ആലപ്പുഴ: രണ്ടാംകൃഷിയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലായിട്ടും വിത്ത് എത്താത്തതിനെത്തുടർന്ന് കർഷകർ പ്രതിസന്ധിയിൽ. കൃഷി വകുപ്പിന്റെ കീഴിലുള്ള സീഡ് അതോറിട്ടിയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ നിന്ന് വിത്ത് സംഭരിച്ച് എത്തിക്കുന്നതിലെ കാലതാമസമാണ് തിരിച്ചടിയായത്.
കുട്ടനാട്ടിൽ രണ്ടാംകൃഷി നടക്കുന്ന 13 കൃഷി ഭവനുകളിലെ കർഷകർക്കായി 250 ടൺ വിത്താണ് സീഡ് അതോറിട്ടി എത്തിക്കേണ്ടത്. കർഷകരിൽ നിന്ന് സംഭരിച്ച് സംസ്കരിച്ച ഉമ (ഡി.വൺ) ഇനത്തിൽപ്പെട്ട വിത്ത് പാലക്കാട് കൊല്ലങ്കോടെ വിവിധകർഷകരുടെ കളങ്ങളിലുണ്ട്. കിളിർപ്പിന് അനുയോജ്യമാം വിധം 13ശതമാനമാക്കി ഉണക്കി സൂക്ഷിച്ചിരിക്കുന്ന നെൽവിത്തുകൾ സംസ്കരണ കേന്ദ്രങ്ങളിലെത്തിച്ച് 30കിലോ വീതമുള്ള ബാഗുകളാക്കി വാഹനത്തിൽ കയറ്റിവേണം കുട്ടനാട്ടിലെത്തിക്കാൻ. വാഹന കരാറുകാരൻ കോടതിയെ സമീപിച്ചതിനെ തുടർന്നുണ്ടായ സാഹചര്യം കണക്കിലെടുത്ത് വിത്ത് വിതരണത്തിനുള്ള മാർഗം സംബന്ധിച്ച് കൃഷി വകുപ്പ് നിയമോപദേശം തേടിയിട്ടുണ്ടെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല.
നേരത്തെയെത്തിയ കാലവർഷവും കിഴക്കൻവെള്ളത്തിന്റെ വരവും കാരണം ബണ്ടുകൾ തകരുകയും വിതയ്ക്കൊരുക്കിയ പാടങ്ങൾ വെളളത്തിൽ മുങ്ങുകയും ചെയ്തതോടെ ചില പാടങ്ങളിൽ കൃഷിയുടെ ഒരുക്കങ്ങൾ ആദ്യംമുതൽ തുടങ്ങേണ്ട സ്ഥിതിയാണ്. ജൂൺ ആദ്യവാരമാണ് സാധാരണ ഗതിയിൽ വിത ആരംഭിക്കേണ്ടത്. മഴയ്ക്ക് നേരിയ ശമനം വരികയും വെള്ളംഇറങ്ങി തുടങ്ങുകയും ചെയ്തതോടെ പാടങ്ങൾ വിതയ്ക്ക് തയ്യാറായി തുടങ്ങിയിട്ടുണ്ട്. വിത്തിന്റെ ക്ഷാമം കണക്കിലെടുത്ത് കുട്ടനാട്ടിൽ വിത്ത് കൈവശമുള്ളവർ വിലയും കൂട്ടി. കിലോഗ്രാമിന് 44 രൂപയ്ക്ക് ലഭിച്ചിരുന്ന വിത്തിന് ചിലർ 48, 50 രൂപവരെ വാങ്ങുന്നുണ്ട്.
കരാറുകാരൻ കോടതിയെ സമീപിച്ചത് തിരിച്ചടി
1.വിത്ത് വിതരണം കരാറെടുത്തിരുന്ന ട്രാൻസ്പോർട്ടിംഗ് ഏജൻസി കരാർ സംബന്ധിച്ച തർക്കത്തെത്തുടർന്ന് കോടതിയെ സമീപിച്ച് വിത്ത് വിതരണത്തിന് സ്റ്റേ വാങ്ങിയതാണ് വിതരണം താറുമാറാക്കിയത്
2.പാടങ്ങളും കുട്ടനാട്ടിലെ റോഡുകളും വെള്ളത്തിൽ മുങ്ങിയതിനാൽ വിത്ത് സാവകാശം എത്തിച്ചാൽ മതിയെന്ന് ജില്ലാ കൃഷിഭവനിൽ നിന്ന് സീഡ് അതോറിട്ടിയെ അറിയിച്ചതും വിതരണം വൈകാനിടയാക്കി
3.കുട്ടനാട്ടിലെ 32,000 ഹെക്ടറോളം വരുന്ന പാടങ്ങളിൽ 10,000 ഹെക്ടറിലാണ് രണ്ടാം കൃഷിയുള്ളത്. ഒരു ഹെക്ടറിന് 100 കിലോയെന്ന ക്രമത്തിൽ 10 ലക്ഷം കിലോ നെൽവിത്താണ് കുട്ടനാട്ടിലേക്ക് ആകെ വേണ്ടത്
4.ഇതിൽ സീഡ് അതോറിട്ടിയെത്തിക്കുന്ന 250 ടൺ കഴിച്ചാൽ ശേഷിക്കുന്ന വിത്ത് കേരള കാർഷിക സർവകലാശാലയിൽ നിന്നും പരമ്പരാഗത കർഷകരിൽ നിന്നും ലഭ്യമാക്കാനാണ് നീക്കം
സീഡ് അതോറിട്ടി എത്തിക്കേണ്ട വിത്ത്
250 ടൺ
വിതയ്ക്ക് വിത്ത് ലഭ്യമാകാത്ത സാഹചര്യം കൃഷി അവതാളത്തിലാക്കും. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഗുണമേൻമയുള്ള വിത്ത് ലഭ്യമാക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ വേണം
- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |