ശ്രീനഗർ: ലോകത്തിലെ ഏറ്റവും വലിയ നിർമിതിയായ ചെനാബ് റെയിൽവേ പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ രാജ്യം വാനോളം ഉയർന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കാശ്‌മീരിന്റെ വികസന പ്രവർത്തനങ്ങൾ തകർക്കാനാണ് ഭീകരർ ശ്രമിച്ചത്. ഇനി അങ്ങനെയുണ്ടായാൽ അവർക്ക് മോദിയെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്‌ഘാടന ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നരേന്ദ്രമോദി പറഞ്ഞത്:
രാജ്യത്തിന് അഭിമാനമാകുന്ന എഞ്ചിനീയറിംഗ് വിസ്‌മയമാണിത്. 46,000 കോടിയുടെ വികസന പദ്ധതിക്ക് ഇതോടെ തുടക്കമായിരിക്കുകയാണ്. ജമ്മു കാശ്‌മീർ വികസന കുതിപ്പിലാണ്. ചെനാബ് പാലം രാജ്യത്തിന്റെ ശക്തിയുടെ പ്രതീകമാണ്. കാശ്‌മീരിലെ ടൂറിസം നശിപ്പിക്കാൻ പാകിസ്ഥാൻ പദ്ധതിയിട്ടു. ജമ്മു കാശ്‌മീരിലെ ജനജീവിതം നശിപ്പിക്കാൻ അവർ ശ്രമിച്ചു. വിനോദസഞ്ചാരത്തെ ദുർബലപ്പെടുത്താൻ അവർ നോക്കി.
ജമ്മു കാശ്‌മീരിന്റെ വികസനം തടസപ്പെടുത്താനാണ് ഭീകരരും അവരെ അയച്ചവരും ശ്രമിച്ചത്. എന്നാൽ, ജമ്മു കാശ്‌മീരിലെ ജനങ്ങൾ ഭീകരവാദത്തെ ചെറുക്കുന്നു. പഹൽഗാം ആക്രമണം കാരണം വികസനം മുടങ്ങില്ല. സംസ്ഥാനത്തിന്റെ വികസനം തടസപ്പെടുത്താൻ ആരെയും അനുവദിക്കില്ല. ഇത് നരേന്ദ്രമോദിയുടെ വാഗ്ദാനമാണ്. ഭീകരർക്ക് ഇന്ത്യ ചുരുങ്ങിയ സമയംകൊണ്ട് തന്നെ മറുപടി നൽകി. പാകിസ്ഥാൻ സ്‌കൂളും ആരാധനാലയങ്ങളും ആക്രമിച്ചത് ലോകം കണ്ടതാണ്. ഇത്ര ശക്തമായി ഇന്ത്യ തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ കരുതിയില്ല. കഴിഞ്ഞ മാസം ഈ ദിവസമായിരുന്നു ഓപ്പറേഷൻ സിന്ദൂർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |