മത്സ്യക്ഷാമം രൂക്ഷം, നിരാശയിൽ ഉപഭോക്താക്കൾ
കൊല്ലം: ജില്ലയിൽ മത്സ്യവില പിടിവിട്ട് കുതിക്കുന്നതിനിടെ, ക്ഷാമം രൂക്ഷമായത് തീൻ മേശകളിൽ മത്സ്യപ്രേമികളെ നിരാശരാക്കുന്നു.
കാലവർഷ മുന്നറിയിപ്പിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് കുറഞ്ഞതും കേരള തീരങ്ങളിൽ മത്സ്യ ലഭ്യത കുറഞ്ഞതും കൊച്ചിയിൽ കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ പ്രചാരണങ്ങളുമാണ് വില കുത്തനെ കൂടാനുള്ള പ്രധാന കാരണങ്ങൾ.
തമിഴ് നാട്ടിൽ ട്രോളിംഗ് നിരോധനം നിലനിൽക്കുന്നതിനാൽ അവിടെ നിന്നുള്ള മത്സ്യവരവും കുറവാണ്. 9 മുതൽ ജില്ലയിൽ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ പ്രതിസന്ധി വീണ്ടും രൂക്ഷമാവും. ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകൾ നേരത്തെ കരയ്ക്ക് എത്തിച്ചിരുന്നു. ഇതോടെ ചെറുവള്ളങ്ങളിൽ ലഭിക്കുന്ന മീനുകൾ മാത്രമാണ് വിൽപ്പനയ്ക്കായി മാർക്കറ്റുകളിൽ എത്തുന്നത്. നേരത്തേ, മീനുകൾക്ക് വില കുറഞ്ഞപ്പോൾ സ്റ്റോക്ക് ചെയ്തവയാണ് ഇപ്പോൾ വിൽക്കുന്നത്. ജില്ലയിലെ എല്ലാ ഹാർബറുകളിലും മത്സ്യബന്ധനം ഏറെക്കുറെ നിലച്ച മട്ടാണ്. കപ്പൽ അപകടത്തെ തുടർന്ന് കണ്ടെയ്നറുകളിൽ നിന്ന് മാരകമായ രാസവസ്തുക്കൾ കടലിൽ പടർന്നിട്ടുണ്ട് എന്ന വാർത്തകളും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മത്സ്യബന്ധനത്തിന് പോകാൻ ആവാത്തതും സാരമായി ബാധിച്ചെന്ന് മത്സ്യ വ്യാപാരികൾ പറയുന്നു. വാർത്തളെ തുടർന്ന് വിപണിയിൽ മീൻ വാങ്ങാൻ ആളെത്താത്തതും പ്രതിസന്ധിയാണ്.
ദഹിക്കാത്ത വില
വിലക്കൂടുതൽ കൊണ്ട് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കിഴക്കൻ മേഖലയിൽ ഉള്ളവരാണ്. മത്തി,നെത്തോലി തുടങ്ങിയ ചെറുമീനുകൾക്കെല്ലാം 200 മുതൽ 300 വരെയാണ് കിലോയ്ക്ക് വില. ആവോലി, അയക്കൂറ, നെയ്മീൻ തുടങ്ങിയ വലിയ മീനുകൾക്ക് വില ആയിരത്തോട് അടുക്കുന്നു. ചൂര, കേതർ, ചെമ്മീൻ, ഞണ്ട് തുടങ്ങിയവയുടെ വില 400ഉം അതിനു മുകളിലേക്കും എത്തിക്കഴിഞ്ഞു.
പുഴമീനുകൾ പ്രിയങ്കരം
കടൽ മത്സ്യങ്ങളുടെ വരവ് നിലച്ചതും വില ഉയർന്നതും കാരണം പുഴകളിൽ നിന്നും കായലുകളിൽ നിന്നും ലഭിക്കുന്ന മത്സ്യങ്ങൾക്ക് വിപണിയിൽ ആവശ്യക്കാരേറെയാണ്. കാലവർഷം തുടങ്ങിയതോടെ ശുദ്ധജല മത്സ്യങ്ങളുടെ ലഭ്യത വർദ്ധിച്ചു. കർഷകർ വളർത്തുന്ന മീനുകളും വിപണിയിൽ ധാരാളമായി എത്തുന്നുണ്ട്. പുഴകളിൽ നന്നും മറ്റും ലഭിക്കുന്ന വലിയ മീനുകളായ കട്ട്ല,രോഹു, മുഷി, ആറ്റുവാള, തിലാപ്പിയ, കരിമീൻ തുടങ്ങിയവക്ക് പൊതുവെ ആവശ്യക്കാരേറെയാണ്. കടൽ മത്സ്യ വിപണിയിൽ വില ഉയർന്നതോടെ നാടൻ മീനുകളുടെ ഡിമാൻഡ് ഇരട്ടിയായി. ഊത്ത പിടിത്തവും സജീവമായി. മഴ ശക്തമാകുന്നതോടെ ജലനിരപ്പ് ഉയരുന്നത് ശുദ്ധജല മത്സ്യബന്ധനത്തെയും പ്രതിസന്ധിയിലാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |