കോഴിക്കോട്: ചെറുപ്രായത്തിൽ രണ്ട് കൊലപാതകങ്ങൾ നടത്തിയെന്ന് പൊലീസ് സ്റ്റേഷനിൽ കുറ്റസമ്മതം നടത്തിയ മുഹമ്മദലിക്ക് (ആന്റണി) മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നെന്ന് പൊലീസ്. പ്രതിയായ മലപ്പുറം വേങ്ങര ചേറൂർ കിളിനക്കോട് പള്ളിക്കൽ ബസാറിൽ താമസിക്കുന്ന മുഹമ്മദലി കോഴിക്കോട് എരഞ്ഞിപ്പാലത്തെ വിജയ ഹോസ്പിറ്റലിലും മെഡിക്കൽകോളേജിലും ചികിത്സ തേടിയിട്ടുണ്ടെന്ന് കോഴിക്കോട് നടക്കാവിലെ കേസന്വേഷിക്കുന്ന അസി.കമ്മിഷണർ ടി.കെ.അഷ്‌റഫും കൂടരഞ്ഞിയിലെ കേസന്വേഷിക്കുന്ന തിരുവമ്പാടി സി.ഐ.കെ.പ്രജീഷും പറഞ്ഞു.
ആദ്യകൊലപാതകം നടന്ന് 39വർഷത്തിനുശേഷം പൊലീസ് സ്റ്റേഷനിലെത്തി നടത്തിയ കുറ്റസമ്മതമൊഴിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് വിവിധ ഘട്ടങ്ങളിലായി മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടിയതായി പൊലീസിന് വിവരം ലഭിച്ചത്. ഇതോടെ പ്രതിയെ കിട്ടിയിട്ടും ഇരകളെ തിരിച്ചറിയാതെ വട്ടം കറങ്ങുന്ന പൊലീസിന് കൂടുതൽ പൊല്ലാപ്പായി.
14 വയസിലല്ല മുഹമ്മദലി ആദ്യകൊലപാതകം നടത്തിയതെന്നും അന്നയാൾക്ക് 17 വയസുണ്ടായിരുന്നെന്നും സി.ഐ പ്രജീഷ് വ്യക്തമാക്കി.
രണ്ടാം കൊലപാതകമെന്ന് വെളിപ്പെടുത്തിയ വെള്ളയിൽ ബീച്ചിൽ 1989 ൽ കണ്ടെത്തിയ മൃതദേഹത്തിന്റെ പൊരുൾ ചികയാൻ സിറ്റി പൊലീസ് കമ്മിഷണർ ഏഴംഗ ക്രൈം സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
കൂടരഞ്ഞി സംഭവത്തിനുശേഷം നാടുവിട്ട് നഗരത്തിലെത്തി ഹോട്ടലിൽ ജോലി ചെയ്തുവരുമ്പോൾ പണം തട്ടിപ്പറിച്ചൊരാളെ കഞ്ചാവ് ബാബു എന്നറിയപ്പെടുന്ന സുഹൃത്തിനൊപ്പം അക്രമിച്ച് കൊലചെയ്തുവെന്നാണ് വെളിപ്പെടുത്തൽ.
കൂടരഞ്ഞിയിൽ 1986 ൽ മരിച്ച അജ്ഞാതന്റെ വേരുകൾ തേടി തിരുവമ്പാടി പൊലീസ് ഇരിട്ടിയിലേക്കും പാലക്കാട്ടേക്കും അന്വേഷണം വ്യാപിപ്പിച്ചു. മലപ്പുറം വേങ്ങര പൊലീസ് മുഹമ്മദലിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി മൊഴിയെടുക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്.
1986 നവംബർ അവസാനമാണ് ആദ്യ സംഭവം. അന്ന് കൂടരഞ്ഞി സ്വദേശിയായ ആന്റണി (മുഹമ്മദലി) ദേവസ്യ എന്ന ആളുടെ പറമ്പിൽ കൂലിപ്പണിക്ക് പോയതായിരുന്നു. അവിടെ ജോലിക്കെത്തിയതായിരുന്നു കൊല്ലപ്പെട്ട ആൾ. ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ തോട്ടിലേക്ക് ചവിട്ടി വീഴ്ത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
#രണ്ടാം ക്ളാസിൽ പഠിക്കുമ്പോൾ വീടുവിട്ടു,
മാനസികപ്രശ്‌നമെന്ന് സഹോദരൻ
മുഹമ്മദലിക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്ന് സഹോദരൻ പൗലോസ് വെളിപ്പെടുത്തി. 'രണ്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് വീടുവിട്ടത്. പലയിടങ്ങളിലായി അലഞ്ഞുതിരിയുകയും ജോലി ചെയ്യുകയുമാണെന്ന വിവരമുണ്ടായിരുന്നു. ഞങ്ങൾ താമസിക്കുന്നതിന് നാലു കിലോമീറ്റർ അപ്പുറത്താണ് ആദ്യ സംഭവം നടന്നത്. അപ്പോഴൊന്നും അവൻ നാട്ടിലുണ്ടായിരുന്നില്ല. കേസുമായി അവന് യാതൊരു ബന്ധവുമില്ല. വയനാട്ടിൽ വിവാഹം കഴിച്ച് അതിൽ രണ്ട് കുട്ടികളും ഭാര്യയുമുണ്ട്. അവിടെനിന്നാണ് വേങ്ങരയിലേക്ക് പോയത്. പിന്നീട് മതം മാറി മറ്റൊരാളെ വിവാഹം കഴിച്ചെന്നറിഞ്ഞു. അതിലെ ഒരു കുട്ടി മരിച്ചതോടെ മാനസിക പ്രശ്‌നങ്ങൾ കൂടി. ഒരാൾക്ക് അപകടവും പറ്റി. അങ്ങനെ സമനിലതെറ്റി വിളിച്ചുപറഞ്ഞതാണ് ഇപ്പഴത്തെ കേസെന്നും സഹോദരൻ പൗലോസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |