വിഴിഞ്ഞം: കഴിഞ്ഞ ഒരാഴ്ചയായി ബർത്ത് കിട്ടാതെ വിഴിഞ്ഞത്തെ പുറംകടലിൽ കാത്തുകിടന്ന ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പൽ എം.എസ്.സി ഐറിന ഇന്ന് രാവിലെ 8ന് തുറമുഖത്ത് ബർത്തിംഗ് (മൂറിംഗ്) നടത്തും. കഴിഞ്ഞ 3ന് രാത്രി 7ഓടെയാണ് വിഴിഞ്ഞം തുറമുഖത്തിന് സമീപത്തെ പുറംകടലിൽ കപ്പലെത്തിയത്. ചരക്ക് നീക്കത്തിനായി രണ്ട് ദിവസംകൂടി തുറമുഖത്തുണ്ടാകുമെന്നാണ് വിവരം. ഇതിൽനിന്നും നാലായിരത്തോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തിറക്കിയശേഷം ഏതാനും കണ്ടെയ്നറുകളുമായി മടങ്ങും. നിലവിൽ ഫീഡർ കപ്പലിൽനിന്ന് തുറമുഖത്ത് കണ്ടെയ്നർ നീക്കം നടക്കുന്നതിനാലാണ് ഇത്രയും ദിവസം എം.എസ്.സി ഐറിനയ്ക്ക് പുറംകടലിൽ കാത്തുകിടക്കേണ്ടി വന്നത്. ഐറിനയെ കൂടാതെ 49കപ്പലുകളാണ് ഈ മാസം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
എം.എസ്.സി ഐറിന
22നില കെട്ടിടത്തിന്റെ വലുപ്പം. 400 മീറ്റർ നീളവും 61 മീറ്ററിലധികം വീതിയുമുണ്ട്.
24,000 മീറ്റർ ഡെക്ക് ഏരിയായുള്ള കപ്പലിൽ 24,346 ടി.ഇ.യു കണ്ടെയ്നറുകളെ വഹിക്കാനാകും.
ഒരു വരിയിൽ 25കണ്ടെയ്നറുകൾ വയ്ക്കാം.
2023ൽ നിർമ്മിച്ച കപ്പലിൽ 35 ജീവനക്കാരുണ്ട്.
സിംഗപ്പൂരിൽ നിന്ന് യാത്രതിരിച്ച് ചൈനയിലും കൊറിയയിലും പോയി സിംഗപ്പൂരിൽ തിരികെയെത്തിയശേഷമാണ് വിഴിഞ്ഞത്തേക്ക് തിരിച്ചത്.
മലയാളി ക്യാപ്റ്റൻ തൃശ്ശൂർ പുറനാട്ടുകര സ്വദേശി വില്ലി ആന്റണിയാണ് ഇന്ത്യയിൽ ആദ്യമായി ഈ കപ്പലിനെയെത്തിച്ചത്. കണ്ണൂർ സ്വദേശിയായ അഭിനന്ദും ഇതിൽ ഉൾപ്പെടും.
കപ്പൽ ഭീമൻമാർ
എം.എസ്.സി ഐറിന പോലുള്ള 6 കപ്പലുകൾ എം.എസ്.സിക്കുണ്ട്. ഐറിന,ലൊറെറ്റോ,മൈക്കൽ കാപ്പെല്ലിനി,മരിയല്ല, മൈക്കോൾ,തുർക്കിയേ എന്നിവയാണ് നീറ്റിലിറക്കിയ വമ്പൻ കപ്പലുകൾ. അതിൽ ആദ്യം ഇറങ്ങിയത് ഐറിന ആയതുകൊണ്ട് ഐറിന ക്ലാസ് എന്ന് ഈ 6 കപ്പലുകൾ അറിയപ്പെടുന്നു. ഇതേ ക്ലാസിലെ കപ്പലേനിയും തുർക്കിയേയും മുമ്പ് വിഴിഞ്ഞത്തെത്തിയിട്ടുണ്ട്.
ലോക റെക്കാഡും
ബോകോം ലീസിംഗ് കമ്പനി എം.എസ്.സിക്ക് വേണ്ടി ഓർഡർ ചെയ്ത രണ്ട് അൾട്രാ-ലാർജ് കണ്ടെയ്‌നറുകളായ എസ്.എം.സി ഐറിന, എസ്.എം.സി ടെസ എന്ന രണ്ട് അൾട്രാ-ലാർജ് കണ്ടെയ്‌നർ വെസലുകൾ ഒരേസമയം നാമകരണവും ഒന്നിച്ച് നീറ്റിലിറക്കുകയും ചെയ്തെന്ന ലോക റെക്കാഡും നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |