എസ്.എസ്.എൽ.സിക്ക് 85% വിജയം നേടിയ വിദ്യാർത്ഥികളും ഹയർസെക്കൻഡറിയിൽ തോറ്റു
285 പേർ പരീക്ഷയെഴുതിയതിൽ 208 പേർ തോറ്റു
മുതലമട: ജി.എച്ച്.എസ്.എസ് മുതലമട ഹയർസെക്കൻഡറിയിൽ തമിഴ് വിഭാഗത്തിൽ പഠിച്ച വിദ്യാർത്ഥികളുടെ കൂട്ടത്തോൽവിക്ക് കാരണം തമിഴിൽ ചോദ്യപേപ്പർ ലഭിക്കാത്തതിനാലെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും. ഹയർസെക്കൻഡറി വിഭാഗത്തിൽ 285 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 208 പേരും പരാജയപ്പെട്ടു. എസ്.എസ്.എൽ.സി 85 ശതമാനത്തിലധികം മാർക്ക് നേടിയ വിദ്യാർത്ഥികളും ഇതിൽപ്പെടും. തമിഴ് വിഭാഗത്തിൽ പഠിച്ച കുട്ടികളിൽ ഒരാൾ മാത്രമാണ് ജയിച്ചത്. തമിഴിൽ ചോദ്യപേപ്പർ ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞവർഷവും കൂട്ട തോൽവി സംഭവിച്ചിരുന്നു. ഹയർസെക്കൻഡറി വിഭാഗത്തിൽ 22.5 ശതമാനം ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. ഇക്കുറി അത് 37.5 ശതമാനമായി ഉയർന്നിട്ടുണ്ട്. വിദ്യാർത്ഥികളുടെ ദുരവസ്ഥ കാണിച്ച് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല എന്നാണ് അധികൃതർ പറയുന്നത്. അതിർത്തി പ്രദേശങ്ങളായ കൊഴിഞ്ഞാമ്പാറ, വണ്ണാമട, എരുത്തേമ്പതി, മുതലമട എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ തമിഴ് മീഡിയം ഒന്നു മുതൽ പ്ലസ് ടു വരെ ഉണ്ടെങ്കിലും ഹയർസെക്കൻഡറി വിഭാഗത്തിൽ സെക്കൻഡ് ലാംഗ്വേജ് മാത്രമാണ് തമിഴിൽ ഉള്ളത്. കൂടാതെ തമിഴിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരുമില്ല. വിദ്യാർത്ഥികൾക്ക് തമിഴിൽ ചോദ്യപേപ്പറും ലഭിക്കാറില്ല. വരും വർഷങ്ങളിൽ സമാന സ്ഥിതി നേരിടാതിരിക്കാൻ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.
എസ്.എസ്.എൽ.സിക്ക് നൂറുമേനി
എസ്.എസ്.എൽ.സിക്ക് തമിഴ് വിഭാഗത്തിൽ വർഷങ്ങളായി 100% വിജയം കൈവരിക്കുന്ന സ്‌കൂൾ ആണ് ജി.എച്ച്.എസ്.എസ് മുതലമട. എന്നാൽ ഹയർസെക്കൻഡറിയുടെ കാര്യത്തിൽ വിപരീതമാണ് ഫലം. ജില്ലയുടെ അതിർത്തി പ്രദേശമായതിനാൽ കൂടുതൽ തമിഴ് വിദ്യാർഥികളും മുതലമട സ്‌കൂളിനെയാണ് ആശ്രയിക്കുന്നത്. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ തമിഴ് വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂൾ ആണിത്. തമിഴ് മീഡിയം കുട്ടികൾക്ക് പത്താംതരം വരെ ഹിന്ദിയും ഇംഗ്ലീഷും ഒഴിച്ച് ബാക്കിയെല്ലാം പഠിക്കുന്നതും പരീക്ഷ എഴുതുന്നതും തമിഴിലാണ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ അദ്ധ്യാപകർ തമിഴ് ഒഴികെ ബാക്കി വിഷയങ്ങൾ പഠിപ്പിക്കുന്നതും ഇംഗ്ലീഷിലും മലയാളത്തിലും ആണ്. തമിഴിൽ പ്രാവണ്യം ഉള്ള അധ്യാപകർ ഹയർ സെക്കൻഡറി വിഭാഗത്തിൽ വളരെ കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |