ചെറുവത്തൂർ: ദ്രവിച്ചുതുടങ്ങിയ മെറ്റൽ ബീമുകൾ,ഇടയ്ക്കിടയ്ക്ക് ഇളകി വീണുകൊണ്ടിരിക്കുന്ന തൂണുകൾ, താഴെ ഏതുസമയത്തും നിറഞ്ഞൊഴുകുന്ന തേജസ്വിനിയുടെ ഒരു ഭാഗം. അച്ചാംതുരുത്തി ദ്വീപിനെയും കിഴക്കേ മുറിയേയും ബന്ധിപ്പിക്കുന്ന നടപ്പാലം ഇപ്പോൾ പേടിപ്പെടുത്തുന്ന കാഴ്ചയാണ്.
യാത്രയ്ക്ക് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് പാലം. ഇതുവഴി സ്കൂൾ കുട്ടികൾ അടക്കം നൂറുകണക്കിന് യാത്രക്കാർ ഈ പാലം കടന്നുപോകുന്നു.അപകടാവസ്ഥയിലായ പാലത്തിലൂടെ ശ്രദ്ധിച്ചുപോകണമെന്ന ബോർഡിന് പകരം യാത്ര നിരോധിച്ചുവെന്ന ബോർഡ് നാട്ടുകാർ എടുത്തുമാറ്റി. ഏതുസമയത്തും ഒരു ദുരന്തത്തെ പ്രതീക്ഷിച്ചാണ് ഈ പാലത്തിന്റെ നില്പ്.
അച്ചാംതുരുത്തി രാജാസ് സ്കൂളിലേക്കുള്ള കുട്ടികളെ എത്തിക്കാൻ എരിഞ്ഞിക്കീൽ വഴി സ്കൂൾ അധികൃതർ തന്നെ ബസ് ഏർപ്പെടുത്തി ഭീഷണി ഒഴിവാക്കുകയായിരുന്നു. .വി ബാലകൃഷ്ണൻ മാസ്റ്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് ഈ നടപ്പാലം നിർമ്മിച്ചത്.
പുതുക്കിപ്പണിയാൻ ഫണ്ടില്ല
പുതുക്കി പണിയാൻ ചുരുങ്ങിയത് രണ്ട് ലക്ഷം രൂപ വേണ്ടിവരുമെന്നാണ് ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നത്. അറ്റകുറ്റ പണിക്കായി കഴിഞ്ഞ വർഷം ഒരു ലക്ഷം രൂപ നീക്കിയതിനാൽ വീണ്ടും അതെ ആവശ്യത്തിന് ഈ വർഷവും ഫണ്ട് അനുവദിക്കാൻ സാങ്കേതിക തടസമുണ്ട്. മറ്റേതെങ്കിലും വഴിക്ക് ഫണ്ട് കണ്ടെത്താനാകുമോയെന്നാണ് ഇപ്പോൾ അധികൃതർ ആലോചിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി. വി പ്രമീള എന്നിവർ കഴിഞ്ഞ ദിവസം അപകടാവസ്ഥയിലായ പാലം സന്ദർശിച്ചിരുന്നു.
സമീപനറോഡിന് സ്ഥലമില്ലാത്തത് റോഡ് പാലത്തിന് തടസം
കിഴക്കേമുറി- പുറത്തേമാട് അപകടാവസ്ഥയിലായ നടപ്പാലത്തിന് പകരം റോഡ് പാലമെന്ന ആലോചന നേരത്തെ നടന്നിരുന്നു. എന്നാൽ ഇരു ഭാഗത്തും അപ്രോച്ച് റോഡ് പണിയുന്നതിന് സ്ഥലം ലഭിക്കാത്തത് തടസമായി.പത്തു മീറ്റർ വീതിയിലെങ്കിലും സ്ഥലം വിട്ടുകിട്ടിയാൽ മാത്രമെ സമീപനറോഡ് നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. അതിനുള്ള സാദ്ധ്യതയാണ് നാട്ടുകാർ തേടുന്നത്. പഞ്ചായത്ത് പ്രസിസന്റ് സി.വി പ്രമീളയുടെയും സി.പി.എം ലോക്കൽ സെക്രട്ടറി രാമചന്ദ്രന്റെയും സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന നാട്ടുകാരുടെ യോഗം ഇക്കാര്യം ചർച്ച ചെയ്തിരുന്നു. തൽക്കാലം നടപ്പാലം പുതുക്കി പണിയാനുള്ള ഫണ്ട് കണ്ടെത്താനാണ് ഈ യോഗം കൂടിയാലോചിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |