കൊച്ചി: വഴിയിൽവച്ച് വൈദ്യുത വാഹനങ്ങളുടെ ബാറ്ററി ചാർജ് തീർന്നാൽ സ്വാപ്പിംഗ് കേന്ദ്രങ്ങളിലെത്തി പകരം ഘടിപ്പിക്കാവുന്ന പദ്ധതി സംസ്ഥാനത്ത് പാളി. 2021ൽ തുടങ്ങിയ പദ്ധതി തിരുവനന്തപുരത്തും കോഴിക്കോട്ടും മാത്രമായി ഒതുങ്ങി. ആകെയുള്ളത് അന്ന് തുടങ്ങിയ 12 സ്വാപ്പിംഗ് സ്റ്റേഷനുകൾ. അതും ഓട്ടോകൾക്ക് മാത്രം. എല്ലാ ജില്ലകളിലും അഞ്ച് ബാറ്ററി മാറ്റൽ കേന്ദ്രങ്ങൾ, പിന്നീട് എല്ലാ താലൂക്ക്, നഗരപ്രദേശങ്ങളിലും എന്നായിരുന്നു വാഗ്ദാനം.
ഫുൾചാർജുള്ള ഒരു ബാറ്ററിയിൽ 150 കിലോമീറ്ററാണ് ഓടാനാകുക. ചാർജ് തീരാറാകുമ്പോൾ സ്വാപ്പിംഗ് സ്റ്റേഷനിലെത്തി നിശ്ചിത നിരക്ക് നൽകി ബാറ്ററി മാറ്റിവയ്ക്കാമെന്നതായിരുന്നു പദ്ധതി. സ്വാപ്പിംഗ് കേന്ദ്രങ്ങളിൽ ഫുൾ ചാർജ് ചെയ്ത ബാറ്ററികൾ ഇതിനായി ഉണ്ടാകും. അനർട്ടിന്റെ സാങ്കേതിക സഹായത്തോടെ സ്വകാര്യ സംരംഭകരുടെ നേതൃത്വത്തിലാണ് നിലവിലെ കേന്ദ്രങ്ങൾ.
ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ ബാറ്ററി മാറ്റമാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിട്ടതെങ്കിലും ഓട്ടോയുടേത് മാത്രമാണ് നടപ്പായത്. തിരുവനന്തപുരത്തും കോഴിക്കോട്ടും 150 വീതം ഓട്ടോറിക്ഷകൾ ഇതുപയോഗിക്കുന്നുണ്ട്. കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിക്കുന്നതിനു മുമ്പേ സംസ്ഥാനത്ത് തുടങ്ങിയ പദ്ധതിയാണ് നാല് വർഷമായിട്ടും കിതയ്ക്കുന്നത്.
നിരക്ക് ഏകീകരണമടക്കം
നടപ്പാക്കാത്തത് തിരിച്ചടി
1.ബാറ്ററിസൈസ്, കപ്പാസിറ്റി, നിരക്ക് എന്നിവയെല്ലാം ഏകീകരിക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നുവെങ്കിലും സ്വകാര്യ കമ്പനികൾ അംഗീകരിക്കാത്തതാണ് പദ്ധതി പാളാനുള്ള പ്രധാന കാരണം
2.സ്വാപ്പിംഗ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന ബാറ്ററിയുടെ കാലപ്പഴക്കം, ചാർജ് അടക്കം ഉറപ്പാക്കാൻ കഴിയാത്തത്. നിലവിലെ സ്വാപ്പിംഗ് കേന്ദ്രങ്ങളിൽ ഇപ്പോഴുമുള്ളത് നാലു വർഷം മുമ്പുള്ള ബാറ്ററികൾ
നിരക്ക് 200 രൂപ
നിലവിലെ സ്വാപ്പിംഗ് കേന്ദ്രങ്ങളിൽ പകരം ബാറ്ററിക്ക് ഈടാക്കുന്നത് 200 രൂപ. കാർഡ് വഴിയും നിരക്ക് നൽകാനുള്ള സംവിധാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |