തൃശൂർ: വിദ്യാർഥികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങൾ സജീവമായെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കി എക്‌സൈസ്. ജില്ലയിൽ 15ലധികം സ്‌കൂളുകളിലും പരിസരത്തും ലഹരിമാഫിയകളുടെ കടന്നുകയറ്റമുണ്ടെന്നാണ് കണ്ടെത്തൽ. പെൺകുട്ടികൾ വഴി ലഹരിമരുന്ന് വിദ്യാർഥികളിലേയ്ക്ക് എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ട്‌സ്‌പോട്ടുകളാക്കി തിരിച്ചാണ് നിരീക്ഷണം. സ്‌കൂളുകൾക്ക് സമീപം ലഹരിമരുന്ന് കൈമാറുന്ന കടകളുടെ ലൈസൻസ് റദ്ദാക്കാൻ പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകാനാണ് സംസ്ഥാനതലത്തിൽ എക്‌സൈസിന്റെ നിർദ്ദേശം.
സംസ്ഥാനത്ത് 104 സ്‌കൂളുകൾ ലഹരിമരുന്ന് ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് കൂടുതൽ ഹോട്ട്‌സ്‌പോട്ടുകൾ. വരും ദിവസങ്ങളിൽ വിദ്യാർത്ഥികളെ വല വീശി പിടിക്കാനുള്ള തന്ത്രങ്ങൾ ലഹരിമരുന്ന് മാഫിയ ഒരുക്കിയിട്ടുണ്ടെന്നും ലഹരിമരുന്ന് കൈമാറുന്ന സ്‌കൂൾ വിദ്യാർത്ഥികളുടെ കേന്ദ്രങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും എക്‌സൈസ് വകുപ്പ് അറിയിച്ചു.
യു.പി വിദ്യാർഥികളും നിരീക്ഷണത്തിൽ
യു.പി സ്‌കൂളുകളിലെ വിദ്യാർത്ഥികൾ വരെ മയക്കുമരുന്നിന് അടിമകളാണെന്ന ഞെട്ടിക്കുന്ന വിവരമാണ് എക്‌സൈസ് വകുപ്പ് പുറത്തുവിടുന്നത്. മാസങ്ങൾക്ക് മുമ്പ് സ്‌കൂൾ അടച്ചതോടെ മയക്കുമരുന്ന് ഉപയോഗം മൂലം 12ഉം 13ഉം വയസുള്ള രണ്ടു കുട്ടികളെ ഡി അഡിക്ഷൻ സെന്ററുകളിൽ എത്തിച്ചിരുന്നു. യു.പി സ്‌കൂൾ പരിസരങ്ങളിലും മഫ്ടിയിൽ എക്‌സൈസ് വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കി. സംശയകരമായ രീതിയിൽ വിദ്യാർഥികളുമായി സംസാരിക്കുന്നവരെ കണ്ടാൽ ചോദ്യം ചെയ്യാനും പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉയോഗം വ്യാപകമാണെന്ന് കണ്ടെത്തിയ സ്‌കൂളുകളെയാണ് ലഹരിമരുന്ന് ഹോട്ട്‌സ്‌പോട്ടായി എടുത്തിരിക്കുന്നത്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽപ്പെട്ട സ്‌കൂളുകളും സ്വകാര്യ സ്‌കൂളുകളും നിരീക്ഷിക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ പൊലീസും രംഗത്തുണ്ട്.
-എക്‌സൈസ് വകുപ്പ്
സ്‌കൂളുകളിൽ പോകാത്ത കുട്ടികളെ കുറിച്ചും ഇടയ്ക്ക് ക്ലാസിൽ നിന്നിറങ്ങി പോകുന്ന കുട്ടികളെകുറിച്ചും വിവരം ശേഖരിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരുടെ ലിസ്‌റ്റെടുത്ത് അവരുടെ പശ്ചാത്തലം മനസിലാക്കി തുടർ നടപടികൾ സ്വീകരിക്കും. കുട്ടികൾ ക്രിമിനൽ പശ്ചാത്തലത്തിലേക്ക് പോകാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ഇത്തരം കുട്ടികൾക്ക് പ്രത്യേക ക്ലാസും നൽകും.
ആർ. ഇളങ്കോ
സിറ്റി പൊലീസ് കമ്മീഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |