ആലപ്പുഴ : ദേശീയ പാത നിർമ്മാണത്തിനിടെ നിരന്തരമുണ്ടാകുന്ന പൈപ്പ് പൊട്ടൽ താറുമാറാക്കിയ കുടിവെള്ള വിതരണം പൂർവസ്ഥിതിയിലാകാൻ ഇനിയും ദിവസങ്ങളെടുക്കും. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും നഗരത്തിലെ തൂക്കുകുളം ഓവർ ഹെഡ് ടാങ്കിന്റെ പരിധിയിലുള്ള പ്രദേശങ്ങളിലും ഇനിയും കുടിവെള്ളമെത്തിയിട്ടില്ല.
അമ്പലപ്പുഴയിലും പുന്നപ്രയിലും പ്രധാന പൈപ്പ് ലൈനുകളുടെ പൊട്ടൽ പരിഹരിച്ചതോടെ മറ്റ് അഞ്ചു പഞ്ചായത്തുകളിലെയും തൂക്കുകുളം ഓവർ ഹെഡ് ടാങ്കിന്റെ പരിധിയിലുള്ള മേഖല ഒഴികെ നഗരത്തിലും കുടിവെള്ളം എത്തിതുടങ്ങി. എന്നാൽ ആഴ്ചകളായി ജലവിതരണം ഇല്ലാതിരുന്നതിനാൽ പൈപ്പുവെള്ളം എത്തിതുടങ്ങിയ സ്ഥലങ്ങളിലെല്ലാം ടാങ്കുകളും പാത്രങ്ങളും നിറയ്ക്കാൻ ആളുകൾ മത്സരിച്ചത് വെള്ളം വരവിന്റെ ശക്തി കുറയാൻ ഇടയാക്കി. ഒന്ന് രണ്ട് ദിവസം കൂടി കഴിഞ്ഞാലേ ജല വിതരണം സാധാരണ നിലയിലെത്തൂവെന്നാണ് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.
പ്രധാന വാൽവ് പൊട്ടി, മോട്ടോർ കത്തിപ്പോയി
കരുമാടി പ്ളാന്റിൽ നിന്ന് പുറക്കാട് ഓവർ ഹെഡ് ടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് ലൈനിന്റെ പ്രധാന വാൽവ് ദേശീയപാത നിർമ്മാണത്തിനിടെ പൊട്ടിയതാണ് പുറക്കാട്ടെ ജലവിതരണം വീണ്ടും തടസപ്പെടുത്തിയത്. പുതിയ വാൽവ് സ്ഥാപിച്ച് തിങ്കളാഴ്ചയോടെ മാത്രമേ ജലവിതരണം ഇവിടെ പുനഃസ്ഥാപിക്കാനാകൂ. തൂക്കുകുളം ഓവർ ഹെഡ് ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ കത്തിപ്പോയതാണ് നഗരത്തിലെ പള്ളാതുരുത്തി, തൂക്കുകുളം ഉൾപ്പെടെ സമീപ വാർഡുകളിലെ ജലവിതരണം തടസപ്പെടാൻ ഇടയാക്കിയത്. മോട്ടോർ മാറ്റി സ്ഥാപിക്കുന്ന ജോലികൾ പുരോഗമിച്ചുവരികയാണ്. പെരുന്നാൾ ദിനമായ ഇന്നെങ്കിലും ഇവിടെ ജലവിതരണം പുനഃസ്ഥാപിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ വാട്ടർ അതോറിട്ടിക്കും ഉറപ്പില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |