തിരുവനന്തപുരം: സൗമ്യതയാർന്ന പെരുമാറ്റത്താൽ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും മാർഗ്ഗദീപമായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് തലസ്ഥാനം വിട നൽകി.
ശനിയാഴ്ച ഉച്ചയ്‌ക്ക് രണ്ടു മണിയോടെ തൈക്കാട് ശാന്തികവാടത്തിലെ ചിതയിലേക്കെടുത്ത അദ്ദേഹത്തിന്റെ ഭൗതിക ദേഹത്തെ അഗ്നി നാളങ്ങൾ ഏറ്റുവാങ്ങി. സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക ബഹുമതികളോടെ അടുത്ത ബന്ധുക്കളുടെയും കോൺഗ്രസ് നേതാക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ .ഖദറിന്റെ വെണ്മപോലെ ആരെയും ആകർഷിക്കുന്ന തെളിമയാർന്ന പെരുമാറ്റം കൊണ്ട് പ്രിയങ്കരനായിരുന്ന തെന്നലയെ അവസാനമായി കാണാൻ വീട്ടിലും കെ.പി.സി.സി ആസ്ഥാനത്തും കിഴക്കേക്കോട്ട അയ്യപ്പ സേവസംഘത്തിലും നടന്ന പൊതുദർശനത്തി ആയിരങ്ങൾ ഒഴുകിയെത്തി.
രാവിലെ 11 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ കെ.പി.സി.സി ആസ്ഥാനത്തെത്തി അന്ത്യോപചാരമർപ്പിച്ചു. മന്ത്രി വി.ശിവൻകുട്ടിയും ഒപ്പമുണ്ടായിരുന്നു.
ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ള പ്രമുഖരും അന്ത്യോപചാരമർപ്പിക്കാനെത്തി.
നെട്ടയത്തെ വസതിയിൽ നിന്നും ഭൗതികദേഹം ശനിയാഴ്ച രാവിലെ 11.15 ഓടെ കെ.പി.സി.സി ആസ്ഥാനത്തെത്തിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ എ.കെ.ആന്റണി, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് , മുൻ കെ.പി.സി.സി അദ്ധ്യക്ഷൻമാരായ വി.എം.സുധീരൻ,കെ.സുധാകരൻ , എം.എം.ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.മുരളീധരൻ എന്നിവർ ചേർന്ന് ഭൗതികശരീരത്തിൽ പാർട്ടി പതാക പുതപ്പിച്ചു.
യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എംപി,മുൻ സ്പീക്കർ എം.വിജയകുമാർ, ആർ.എസ്.പി നേതാക്കളായ ഷിബുബേബി ജോൺ,ബാബുദിവാകരൻ,സി.പി.ഐ നേതാവ് സി.ദിവാകരൻ,നീലലോഹിദാസൻ നാടാർ, ബി.ജെ.പി നേതാവ് ഒ.രാജഗോപാൽ,ജെ.ആർ.പത്മകുമാർ , എം.പിമാരായ രാജ്‌മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, എം.കെ.രാഘവൻ, എ.എ റഹീം ,എം,എൽ,എമാരായ എം.വിൻസന്റ് , മാത്യൂ കുഴൽനാടൻ ,യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ , തിരുവഞ്ചൂർ രാധാകൃഷ്ണൻ ,എം.ലിജു, ജി,എസ്,ബാബു, ജി.സുബോധൻ,മരിയാപുരം ശ്രീകുമാർ,കെ.പി.ശ്രീകുമാർ,എം.എം. നസീർ, എൻ.ശക്തൻ, പഴകുളം മധു, വി.എസ്.ശിവകുമാർ,ജോസഫ് വാഴയ്ക്കൻ,ചെറിയാൻ ഫിലിപ്പ്, ബിന്ദുകൃഷ്ണ, ഡി.സി.സി പ്രസിഡന്റു പാലോട് രവി, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, എൻ.പിതാംബരക്കുറുപ്പ്, പന്തളം സുധാകരൻ, വി.സുരേന്ദ്രൻ പിള്ള, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ, കെ.പിശങ്കരദാസ്, ടി. ശരത്ചന്ദ്ര പ്രസാദ്, കെ.മോഹൻകുമാർ,മണക്കാട് സുരേഷ്,എം.എ വാഹിദ് സിനിമാ നിർമ്മാതാവ് രഞ്ജിത്ത് തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പിക്ക് വേണ്ടി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽകുമാർ റീത്ത് സമർപ്പിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |