കൊച്ചി: ഒരു മാസം മുമ്പ് പൊലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിലുൾപ്പെടുത്തിയ വനിതാ ഗുണ്ടയെ, തൃക്കാക്കര നഗരസഭാ സെക്രട്ടറിയുൾപ്പെടെ ജീവനക്കാരുടെ ജോലി തടസപ്പെടുത്തുകയും ഔദ്യോഗിക യോഗം അലങ്കോലപ്പെടുത്തുകയും ചെയ്ത കേസിൽ അറസ്റ്റ് ചെയ്തു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തൃക്കാക്കര വാഴക്കാല ഇന്ദിരാനഗർ സുധർമ്മവിലാസത്തിൽ മഞ്ജു സുധീരനെ (44) യാണ് തൃക്കാക്കര ഇൻസ്പെക്ടർ എ.കെ. സുധീർ, എസ്.ഐ വി.ബി. അനസ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സ്ഥിരം കുറ്റവാളിയായ പ്രതിക്കെതിരെ കാപ്പ ചുമത്താൻ നടപടി തുടങ്ങി.
ഏപ്രിൽ 23ന് രാവിലെയാണ് തൃക്കാക്കര നഗരസഭാസെക്രട്ടറി സന്തോഷിനെയും ഉദ്യോഗസ്ഥരെയും കോൺഫറൻസ് ഹാളിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തത്. മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാനുള്ള വാർ റൂം മാനേജ്മെന്റ് പോർട്ടലിൽ പ്രതി 100 ഓളം വ്യാജഫോട്ടോകൾ അപ്പ്‌ലോഡ് ചെയ്തിരുന്നു. തൃക്കാക്കര നഗരസഭാ പരിസരത്ത് മത്സ്യവിൽപ്പനയും മറ്റും നടത്തുന്നവരുടെ ഫോട്ടോകളാണ് മാലിന്യം വലിച്ചെറിയുന്നവരെന്ന പേരിൽ പോർട്ടലിൽ പരാതി സഹിതം നൽകിയത്. പരാതികൾ ശരിയാണെന്ന് കണ്ടെത്തി പിഴ ചുമത്തിയാൽ വിവരം നൽകിയ ആൾക്ക് തുകയുടെ 25 ശതമാനം വരെ പരമാവധി 2500 രൂപ പ്രതിഫലം ലഭിക്കും. മഞ്ജു നൽകിയ പരാതികളിൽ നഗരസഭയുടെ ആരോഗ്യവിഭാഗം അന്വേഷണം നടത്തി അടിസ്ഥാനരഹിതമാണെന്ന് കണ്ട് തള്ളിയിരുന്നു.
പരാതികളിൽ നടപടിയെടുക്കണമെന്നും പ്രതിഫലം നൽകണമെന്നും ആവശ്യപ്പെട്ടാണ് മഞ്ജു നഗരസഭയിലെത്തിയത്. ഈ സമയം വാർഡ്‌വിഭജനം സംബന്ധിച്ച് കോൺഫറൻസ് ഹാളിൽ അടിയന്തരയോഗം നടക്കുകയായിരുന്നു. ഹാളിൽ അതിക്രമിച്ചു കടന്ന പ്രതി സെക്രട്ടറിയോടും ജീവനക്കാരോടും തട്ടിക്കയറുകയും ബഹളം കൂട്ടുകയും ചെയ്തതോടെ യോഗം തടസപ്പെട്ടു. സെക്രട്ടറി അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും മഞ്ജു സ്ഥലം വിട്ടിരുന്നു. ഇന്നലെ പടമുഗളിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിലെ 32 റൗഡികളിൽ ആദ്യത്തെ വനിതാ ഗുണ്ടയാണ് മഞ്ജുവെന്ന് പൊലീസ് അറിയിച്ചു. തെരുവ് കച്ചവടക്കാരെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നതും നൽകാത്തവരുടെ സ്ഥാപനങ്ങളിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തുന്നതും പതിവാണ്. ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായ സാഹചര്യത്തിലാണ് കാപ്പയിൽപ്പെടുത്താൻ നടപടി തുടങ്ങിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |