വിഴിഞ്ഞം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം.എസ്.സി ഐറിന നങ്കൂരമിട്ടതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി മാരിടൈം ഭൂപടത്തിൽ വർണലിപികളാൽ എഴുതിച്ചേർക്കപ്പെട്ടു. ദക്ഷിണേഷ്യൻ തുറമുഖത്ത് ഐറീന അടുക്കുന്നത് ആദ്യമാണ്.
ജല സല്യൂട്ട് നൽകിയാണ് ഇന്നലെ കപ്പലിനെ തുറമുഖത്തടുപ്പിച്ചത്. രാവിലെ 9.15ഓടെ ബെർത്തിലെത്തി മൂറിംഗ് പൂർത്തിയാക്കി. സിംഗപ്പൂരിൽ നിന്നെത്തിയ കപ്പലിന്റെ ക്യാപ്‌റ്റൻ തൃശൂർ സ്വദേശിയായ വില്ലി ആന്റണിയാണ്.
കഴിഞ്ഞ 3 മുതൽ പുറംകടലിൽ കാത്തുകിടന്ന കപ്പലിന്റെ നിയന്ത്രണം ഇന്നലെ രാവിലെ ഏഴോടെ തുറമുഖത്തെ പൈലറ്റ് ക്യാപ്റ്റൻ നിർമൽ സഖറിയ ഏറ്റെടുത്തു. അദ്ദേഹത്തിന്റെയും ക്യാപ്റ്റൻ തുഷാർ കിനിത്കറിന്റെയും നേതൃത്വത്തിലാണ് കപ്പലിനെ ബെർത്തിലെത്തിച്ചത്. ടഗുകളുപയോഗിച്ച് അനായാസം അടുപ്പിച്ചു.
തുറമുഖ കമ്പനി എം.ഡി ദിവ്യ എസ്. അയ്യർ ക്യാപ്റ്റൻ വില്ലിയെ സ്വാഗതം ചെയ്തു. രണ്ട് ദിവസം കപ്പൽ തുറമുഖത്തുണ്ടാവും. 4000 കണ്ടെയ്നറുകൾ ഇറക്കാനുണ്ട്. 3000ത്തോളം കണ്ടെയ്നറുകളുമായി നാളെ സ്പെയിനിലെ വലൻസിയ പോർട്ടിലേക്ക് മടങ്ങും. 35ജീവനക്കാരാണ് കപ്പലിലുള്ളത്. സിംഗപ്പൂരിൽ നിന്ന് ചൈന, കൊറിയ വഴി വീണ്ടും സിംഗപ്പൂരിലെത്തിയിട്ടാണ് വിഴിഞ്ഞത്തേക്ക് വന്നത്.
ഐറീന ഉൾപ്പെടെ അൾട്രാ ലാർജ് വെസൽ ഇനത്തിൽപെട്ട മൂന്ന് കപ്പലുകൾ വിഴിഞ്ഞത്തെത്തി.
എം.എസ്.സി തുർക്കി, എം.എസ്.സി മൈക്കിൾ കാപ്പിലേനി എന്നിവയാണ് മറ്റുള്ളവ.
349-ാം കപ്പൽ
വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന 349 -ാമത്തെ കപ്പലാണ് എം.എസ്.സി.ഐറിന. ഇതുവരെ തുറമുഖത്ത് 7.33 ലക്ഷം കണ്ടയ്നറുകൾ കൈകാര്യം ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലിനെ വിഴിഞ്ഞം തുറമുഖത്തേക്ക് സ്വാഗതം ചെയ്യുന്നതിൽ അഭിമാനമുണ്ട്. ആഗോള ട്രാൻസ്ഷിപ്പ്മെന്റിൽ ഒരു പ്രധാന പങ്കാളിയായി വിഴിഞ്ഞം മാറും
- കരൺ അദാനി
എം.ഡി, അദാനി പോർട്സ്
4 ഫുട്ബോൾ ഗ്രൗണ്ട്
ചേർത്തുവച്ചപോലെ
ഫിഫയുടെ മാനദണ്ഡപ്രകാരം നിർമ്മിച്ച നാല് ഫുട്ബാൾ ഗ്രൗണ്ടുകളുടെ വലിപ്പമുണ്ട് ഐറിനയ്ക്ക്
ഏഷ്യയ്ക്കും യൂറോപ്പിനുമിടയിലെ കണ്ടെയ്നർ നീക്കമാണ് കപ്പലിന്റെ പ്രധാന ദൗത്യം
24,346
കണ്ടെയ്നർശേഷി
399.9
മീറ്റർ നീളം
61.3
മീറ്റർ വീതിം
2003
മാർച്ചിൽ നീറ്റിലിറക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |