മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്തവണത്തെ തൃശൂർ പൂരം വളരെ മികച്ച രീതിയിൽ നടത്തിയെന്നും നല്ലതിനെ നല്ലതായി കാണണമെന്നും അദ്ദേഹം പറഞ്ഞു. എൻ ഡി എ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവേയാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.
പൂരം മികച്ച രീതിയിൽ നടത്തിയതിൽ മന്ത്രി കെ രാജനും അഭിനന്ദനം അർഹിക്കുന്നുണ്ട്. നല്ല വ്യക്തികൾ നമുക്കിടയിലുണ്ടെന്നും അവരെ കണ്ടെത്തണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം, പിഎംഎവൈ പദ്ധതിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരാമർശത്തെ സുരേഷ് ഗോപി രൂക്ഷമായി വിമർശിച്ചു. കേരള സംസ്‌കാരത്തിന് യോജിച്ചതല്ല ഈ പദ്ധതിയെന്നാണ് പിഎംഎവൈ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. പാവപ്പെട്ടവന് ഒരു മാനക്കുറവുമില്ല. കൂരയില്ലാത്തവന് കൂരയാണ് വേണ്ടതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
നിലമ്പൂരിൽ എൻ ഡി എ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് വിജയിച്ചാൽ ഒരു ഗവ. കോളേജ് അനുവദിക്കുമെന്നും സുരേഷ് ഗോപി വാഗ്ദ്ധാനം ചെയ്തു. മണ്ഡലത്തിൽ പ്രമുഖർ അടക്കം പത്തു പേരാണ് ജനവിധി തേടുന്നത്. പത്രിക പിൻവലിക്കാനുള്ള അവസാന തിയതിയായ ഇന്നലെ നാലു പേർ പിൻവാങ്ങിയിരുന്നു. എൽ ഡി എഫിനായി എം സ്വരാജ്, യു ഡി എഫിന് ആര്യാടൻ ഷൗക്കത്ത്, എൻ ഡി എയ്ക്കായി അഡ്വ. മോഹൻ ജോർജ്, സ്വതന്ത്ര സ്ഥാനാർഥിയായ പി വി അൻവർ എന്നിവർ തമ്മിലാകും പ്രധാന മത്സരം. അൻവറിന്റെ അപരനായി കരുതിയിരുന്ന അൻവർ സാദത്ത് പിന്മാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |