തഴവ: വിൽപ്പനയ്ക്കായി എത്തിച്ച 10.71 കിലോ കഞ്ചാവുമായി യുവാവ് പൊലീസിന്റെ പിടിയിലായി. ശൂരനാട് ഇരവിച്ചിറ ഇടവന വടക്കതിൽ ദീപുവാണ് (25) കരുനാഗപ്പള്ളി പൊലീസിന്റെ വലയിലായത്.കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന ഐ.പി.എസിന്റെ മേൽനോട്ടത്തിലുള്ള പൊലീസ് സംഘം കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പൊലീസ് സ്ഥിരമായി നടത്തുന്ന പരിശോധനയുടെ ഭാഗമായായിരുന്നു ഇത്. പ്രതിയിൽ നിന്ന് പിടികൂടിയ കഞ്ചാവ് അന്യസംസ്ഥാനത്തുനിന്ന് ട്രെയിൻ മാർഗം കരുനാഗപ്പള്ളിയിൽ ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതാണെന്ന് പൊലീസ് അറിയിച്ചു.
കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷെമീർ, സജികുമാർ, എ.എസ്.ഐ സനീഷ, സി.പി.ഒ മനോജ് എന്നിവരും ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |