കോഴിക്കോട് : മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ ഫ്ളാറ്റിൽ സ്ത്രീകളെ എത്തിച്ച് അനാശാസ്യം നടത്തിയിരുന്ന സംഘത്തിന്റെ ഇടപാടുകൾ മുഴുവൻ വാട്സാപ്പ് ഗ്രൂപ്പിലൂടെ. പതിവ് ഇടപാടുകാരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് രൂപീകരിക്കുന്നത്. പിന്നീട് ഇടപാടുകാരുമായി പരിചയമുള്ളവരെയും ഗ്രൂപ്പിലേക്ക് ചേർക്കും. തത്പര കക്ഷികൾക്ക് വാട്സാപ്പിലൂടെ ലൊക്കേഷൻ കൈമാറും. ഇങ്ങനെ വരുന്നവർ ഫ്ലാറ്റിലെ കൗണ്ടറിൽ പണമടച്ചാണ് ഇടപാടുകൾ നടത്തിയിരുന്നത്.
ആശുപത്രികളുടെ അടുത്താണ് സംഘം ഫ്ലാറ്റുകൾ എടുത്തിരുന്നത്. രോഗികളുടെ കൂടെ എത്തുന്നവരായിരുന്നു പ്രധാന ഇടപാടുകാർ. കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നുമാണ് സ്ത്രീകളെ എത്തിച്ചിരുന്നത്. 3500 രൂപയാണ് ഒരു ഇടപാടുകാരനിൽ നിന്ന് വാങ്ങിയിരുന്നത്. എന്നാൽ 1000 രൂപമാത്രമാണ് സ്ത്രീകൾക്ക് നൽകിയിരുന്നത്. ശരാശരി 25 ഇടപാടുകാർ ഒരു ദിവസം ഫ്ലാറ്റിൽ എത്തിയിരുന്നു. നടത്തിപ്പുകാരി ദിവസേന അരലക്ഷത്തിലേറെ രൂപ ലഭിച്ചിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം.
രണ്ടു വർഷം മുമ്പാണ് സംഘം ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. ഒരുമാസമായി ഫ്ലാറ്റ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പരിസര വാസികളുടെ പരാതിയെ തുടർന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു. നടത്തിപ്പുകാരായ വയനാട് ഇരുളം സ്വദേശി ബിന്ദു, ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് കരുവൻ തുരുത്തി ഉപേഷ് എന്നിവരെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്.സംഘത്തിന് മറ്റ് കേന്ദ്രങ്ങളുണ്ടോ എന്നറിയാൻ പൊലീസ് പരിശോധന നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |