ഒരിക്കലും മാപ്പു ചോദിക്കാതെ എല്ലായ്പ്പോഴും ദളിതനോട് കലഹിച്ചിട്ടേയുള്ളു കാലം. ചരിത്രത്തിൽ എപ്പോഴും നീതിക്കായി നിലവിളിക്കേണ്ടി വരുന്നവർ. 'കോളനി"യിൽ നിന്ന് 'ഉന്നതി"യിലേക്കെത്തുമ്പോഴും ദളിതന്റെ സാമ്പത്തിക ജീവിത നിലവാരത്തിൽ വലിയ മാറ്റം വരുത്താൻ അധികാരവർഗത്തിന് കഴിയുന്നില്ല- അന്വേഷണ പരമ്പര.
മാറി വരുന്ന ഭരണകൂടങ്ങളെല്ലാം ദളിതരെ അവഗണിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഏറ്റവും ഒടുവിൽ പുറത്തുവന്ന, ഷിജുവിന്റെയും ബിന്ദുവിന്റെയും വിഷയവും അങ്ങനെതന്നെ. ബിന്ദുവിന്റെ കേസിൽ പരാതിക്കാരിയായ സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ പുറത്തു വന്നിട്ടില്ല. അവർ പൊലീസിന്റെ ഒത്താശയിൽ വിദേശത്തേക്കു കടന്നെന്നാണ് വിവരം. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് കേസിൽ നിന്ന് തലയൂരാൻ ശ്രമിക്കുകയാണ് ഭരണകൂടം.
ഷിജുവിന്റെ കേസിലും സാഹചര്യം വ്യത്യസ്തമല്ല. കൃത്യസമയത്ത് കേസെടുക്കാനോ ചികിത്സ നൽകാനോ അധികാരി വർഗം മന:പൂർവം വിസമ്മതിയ്ക്കുന്ന കാഴ്ച പരിഷ്കൃത സമൂഹത്തിലാണ് നടക്കുന്നത്. തെളിവുകൾ പകൽപോലെ സംസാരിച്ചിട്ടും തിരുത്തലുകൾ വരുത്താൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകുന്നില്ല. മാദ്ധ്യമങ്ങളിൽ വാർത്ത വന്നാൽ ചിലപ്പോൾ നടപടിയുണ്ടാകും. അതു കഴിയുമ്പോൾ പുതിയൊരു ഇരയുടെ വിവരം പുറത്തു വരുന്നതുവരെ മൗനം. ശാശ്വത തിരുത്തൽ ഒരിക്കലുമുണ്ടാകുന്നില്ല.
ഈ ക്രൂരതയ്ക്ക്
കാരണം ജാതി
'എന്റെ ജാതി, എന്റെ നിറം... ഇങ്ങനെയൊരു ക്രൂരത ചെയ്യാൻ മറ്റൊരു കാരണവും അവർക്കില്ലായിരുന്നു." - ഇരുപത് മണിക്കൂർ തിരുവനന്തപുരം പേരൂർക്കട സ്റ്റേഷനിൽ മാലക്കള്ളിയെന്ന് മുദ്രകുത്തപ്പെട്ട ബിന്ദു എന്ന മുപ്പത്തൊൻപതുകാരിയുടെ വെളിപ്പെടുത്തൽ ആരോഗ്യത്തിലും സുരക്ഷയിലും വിദ്യാഭ്യാസത്തിലും മുൻപന്തിയിലെന്ന് അവകാശപ്പെടുന്ന കേരളം തലകുനിച്ച് കേൾക്കേണ്ടി വരും. കള്ളിയല്ലെന്ന് ആവർത്തിച്ചു പറഞ്ഞ് കാലുപിടിച്ചിട്ടും വീട്ടിലറിയിക്കാതെ തെളിവെടുപ്പിന് തന്റെ പെൺമക്കളുടെയും നാട്ടുകാരുടെയും മുന്നിൽ അപമാനിതയായി നിൽക്കേണ്ടിവന്ന ബിന്ദുവിനെ ഏതു വിധത്തിലാണ് സമാധാനിപ്പിക്കുക?
ഒരുപക്ഷെ, കേസ് തെളിഞ്ഞില്ലെങ്കിൽ മാലക്കള്ളിയുടെ മക്കളെന്ന് അറിയപ്പെടേണ്ടി വരുന്ന പെൺമക്കളുടെ വേദനയെ ബിന്ദുവിന്റെ അമ്മമനസ് എങ്ങനെ ചേർത്തു നിറുത്തും? സ്റ്റേഷനിൽ അമ്മയ്ക്കായി കാത്തിരിക്കേണ്ടി വന്ന പെൺമക്കളുടെ ഉള്ളിലെ തീ എങ്ങനെയാണ് അധികാരികൾ അണയ്ക്കുക. നേരിട്ട കടുത്ത അപമാനത്തിനും വ്യാജ കേസിനുമെതിരെ പരാതി നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോഴും ശുഭമായുള്ള മറുപടിയായിരുന്നില്ല ബിന്ദുവിന് ലഭിച്ചത്. ബിന്ദുവിനെതിരെ വ്യാജപരാതി നൽകിയ സ്ത്രീ മാത്രമല്ല, പൊലീസും ഒരുപോലെ പ്രതിഭാഗത്തുണ്ടെന്ന് ചുരുക്കം.
ആറരമണിക്കൂർ
നീണ്ട മൊഴി
ആറരമണിക്കൂർ നീണ്ട മൊഴിയെടുപ്പ്. ഇടയിൽ പലപ്പോഴും വിതുമ്പലടക്കാൻ പാടുപെട്ടിരുന്നു, ബിന്ദു. എങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറഞ്ഞു. മക്കളെയും ഭർത്താവിനെയും പ്രതി ചേർക്കുമെന്നു ഭീഷണിപ്പെടുത്തിയത്, വ്യാജമോഷണക്കുറ്റം ചുമത്തിയത്, മാലക്കള്ളിയെന്നു വിളിച്ച് അപമാനിച്ചത്, പൊലീസ് ഉദ്യോഗസ്ഥർ മോശമായി ഇടപ്പെട്ടത്, ഭക്ഷണവും വെള്ളവും നൽകാതിരുന്നത്... തുടങ്ങി എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി വിശദമായ മൊഴിയാണ് അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്.
ഒരു നിമിഷം ബിന്ദുവിനെ കേൾക്കുവാനോ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുവാനോ മുഖ്യമന്ത്രിയുടെ ഓഫീസോ പൊലീസ് ഉദ്യോഗസ്ഥരോ തയ്യാറായിരുന്നെങ്കിൽ ഒരു പക്ഷെ ഈ കേസിന്റെ ഗതിതന്നെ മാറിയേനെ. കേസിന്റെ തുടക്കം മുതൽ ബിന്ദുവിനെ കേൾക്കാൻ അധികാരികൾ ശ്രമിച്ചിരുന്നില്ല. ഇത് ബിന്ദുവിന്റെ മാത്രം പ്രശ്നമല്ല. ദളിതന്റെ പരാതികൾക്ക് എപ്പോഴും തട്ടുപൊളിപ്പൻ ന്യായവും എണ്ണിയാൽ തീരാത്ത സംശയങ്ങളും മാത്രമാണ് ലഭിക്കുക. പൊലീസിൽ പരാതി നൽകിയാൽത്തന്നെ ആദ്യം അന്വേഷിക്കുക, പരാതിയിൽ വാസ്തവമുണ്ടോ എന്നാകും. ബിന്ദുവിനെതിരെ ഓമന നൽകിയ പരാതി സത്യസന്ധമാണോ എന്ന് ഒരു ഘട്ടത്തിലും പരിശോധിക്കപ്പെട്ടില്ല. ഒടുവിൽ മാല ലഭിച്ചപ്പോഴും ആ പരിസരത്ത് കാണരുതെന്നു പറഞ്ഞാണ് വിട്ടയയ്ക്കുന്നത്. അതും, ഒരു രാത്രി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ച ശേഷം.
പത്തിലും പ്ലസ്ടുവിനും പഠിക്കുന്ന രണ്ട് പെൺകുട്ടികളെയും കേസിൽ പ്രതി ചേർക്കുമെന്ന് പറഞ്ഞപ്പോൾ ഭയന്നു വിറച്ച ബിന്ദുവിന്റെ നിസഹായവസ്ഥയെ ഏതു തുലാസിലാണ് അധികാരികൾ അളക്കുക?
ഭക്ഷണം തരാത്ത, വെള്ളം ചോദിച്ചപ്പോൾ കക്കൂസിൽ നിന്നെടുത്ത് കുടിക്കാൻ പറഞ്ഞ പൊലീസിനെ എങ്ങനെയാണ് ഈ നാട്ടിലെ അരികുവൽക്കരിക്കപ്പെട്ട ജനങ്ങൾ വിശ്വസിക്കുക?
(നാളെ: കെട്ടിയിടപ്പെട്ട ആദിവാസി ജനത)
പട്ടികജാതി- പട്ടിക വർഗ അതിക്രമങ്ങൾക്കെതിരെ കേസ് എടുക്കുന്നുണ്ടെങ്കിലും തുടർ അന്വേഷണങ്ങൾ നടക്കുന്നില്ല. കൂടുതൽ കേസുകളും തെളിയിക്കപ്പെടുകയോ ശിക്ഷ ലഭിക്കുകയോ ചെയ്യുന്നില്ല. 2012 മുതലുള്ള കേസുകൾ പരിശോധിച്ചാൽ വിരലിലെണ്ണാവുന്ന കേസുകളിൽ മാത്രമാണ് പ്രതികളെ പിടികൂടിയിട്ടുള്ളത്. പട്ടികജാതി-പട്ടികവർഗ സ്ത്രീകളും കുട്ടികളും അവരുടെ പുരുഷന്മാരും ഇപ്പോഴും നീതിക്കായുള്ള സമരത്തിലാണ്.
ധന്യ രാമൻ
(ദളിത് ആക്ടിവിസ്റ്റ്)
അട്രോസിറ്റി കേസ് (2025 ഏപ്രിൽ വരെ)
പട്ടികജാതി : 353
പട്ടിക വർഗം : 40
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |