സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഇനി ഒഴിവുള്ളത് 3,179 സീറ്റുകൾ
കൊല്ലം: ജില്ലയിൽ പ്ലസ്വൺ പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്ട്മെന്റിൽ 19,315 വിദ്യാർത്ഥികൾ ഇടം നേടി. ഇതുപ്രകാരമുള്ള പ്രവേശനം ഇന്നലെ വൈകിട്ട് 5 ഓടെ പൂർത്തിയായി.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി ആദ്യ അലോട്ട്മെന്റിനുശേഷം 3,179 സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത്. ജനറൽ വിഭാഗത്തിൽ 11,693 സീറ്റുകളുള്ളതിൽ 11,684 സീറ്റിലേക്കും അലോട്ട്മെന്റായി. ഒൻപത് സീറ്റ് മാത്രമാണ് ഒഴിഞ്ഞു കിടക്കുന്നത്. സാമ്പത്തിക പിന്നാക്ക സംവരണത്തിനായി 1,224 സീറ്റുകളാണ് മാറ്റിവെച്ചിരുന്നത്. ഇതിൽ 1,156ൽ അലോട്ട്മെന്റായി. 69 എണ്ണമാണ് ജില്ലയിൽ ബാക്കിയുള്ളത്.
822 മുസ്ളിം സംവരണ സീറ്റുകളിൽ 814 എണ്ണവും 1,013 ഈഴവ-തിയ്യ സംവരണ സീറ്റുകളിൽ 10 എണ്ണം ഒഴികെയുള്ളവയിലും അലോട്ട്മെന്റായി. 402 എൽ.സി-ആംഗ്ലോ ഇന്ത്യൻ സംവരണ സീറ്റുകളിൽ 344 എണ്ണത്തിലാണ് അലോട്ട്മെന്റായത്. 58 സീറ്റുകൾ ഒഴിവുണ്ട്. 3,210 എസ്.സി സംവരണ സീറ്റുകളിൽ 3,129 എണ്ണത്തിലും അലോട്ട്മെന്റായി. 81 ഒഴിവുകൾ മാത്രമാണ് അവശേഷിക്കുന്നത്.
എസ്.ടി സംവരണ 2,262 സീറ്റുകളിൽ 71ൽ മാത്രമാണ് അലോട്ട്മെന്റ് നടന്നത്. ക്രിസ്ത്യൻ ഒ.ബി.സി സീറ്റുകളിൽ 30 ഒഴിവുകളാണുള്ളത്. ഹിന്ദു ഒ.ബി.സി സീറ്റുകളിൽ 402 ൽ 392 എണ്ണം അലോട്ട്മെന്റായി. ഭിന്നശേഷി, കാഴ്ചപരിമിതി വിദ്യർത്ഥികൾക്കുള്ള സംവരണ സീറ്റുകളിൽ 243, 81 വീതം ഒഴിവുകളുണ്ട്. സ്പോർട്സ് ക്വോട്ടയിൽ 628 ൽ 455ഉം അലോട്ടായി. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ 100 സീറ്റുള്ളതിൽ 55 എണ്ണം മാത്രമാണ് പൂർത്തിയായത്.
8,967 അപേക്ഷകർ കൂടുതൽ
മറ്റു ജില്ലകളിൽനിന്നുള്ള 3,067 പേർ അടക്കം 31,461 അപേക്ഷകരാണ് ജില്ലയിലുള്ളത്. ഭിന്നശേഷിക്കാരുടേത് ഉൾപ്പെടെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലുള്ള സീറ്റുകൾ ആകെ 22,494 ഉം. സീറ്റുകളുടെ എണ്ണത്തെക്കാൾ 8,967 അപേക്ഷകരാണ് ജില്ലയിൽ കൂടുതലുള്ളത്. ജില്ലയിൽ ആകെ പരീക്ഷ എഴുതിയ 30,052 വിദ്യാർത്ഥികളിൽ 29,876 പേർ ഉപരിപഠനത്തിന് അർഹത നേടി. 6,094 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. പരീക്ഷ എഴുതിയ 15,622 ആൺകുട്ടികളിൽ 15,246 പേരും 14,698 പെൺകുട്ടികളിൽ 14,629 പേരും ഉപരിപഠനത്തിന് യോഗ്യരായിട്ടുണ്ട്. സർക്കാർ കണക്കനുസരിച്ച് അൺ എയ്ഡഡ് സ്കൂളുകളുൾപ്പെടെ ജില്ലയിൽ 138 ഹയർ സെക്കൻഡറി സ്കൂളുകളാണുള്ളത്.
രണ്ടാം ഘട്ട അലോട്ട്മെന്റ് - ജൂൺ 10
മൂന്നാംഘട്ട അലോട്ട്മെന്റ് - ജൂൺ 16
പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് : ജൂൺ 18
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |