതെന്ന് മനസിലാക്കി തിരുത്തി മുന്നോട്ടു പോകുകയാണ് വേണ്ടത്. ഭയന്നിരിക്കാൻ കഴിയില്ലെന്നും സാവിത്രിബായ് ഫുലെ പുനെ സർവകലാശാലയിൽ സംഘടിപ്പിച്ച ചടങ്ങിൽ ജനറൽ അനിൽ ചൗഹാൻ പറഞ്ഞു. പാകിസ്ഥാന്റെ നഷ്‌ടങ്ങളുടെ മുഴുവൻ ഡേറ്റയും ഭാവിയിൽ പുറത്തുവിടും. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്‌ക്ക് ഫൈറ്റർ ജെറ്രുകൾ നഷ്‌ടപ്പെട്ടെന്ന് സംയുക്ത സേനാ മേധാവി നേരത്തെ അവകാശപ്പെട്ടിരുന്നു. പിന്നീട് തന്ത്രങ്ങളിൽ മാറ്റം വരുത്തി തിരിച്ചടിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തിയത് പ്രതിപക്ഷ പാർട്ടികൾ അടക്കം ഏറ്റുപിടിച്ചിരുന്നു.
നാലു പോയിന്റ് മാർഗരേഖ
സർവീസിലുള്ളവരും, റിട്ടയർ ചെയ്‌തവരുമായ സേനാ ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും സ്വകാര്യത ഉറപ്പാക്കാൻ നാലു പോയിന്റ് മാർഗരേഖയുമായി പ്രതിരോധ മന്ത്രാലയം. മാദ്ധ്യമ സ്ഥാപനങ്ങൾക്കാണ് നിർദ്ദേശം. ചില മാദ്ധ്യമ പ്രവർത്തകർ അഭിമുഖത്തിന്റെ പേരു പറഞ്ഞ് മുതിർന്ന ഉദ്യോഗസ്ഥരുടെ വീടുകളിലെത്തിയ സാഹചര്യത്തിലാണ് നടപടി.
1. അഭിമുഖങ്ങൾക്കായി സായുധ സേനാ ഉദ്യോഗസ്ഥരുടെ വീടുകളിൽ പോകരുത്
2. ഉദ്യോഗസ്ഥരുടെ മേൽവിലാസം അടക്കം വ്യക്തിപരമായ വിവരങ്ങൾ പ്രസിദ്ധീകരിക്കരുത്. സംപ്രേഷണം ചെയ്യരുത്.
3. സായുധ സേനകളുടെ പ്രൊഫഷണൽ, ഓപ്പറേറ്റീവ് കാര്യങ്ങൾക്ക് ഊന്നൽ നൽകണം.
4. സ്വകാര്യതയുടെ അതിർവരമ്പുകൾ മാദ്ധ്യമങ്ങൾ മാനിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |