വിവിധതരം ഭക്ഷണങ്ങൾ കൊണ്ടുള്ള ആഘോഷം എന്നതിലുപരി വിശപ്പിനെതിരെയുള്ള പോരാട്ടം കൂടിയാണ് ലോക ഭക്ഷ്യ സുരക്ഷാ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത്. ഭക്ഷ്യ രോഗങ്ങളെക്കുറിച്ചും അവ ഇല്ലാതാക്കാനുള്ള അവബോധം എല്ലാവരിലും എത്തിക്കുന്നതിനും ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ദിനം കൂടിയാണിത്. ഭക്ഷ്യസുരക്ഷ, ക്ഷേമം, സുസ്ഥിര വികസനം ഉറപ്പാക്കുക എന്നിവ മുൻനിറുത്തിയാണ് ലോകാരോഗ്യ സംഘടന ജൂൺ ഏഴ് ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുന്നത്. 2018ലാണ് ഐക്യരാഷ്ട്ര പൊതുസഭ ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യം മനസിലാക്കി ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിക്കാൻ തുടങ്ങിയത്.
ഗുണനിലവാരമുള്ള ഭക്ഷണം ജനങ്ങളുടെ അവകാശമാണ്. അതുപോലെ തന്നെ അതിപ്രധാനമാണ് ഭക്ഷ്യസുരക്ഷയും. ഒരു സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും അവരവർക്കാവശ്യമായ അളവിൽ സുരക്ഷിതവും പോഷക സമ്പുഷ്ടവുമായ ആഹാരം ലഭ്യമാകുകയും എല്ലാവർക്കും അത് നേടാനാവശ്യമായ സാഹചര്യമുണ്ടാകുകയും ചെയ്യുകയെന്നതാണ് ഭക്ഷ്യസുരക്ഷകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ആരോഗ്യകരമായ ഭക്ഷണ പദാർത്ഥങ്ങളുടെ ഉത്പാദനവും ഉപഭോഗവും ജനജീവിതത്തിൽ ഒരേസമയം പെട്ടെന്നുള്ള മാറ്റവും ദീർഘകാലം കടന്നുള്ള മാറ്റവും കൊണ്ടുവരുമെന്നാണ് ലോകാരോഗ്യ സംഘടന വാദിക്കുന്നത്. സമ്പദ്ഘടനയെയും ഭൂമിയുടെ നിലനിൽപ്പിനെയും ഇത് സ്വാധീനിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ലോകത്ത് ഒരു വിഭാഗം വിശപ്പകറ്റാനുള്ള മാർഗങ്ങൾ തേടുമ്പോൾ മറുഭാഗത്ത് പുതിയ ഭക്ഷണരീതികളിലൂടെ ഉണ്ടാകുന്ന രോഗങ്ങൾ വർദ്ധിക്കുകയാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കുന്നതിനെ തുടർന്ന് അസുഖബാധിതരായി ഓരോ വർഷവും ഏകദേശം 4,20,000ത്തോളം പേരാണ് ആഗോളതലത്തിൽ മരണപ്പെടുന്നതെന്നും കണക്കുകൾ പറയുന്നു.
ബാക്ടീരിയ, വൈറസ്, പാരസൈറ്റ്, മറ്റു രാസപദാർത്ഥങ്ങൾ എന്നിവയെല്ലാമാണ് സാധാരണയായി ഭക്ഷണത്തിലൂടെ പകരുന്ന രോഗാണുക്കൾ. അനാരോഗ്യകരമായ ഭക്ഷണം ആരോഗ്യത്തെ മാത്രമല്ല തകർക്കുന്നത്. മറിച്ച്, അത് ആരോഗ്യമേഖലയെയും തൊഴിൽ മേഖലയെയും സമ്പദ് മേഖലയെയുമെല്ലാം ഒരേപോലെ ബാധിക്കുന്നതാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തികവർഷം 69,002 പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയത്. പിഴ ഇനത്തിൽ 5.4 കോടി രൂപ ഈടാക്കി. 20,394 പുതിയ ലൈസൻസും 2,12,436 പുതിയ രജിസ്‌ട്രേഷനും നൽകിയിരുന്നു.
ശുചിത്വം പ്രധാനം
ഭക്ഷണകാര്യത്തിൽ സുരക്ഷ ഉറപ്പാക്കാനും രോഗങ്ങളെ അകറ്രാനും ശുചിത്വം വഹിക്കുന്ന പങ്ക് വലുതാണ്. ഇതിന് തുടക്കം കുറിക്കേണ്ടതും ഓരോ വീട്ടിലെയും അടുക്കളകളിൽ നിന്നാണ്. ഭക്ഷണ സാധനങ്ങൾ കേടുകൂടാതെയിരിക്കാൻ ശ്രദ്ധിക്കണം. അടുക്കളയിലെ പാത്രങ്ങളെല്ലാം അതത് സമയങ്ങളിൽ വൃത്തിയാക്കി വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. പുറത്തുനിന്ന് വാങ്ങുന്ന പച്ചക്കറികളും പഴങ്ങളുമെല്ലാം നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. പാക്കേജ്ഡ് ഭക്ഷണങ്ങളാണെങ്കിൽ അവ തുറക്കുന്നതിന് മുമ്പായി കഴുകുക. പാകം ചെയ്യാത്ത മത്സ്യമാംസാഹാരങ്ങൾ പലപ്പോഴും രോഗാണുക്കളെ പരത്തിയേക്കും.
വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്ത് വിളമ്പുന്ന ഭക്ഷണ സാധനങ്ങളിലും അണുവിമുക്തമായ ഇടങ്ങളിൽ സൂക്ഷിക്കാത്ത ആഹാര പദാർത്ഥങ്ങളിലുമാണ് ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമാകുന്ന രോഗാണുക്കൾ കടന്നു കൂടുന്നത്. ഇത്തരത്തിൽ ശുചിത്വം എപ്പോഴും ശീലമാക്കണം. ഭക്ഷണത്തിൽ രാസവസ്തുക്കൾ കലരുന്നതും ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കാറുണ്ട്. ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ വൈദ്യസഹായം തേടണം. ഉപഭോക്താക്കൾ പലപ്പോഴും വാങ്ങാൻ താല്പര്യപ്പെടുന്നത് കണ്ണഞ്ചിപ്പിക്കുന്ന നിറത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങളാണ്. നിറം ചേർക്കാത്ത ഭക്ഷണങ്ങൾ കണ്ണിന് കുളിർമ നൽകാത്തതിനാൽ അവ പഴക്കം ചെന്നതാണെന്ന ധാരണയാണ് പൊതുവേയുള്ളത്. നിയമാനുസൃതമായി 10 കിലോ മാവിൽ ഒരു ഗ്രാം കളർ ചേർക്കാം. കളർ ചേർക്കാത്ത പക്ഷം ഉപഭോക്താക്കൾ വാങ്ങാൻ തയ്യാറാവുന്നില്ലെന്നാണ് കച്ചവടക്കാരുടെ പക്ഷം.
വില്ലനാകുന്ന
പോഷകാഹാരക്കുറവ്
പോഷകാഹാരക്കുറവ്, കുട്ടികളിലെ വളർച്ചാ മുരടിപ്പ്, ഭാരക്കുറവ്, ശിശുമരണ നിരക്ക് എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കുന്ന ആഗോള പട്ടിണി സൂചികയിൽ 2011ൽ 107-ാംസ്ഥാനത്തായിരുന്ന ഇന്ത്യ. എന്നാൽ 2020-ൽ 94ാം സ്ഥാനത്തേക്കെത്തി. രാജ്യത്ത് 15നും 24നും ഇടയിൽ പ്രായമുള്ള 58.1 ശതമാനം പെൺകുട്ടികൾക്കും ശരിയായ പോഷണം ലഭിക്കുന്നില്ലെന്നും സൂചിക വ്യക്തമാക്കുന്നു. ശിശുക്കളുടെ പോഷകാഹാരക്കുറവ് 18.7 ശതമാനത്തോടെ ഏറ്റവും മുന്നിലുള്ളതും ഇന്ത്യയാണ്. അഞ്ചു വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 3.1 ശതമാനമാണ്. ലോകത്ത് പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം 572 ദശലക്ഷത്തിൽ നിന്നും 735 ദശലക്ഷമായി ഉയർന്നിട്ടുണ്ട്. 18.7 ശതമാനം തൂക്കക്കുറവുള്ള കുട്ടികളാണ് ഇന്ത്യയിലുള്ളത്. ഇതോടെ ലോകത്തെ ഏറ്റവും തൂക്കക്കുറവുള്ള കുട്ടികളുടെ രാജ്യങ്ങളിലൊന്നും ഇന്ത്യയായി. അഫ്ഗാനിസ്ഥാൻ മാത്രമാണ് ദക്ഷിണേന്ത്യയിൽ ഇന്ത്യയ്ക്ക് പിന്നിലുള്ളത്. 2022ൽ കുട്ടികളുടെ ഭാരക്കുറവിൽ ലോകത്ത് മുന്നിലുണ്ടായിരുന്നത് ഇന്ത്യയായിരുന്നു. ഇത് 19.3 ശതമാനമായിരുന്നു. 2014ന് ശേഷമാണ് ഇന്ത്യയുടെ വിശപ്പ് സൂചികയിൽ വലിയ വർദ്ധനവ് പ്രകടമായത്. 2018-2020 കാലയളവിൽ 14.6 ശതമാനമായിരുന്നിടത്ത് 2019-2021 ൽ 16.3 ശതമാനമായി ഉയർന്നിരുന്നു. ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യ ഗൗരവതരമായ പട്ടിണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ്. 2014ൽ 19.1 ശതമാനമായിരുന്നു വിശപ്പ് സൂചിക. വർഷങ്ങൾ പിന്നിടുമ്പോൾ വലിയ വർദ്ധനവ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആശങ്കാജനകമാണ്. ഇന്ത്യയിലെ ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും പകുതിയിലധികം പേരും മികച്ച ഭക്ഷണം കിട്ടാത്തവരാണെന്ന് സൂചിക വ്യക്തമാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിൽ ലോകരാജ്യങ്ങൾ എങ്ങനെ മുന്നേറുന്നുവെന്ന് നിരീക്ഷിക്കുന്നത് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നത് പ്രധാനമാണ്. 2014ന് ശേഷമാണ് ഇന്ത്യയുടെ വിശപ്പ് സൂചികയിൽ സ്ഥിരമായ വർദ്ധനവ് പ്രകടമായത്.
ഭക്ഷ്യവിഷബാധ പോലുള്ള സംഭവങ്ങൾ ഇന്ത്യയിൽ വർദ്ധിക്കുമ്പോൾ അതനുസരിച്ച് ഭക്ഷ്യവകുപ്പ് കൂടുതൽ ജാഗരൂകമാകുന്നുണ്ടോ എന്ന ചോദ്യവും ഉയരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |