തിരുവനന്തപുരം: ഉപയോഗശൂന്യമായി കിടക്കുന്ന പറമ്പുകളും സർക്കാർ പുറമ്പോക്ക് ഭൂമികളും പ്രയോജനപ്പെടുത്തിയാൽ 1000 മെഗാവാട്ട് സൗരോർജ്ജം ഉൽപാദിപ്പിക്കാനാകുമെന്ന് അനർട്ടിന്റെ പഠന റിപ്പോർട്ട്.
പുരപ്പുറ സോളാറിനെക്കാൾ വളരെ ഉയർന്ന ശേഷിയുള്ള മെഗാ സൗരോർജ്ജ പവർ പ്ളാന്റുകൾ സ്ഥാപിക്കാനാകും. സംസ്ഥാനത്തെ നൂറ് കണക്കിന് ഏക്കർ പാഴ് ഭൂമിയിൽ സോളാർ പ്ളാന്റുകൾ സ്ഥാപിച്ചാൽ പ്രാദേശികമായി വൈദ്യുതി വിതരണം നിറവേറ്റാനും പ്രസരണ നഷ്ടം കുറയ്ക്കാനും കഴിയും. സർക്കാർ,സ്വകാര്യ ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും ഇത്തരം വൈദ്യുതി വിതരണം ചെയ്യാം.
രാജ്യത്തെ ആദ്യ സോളാർ വിമാനത്താവളമായ നെടുമ്പാശേരിയിൽ നിലത്ത് സ്ഥാപിച്ച പാനലുകളുപയോഗിച്ച് 12മെഗാവാട്ട് ഉൽപാദിപ്പിക്കുന്നുണ്ട്. സമാന പദ്ധതികൾ പാഴ് ഭൂമികളിലും നടപ്പാക്കാമെന്നാണ് നിർദേശം. വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ശിൽപശാലയിലും നിർദ്ദേശം ചർച്ച ചെയ്തിരുന്നു.
ഇതു പ്രയോജനപ്പെടുത്തിയാൽ വൈദ്യതി ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. 2040ൽ പൂർണ്ണമായും പുനരുപയോഗ വൈദ്യുതിയിലേക്ക് മാറുകയാണ് കേരളത്തിന്റെ ലക്ഷ്യം.
സോളാർ വൈദ്യുതി ശേഖരിക്കാൻ ബാറ്ററി സംവിധാനം ഏർപ്പെടുത്താൻ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കുകയോ, വൻകിട കോർപറേറ്റ് സ്ഥാപനങ്ങളുമായി സംയുക്ത സംരംഭമായി നടപ്പാക്കുകയോ ചെയ്യാം. വൻകിട വാണിജ്യ, ഉൽപാദന ശൃംഖലകളിലേക്ക് ആവശ്യമായ വൈദ്യുതി ഇത്തരത്തിൽ ലഭ്യമാക്കാനാവും.
4-5 ഏക്കറിൽ 4000 യൂണിറ്റ്
നാലു മുതൽ അഞ്ച് ഏക്കർ വരെയുള്ള ഭൂമിയിൽ സൂര്യപ്രകാശത്തിന്റെ തോത് അനുസരിച്ച് ഒരു മെഗാവാട്ട് വരെ വൈദ്യുതി ഉൽപാദിപ്പിക്കാനാകും. ഇതിൽ നിന്ന് കുറഞ്ഞത് നാലായിരം യൂണിറ്റ് വൈദ്യുതി ലഭിക്കും.
പുറമ്പോക്ക് ഇഷ്ടംപോലെ
എല്ലാ വില്ലേജ് ഓഫീസ് പരിധിയിലും പുറമ്പോക്ക് ഭൂമി ഉണ്ട്. സോളാർ പദ്ധതികൾക്ക് ഉപയോഗപ്പെടുത്താൻ തക്ക വിസ്തൃതിയുള്ളവ ഇക്കൂട്ടത്തിലുണ്ട്. ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലാണ് ഇതിന്റെ കണക്കുള്ളത്. ഇത്തരം സ്ഥലങ്ങൾ മറ്റു വകുപ്പുകൾക്ക് കൈമാറാം. അതിനായി ജില്ലാ കളക്ടറെ സമീപിക്കണം. തറവില നിശ്ചയിച്ച് , പണം ഒടുക്കി സ്ഥലം കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |