പള്ളിക്കത്തോട് : പലവട്ടം നാട്ടുകാർ മുന്നറിയിപ്പ് നൽകിയതാണ്. പക്ഷേ, അധികൃതർ പുച്ഛിച്ച് തള്ളി. ഒരിക്കലെങ്കിലും ഗൗരവമായെടുത്തിരുന്നെങ്കിൽ ഇന്നലെ പള്ളിക്കത്തോട് പത്തൊൻപതുകാരന്റെ ജീവൻ പൊലിയില്ലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പള്ളിക്കത്തോട് എട്ടാം വാർഡിലെ ചല്ലോല്ലി കുളത്തിലേയ്ക്ക് കാർ മറിഞ്ഞാണ് പാലാ പ്രവിത്താനം ചന്ദ്രൻകുന്നേൽ ജയിംസിന്റ മകൻ ജെറിൻ മരിച്ചത്. അന്യസംസ്ഥാന തൊഴിലാളി ദീപക്കിന്റെ രക്ഷാകരങ്ങളാണ് കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ സുരക്ഷിത തീരത്തെത്തിച്ചത്. കുളത്തിന് സംരക്ഷണ ഭിത്തിയെന്ന ആവശ്യം ഉയർന്നിട്ട് വർഷങ്ങളായി. വറ്റാതെ നാടിന്റെ ദാഹമകറ്റുന്ന കുളത്തിന് പതിറ്റാണ്ടുകൾ പ്രായമുണ്ടെങ്കിലും സംരക്ഷണമൊരുക്കി കരുതാൻ ആരും താത്പര്യം കാട്ടിയില്ല. ആനിക്കാട് - കയ്യൂരി റോഡിനോട് ചേർന്നുള്ള വളവിലാണ് ആഴമേറിയ കുളം സ്ഥിതി ചെയ്യുന്നത്. എന്നാൽ ഒരുഭാഗത്തും സംരക്ഷണ ഭിത്തിയില്ല. മുൻപ് മാലിന്യം വീഴാതിരിക്കാൻ സ്ഥാപിച്ച വലകൾ ഉറപ്പിച്ചിരുന്ന തൂണുകൾ മാത്രമാണുള്ളത്. പ്ലസ്ടുവിന് ശേഷം എൻട്രൻസ് പരിശീലിക്കുകയായിരുന്നു ജെറിൻ. സഹോദരൻ ഷെറിനെ റാന്നിയിലെ കോളേജിലാക്കിയതിനുശേഷം മടങ്ങി വരുമ്പോഴായിരുന്നു അപകടം. പിതാവ് ജെയിംസ്,മാതാവ് ,ഡ്രൈവർ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
ഒരുവർഷം മുൻപും അപകടം
ഒരു വർഷം മുൻപ് മോഷ്ടിച്ച ബൈക്കുമായെത്തിയ രണ്ടുപേർ കുളത്തിൽ വീണെങ്കിലും രക്ഷപ്പെട്ടു. അന്നും അപകടസാദ്ധ്യത ചൂണ്ടിക്കാട്ടിയതാണ് നാട്ടുകാർ. നൂറുകണക്കിന് കുടുംബങ്ങൾ വെള്ളം ഉപയോഗിക്കുന്ന കുളമാണെങ്കിലും മേൽമൂടി സംവിധാനമില്ല. രണ്ടു റോഡുകളിൽ നിന്നു ഒഴുകിയെത്തുന്ന മലിന ജലവും കുളത്തിന്റെ ചുറ്റിലേക്കാണ് ഒഴുകിയിറങ്ങുന്നത്.
സ്കൂൾ വാഹനങ്ങളടക്കം ദിനംപ്രതി കടന്നുപോകുന്നത് ഇതുവഴിയാണ്. രാത്രികാലങ്ങളിൽ ആവശ്യത്തിന് വെളിച്ചവുമില്ല. ഇത് കഴിഞ്ഞദിവസം രക്ഷാപ്രവർത്തനത്തെയും ബാധിച്ചു.
കുളത്തിലേയ്‌ക്കുള്ള അപകടവഴി
ഇളമ്പള്ളി റോഡിൽ നിന്ന് ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾ വീഴാൻ സാദ്ധ്യത
ഈ ഭാഗത്ത് ട്രാൻസ്‌ഫോമറുള്ളതിനാൽ കുളമുണ്ടെന്ന് പെട്ടെന്ന് മനസിലാകില്ല
തെരുവു വിളക്ക് കത്തുന്നില്ല, ഡ്രൈവർമാരുടെ കാഴ്ച മറച്ച് കാട് തിങ്ങിനിൽക്കുന്നു
അമിതവേഗതയിലെത്തുന്ന വാഹനങ്ങൾ പെട്ടെന്ന് വെട്ടിച്ചാൽ കുളത്തിൽ വീഴും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |