കോട്ടയം : നാലുപതിറ്റാണ്ട് മുമ്പ് പരിസ്ഥിതി ദിനത്തിൽ പാമ്പാടി ശിവദർശന മഹാദേവ സന്നിധിയിൽ വേരുറപ്പിച്ചതാണ് ഗുരുസ്മാരകത്തിൽ കെ.എൻ.പ്രസന്നന്റെയും ഗീതയുടേയും ദാമ്പത്യവല്ലരി. ഇന്ന് ക്ഷേത്രപരിസരമാകെ ഇവർ നട്ട വൃക്ഷങ്ങൾ പൂത്തും കായ്ച്ചും തളിർത്തും നിൽക്കുന്നു.
വിവാഹവാർഷികം ഇവർക്ക് പരിസ്ഥിതി ദിനമാണ്. ഏത് ആഘോഷം മാറ്റിവച്ചാലും ഇരുവരും ചേർന്ന് തൈകൾ നടുന്ന പതിവിന് മുടക്കമില്ല. ഗുരുസ്മാരകമെന്ന പേരിൽ കുടുംബം പാമ്പാടിയിൽ വൈദ്യശാല നടത്തുന്നുണ്ട്. അഞ്ചു തലമുറകളായി തുടരുന്നു. മക്കളിൽ രണ്ടുപേരും മരുമകളും ആയുർവേദ ഡോക്ടർമാരാണ്. ഔഷധ സസ്യങ്ങളുടെ മൂല്യം കുടുംബത്തിന് നാന്നായറിയാം.
ക്ഷേത്രം പുനർനിർമ്മിച്ചപ്പോൾ കൂവളമാണ് ആദ്യം നട്ടത്. പിന്നീട് മാവും പ്ളാവും ഗണപതി നാരങ്ങയും ശ്രീലങ്കൻ കൊന്നയും കരിങ്ങാലിയും മറ്റ് ഔഷധസസ്യങ്ങളും നിറഞ്ഞു. മാസത്തിലൊരിക്കൽ കളപറിച്ചും ജൈവവളമിട്ടും പരിപാലിക്കും. ഇക്കുറി 42-ാം വിവാഹ വാർഷികം.
ഒരുങ്ങുന്നു നക്ഷത്രവനം
നക്ഷത്ര വനമൊരുക്കാനുള്ള യത്നത്തിലാണ് ഇരുവരും. ഓരോ ജന്മനക്ഷത്രത്തിന്റെയും പേരിലുള്ള തൈകൾ നടും. 27 നാളുകളിൽ 21 എണ്ണത്തിനും നട്ടു. ഉത്രട്ടാതി നക്ഷത്രത്തിലുള്ള കരിമ്പനയും, രോഹിണി നാളിലുള്ള ഞാവലും, മൂലം നാളിലുള്ള വെള്ളപ്പൈനും, വിശാഖം നാളിലുള്ള വയങ്കതയുമാണ് ഇന്ന് നടുക. സമീപത്തെ നഴ്സറികളിൽ നിന്നും അന്യജില്ലകളിൽ നിന്നുമാണ് തൈകൾ എത്തിക്കുന്നത്. മക്കൾ: ഡോ.ധന്യ, ഡോണ, ഡോ. ധൃഷ്ണു. മരുമക്കൾ: ദീപു, വിനു, ഡോ.ആതിര.
ഗുരുദേവ വചനം അനുസരിച്ച് ഫലങ്ങളും തണലും പക്ഷികൾക്കുള്ള ഇരിപ്പിടവും ലക്ഷ്യമിട്ടാണ് മരങ്ങൾ നടുന്നത്
പ്രസന്നൻ - ഗീത ദമ്പതികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |