ഇംഫാൽ: മണിപ്പൂരിൽ മെയ്‌തി സംഘടനായ അറംബായ് തെങ്കോലിന്റെ നേതാവിനെ അറസ്റ്റുചെയ്‌തതിനെതിരെ നടന്ന പ്രതിഷേധം അക്രമാസക്തമായി. സംഘർഷത്തെത്തുടർന്ന് അഞ്ച് ജില്ലകളിൽ കർഫ്യു ഏർപ്പെടുത്തി.
സംഘർഷ മേഖലകളിൽ ഇന്നലെ മുതൽ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു.
2023ലെ മണിപ്പൂർ അക്രമവുമായി ബന്ധപ്പെട്ട വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ അറംബായ് തെങ്കോൽ നേതാവ് കാനൻ സിംഗിനെ കഴിഞ്ഞ ദിവസമാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, ബിഷ്ണുപുർ, കാക്ചിങ് ജില്ലകളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധക്കാർ റോഡിൽ ടയറുകളുൾപ്പെടെ കത്തിച്ചു. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുറൈ ലാംലോംഗ് മേഖലയിൽ ജനക്കൂട്ടം ബസിന് തീയിട്ടു. ക്വാകെയ്‌തെലിൽ പലതവണ വെടിവയ്പുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാസേന കണ്ണീർ വാതകം പ്രയോഗിച്ചു. ലാത്തി ചാർജ്ജിൽ ഒരാൾക്ക് പരിക്കേറ്റു.
കാനൻ സിംഗിനെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് തുലിഹാലിലെ വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിലും പ്രതിഷേധമുണ്ടായി. അവിടെ സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായി. ചിലർ സ്വയം തീകൊളുത്താനും ശ്രമിച്ചു. പ്രദേശത്ത് കനത്ത ജാഗ്രത തുടരുകയാണ്. സമൂഹ മാദ്ധ്യമത്തിലൂടെ വിദ്വേഷ പരാമർശങ്ങളും ദൃശ്യങ്ങളും പ്രചരിക്കുന്നത് തടയാനാണ് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചതെന്ന് അഭ്യന്തര സെക്രട്ടറി എൻ. അശോക് കുമാർ വ്യക്തമാക്കി.
ഗവർണറെ കണ്ട്
നേതാക്കൾ
രാജ്ഭവനിലേക്കുള്ള റോഡുകളിൽ സുരക്ഷ ശക്തമാക്കി
ബിഷ്ണുപൂർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബാൽ, കാക്ചിംഗ് ജില്ലകളിൽ കർഫ്യൂ
മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല മുതിർന്ന ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തി
ഒരു സംഘം എം.എൽ.എമാരും ഒരു എം.പിയും ഗവർണറെ കണ്ട് വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു
പ്രതിഷേധം ശക്തമാക്കും
പ്രതിഷേധം ശക്തമാക്കുമെന്ന് അറംബായ് തെങ്കോൽ അറിയിച്ചു. വിവിധ ജില്ലകളിൽ ഇന്നലെ മുതൽ പത്ത് ദിവസത്തെ സമ്പൂർണ ബന്ദിന് സംഘടന ആഹ്വാനം ചെയ്‌തു. ഒരു സാംസ്‌കാരിക നവോത്ഥാന ഗ്രൂപ്പായി ആരംഭിച്ച മെയ്തി സംഘടനയ്ക്ക്, സംസ്ഥാനത്തെ വംശീയ അക്രമങ്ങളിൽ പങ്കുണ്ടെന്നാണ് ആരോപണം. അടുത്തിടെ ഗവർണറുമായി നടത്തിയ ചർച്ചയെ തുടർന്ന് ചിലർ ആയുധം വച്ച് കീഴടങ്ങിയിരുന്നു. മണിപ്പൂരിൽ രണ്ട് വർഷം മുമ്പ് പൊട്ടിപ്പുറപ്പെട്ട കുക്കി, മെയ്തി വംശീയ കലാപവുമായി ബന്ധപ്പെട്ട് സുരക്ഷാ സേന നിരവധിപേരെ അറസ്റ്റ് ചെയ്യുന്നുണ്ട്.
ആശങ്കകൾ പരിഹരിക്കുന്നതിനും സാധാരണ നില പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണ്
-അജയ് കുമാർ ഭല്ല
മണിപ്പൂർ ഗവർണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |