ആലപ്പുഴ : മൂന്ന് ഗ്രാം കഞ്ചാവുമായി യുവാക്കളെ പിടികൂടിയ സംഭവത്തിൽ യു.പ്രതിഭ എം.എൽ.എയുടെ മകൻ ഉൾപ്പടെ ഏഴുപേരെ ഒഴിവാക്കി എക്സൈസ് അമ്പലപ്പുഴ മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം നൽകി. നിലവിൽ രണ്ട് പ്രതികൾ മാത്രമാണ് കേസിലുള്ളത്. പ്രതിഭയുടെ മകൻ കനിവിനെ ഒൻപതാം പ്രതിയായാണ് എഫ്.ഐ.ആർ ഇട്ടിരുന്നത്. മതിയായ തെളിവുകൾ ഇല്ലെന്ന് കാണിച്ചാണ് കനിവ് ഉൾപ്പടെ ഏഴു പേരെ കേസിൽ നിന്ന് ഒഴിവാക്കിയത്.
കഴിഞ്ഞ ഡിസംബർ 28നായിരുന്നു തകഴിയിൽ നിന്ന് ഒൻപതംഗ സംഘത്തെ കഞ്ചാവുമായി കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. മകനെതിരായ കേസ് വ്യാജമെന്ന വാദവുമായി എം.എൽ.എ രംഗത്തെത്തുകയും കേസെടുത്ത എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. തുടർന്ന് ആലപ്പുഴ എക്സൈസ് അസി.കമ്മീഷണർ എസ്.അശോക് കുമാർ നടത്തിയ അന്വേഷണത്തിൽ കേസെടുത്ത ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു എന്ന് കണ്ടെത്തി. പ്രതികളിൽ നിന്ന് കണ്ടെത്തിയ മൂന്ന് ഗ്രാം കഞ്ചാവ്, കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള ബോങ് എന്ന ഉപകരണം എന്നിവ ഒൻപത് പേരെ പ്രതിച്ചേർക്കുന്നതിനുള്ള മതിയായ തെളിവ് അല്ലെന്നായിരുന്നു എക്സൈസ് റിപ്പോർട്ട്. പ കനിവ് ഉൾപ്പടെ ഉള്ളവരുടെ ശ്വാസത്തിൽ കഞ്ചാവിന്റെ ഗന്ധം ഉണ്ടെന്ന് മഹസറിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ വൈദ്യപരിശോധന നടത്താത്തത് വീഴ്ചയെന്നായിരുന്നു റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ രണ്ടു പ്രതികൾ ഒഴികെയുള്ളവരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചത്. ഏഴു പ്രതികളെ തെളിവുകളുടെ അഭാവത്തിൽ ഒഴിവാക്കിയതായി ഇടക്കാല റിപ്പോർട്ട് നേരത്തെ കോടതിയിൽ നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |